പാരിസ് ∙ ലോകത്തെ ഏറ്റവും വിഖ്യാതമായ മ്യൂസിയങ്ങളിലൊന്നാണ് ലൂവ്ര്. ഫ്രാൻസിന്റെ തലസ്ഥാനമായ പാരിസിന്റെ ചരിത്രപ്രധാനമായ അടയാളമുദ്ര.
അമൂല്യ കലാവസ്തുക്കൾ അടക്കമുള്ളവയുടെ ശേഖരമുള്ള ലൂവ്ര് ലോകമെമ്പാടും നിന്നുള്ള കലാസ്വാദകരുടെയും വിനോസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടം കൂടിയാണ്.
ലൂവ്രിന്റെ ശേഖരത്തിലെ പല വസ്തുക്കൾക്കും വിലയിടാൻ പോലുമാവാത്തത്ര മൂല്യമുണ്ട്. അതുകൊണ്ടുതന്നെ പലവട്ടം കവർച്ചക്കാർ ലൂവ്രിനെ ലക്ഷ്യമിട്ടിട്ടുമുണ്ട്.
അതിൽ ഒടുവിലത്തേതാണ് കഴിഞ്ഞ ദിവസം നടന്ന രത്നക്കവർച്ച. നെപ്പോളിയൻ ചക്രവർത്തിയുടെയും ഭാര്യ യുജീൻ ചക്രവർത്തിനിയുടെയും അമൂല്യരത്നങ്ങളും ആഭരണങ്ങളുമാണ് പട്ടാപ്പകൽ നാലംഗസംഘം .
ലോകത്തെത്തന്നെ ഞെട്ടിച്ച കവർച്ചകൾ മുൻപും ലൂവ്രിലുണ്ടായിട്ടുണ്ട്. ലിയനാർഡോ ഡാവിഞ്ചിയുടെ വിശ്വവിഖ്യാത ചിത്രം മൊണാലിസ അടക്കം അവിടെനിന്നു കവർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
‘അവളെ തിരിച്ചെത്തിക്കാൻ’ നടത്തിയ കവർച്ച
1911 ഓഗസ്റ്റ് 21 നാണ് ലോകത്തെയാകെ ഞെട്ടിച്ച് മോണാലിസ ലൂവ്രിൽനിന്ന് അപ്രത്യക്ഷമായത്.
മ്യൂസിയം അടച്ചിട്ട് ഫ്രഞ്ച് പൊലീസ് വ്യാപകമായ അന്വേഷണമാരംഭിച്ചു. വിഖ്യാത ശിൽപി പാബ്ലോ പിക്കാസോ അടക്കമുള്ളവരെ പോലും ചോദ്യം ചെയ്തതായാണ് പറയപ്പെടുന്നത്.
പക്ഷേ ചിത്രത്തെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. രണ്ടു വർഷത്തിനു ശേഷം 1913 ഡിസംബർ 12 ന് ഇറ്റാലിയൻ പൊലീസാണ് ഇറ്റലിയിലെ ഫ്ലോറൻസിൽവച്ച് വിൻചെൻസോ പെറൂജിയ എന്നയാളെ മോണാലിസ മോഷ്ടിച്ചതിന് അറസ്റ്റ് ചെയ്തത്.
ഒരു കലാവസ്തുവ്യാപാരി നൽകിയ വിവരമനുസരിച്ചായിരുന്നു
അയാൾക്കു മൊണാലിസ വിൽക്കാൻ പെറൂജിയ ശ്രമിച്ചിരുന്നു. പെറൂജിയയെ ചോദ്യം ചെയ്തപ്പോഴാണ് ആ മോഷണത്തിന്റെ വിശദവിവരങ്ങൾ പൊലീസിനു കിട്ടിയത്.
വടക്കൻ ഇറ്റലിയിലെ വരേസ് സ്വദേശിയായ പെറൂജിയ ജോലി തേടിയാണ് ഫ്രാൻസിലെത്തിയത്.
ചിത്രകാരനായിരുന്ന അയാൾക്ക് ലൂവ്രിൽ ജോലി കിട്ടി. പ്രദർശനവസ്തുക്കളുടെ കണ്ണാടിക്കവചങ്ങളും മറ്റും വൃത്തിയാക്കുന്ന ഗ്ലേസിയറായാണ് ജോലിക്കു കയറിയത്.
അങ്ങനെയാണ് അയാളുടെ കണ്ണിൽ മൊണാലിസ പെട്ടതും അതു മോഷ്ടിക്കാൻ തീരുമാനിച്ചതും. ഒരു ഒഴിവുദിവസം ലൂവ്രിൽ പതിവുപോലെ ജോലിക്കെത്തിയ അയാൾ ആരുടെയും കണ്ണിൽപെടാതെ ചിത്രം എടുത്ത് അതിന്റെ ഫ്രെയിമിൽനിന്ന് ഇളക്കി ചുരുട്ടി തന്റെ കോട്ടിനുള്ളിൽ ഒളിപ്പിച്ചു.
പിന്നെ ജോലിസമയം കഴിഞ്ഞ് പതിവുപോലെ പുറത്തേക്കു പോയി. പിറ്റേന്ന് മോഷണവിവരം പുറത്തായപ്പോൾ പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും മോഷ്ടാവിനെപ്പറ്റി ഒരു സൂചന പോലും കിട്ടിയില്ല.
അതേസമയം, പാരിസിലെ തന്റെ വാടകമുറിയിൽ ഒരു പെട്ടിയിൽ അത് ഒളിപ്പിച്ചിരിക്കുകയായിരുന്നു പെറൂജിയ. രണ്ടു വർഷം അയാൾ അത് അവിടെ സൂക്ഷിച്ചു.
നഗരവും പരിസരവുമാകെ തിരഞ്ഞ് അയൽരാജ്യങ്ങളിൽ പോലും ഫ്രഞ്ച് പൊലീസ് മൊണാലിസയ്ക്കും അതിന്റെ മോഷ്ടാവിനുമായി തിരച്ചിൽ നടത്തുമ്പോൾ അവരുടെ കയ്യകലത്തിൽ അത് രണ്ടുവർഷം ഒളിപ്പിച്ചുവച്ചു പെറൂജിയ. 1913 ൽ പെയ്ന്റിങ് ഇറ്റലിയിലേക്കു കടത്തിയ പെറൂജിയ അത് വിൽക്കാൻ ഒരു കലാവസ്തു വ്യാപാരിയെ സമീപിച്ചു.
മോഷണവസ്തു മോണാലിസയാണെന്നു കണ്ട വ്യാപാരി ഭയന്ന് അറിയിക്കുകയായിരുന്നു.
അറസ്റ്റിലായപ്പോൾ, താൻ ഇറ്റലിയുടെ അഭിമാനം സംരക്ഷിക്കാനാണ് മോണാലിസ കടത്തിക്കൊണ്ടുവന്നതെന്നായിരുന്നു പെറൂജിയയുടെ വാദം. ഇറ്റലിക്കാരനായ ഡാവിഞ്ചിയുടെ മാസ്റ്റർപീസ് ഇറ്റലിയിലാണ് ഉണ്ടാവേണ്ടത്, അതിനാൽ ‘അവളെ വീട്ടിലേക്കു തിരികെ കൊണ്ടുവരികയായിരുന്നു’ താൻ ചെയ്തതെന്നും പെറൂജിയ പറഞ്ഞു.
ഫ്രാൻസിലെ ഫ്രാൻസിസ് ഒന്നാമൻ രാജാവ് അനധികൃതമായി മോണാലിസ ഫ്രാൻസിലേക്കു കൊണ്ടുപോയതാണെന്നും അയാൾ വാദിച്ചു. അതോടെ പെറൂജിയയ്ക്ക് ഇറ്റലിയിൽ രാജ്യസ്നേഹിയുടെ പരിവേഷം കിട്ടി.
പക്ഷേ മോഷണക്കുറ്റത്തിന് അയാൾ ശിക്ഷിക്കപ്പെട്ടു. ഏഴുമാസത്തെ ശിക്ഷയ്ക്കു ശേഷം പുറത്തിറങ്ങി സൈന്യത്തിൽ ചേർന്ന പെറൂജിയ ഒന്നാംലോകയുദ്ധത്തിൽ പങ്കെടുക്കുകയും ചെയ്തു.
മോണാലിസ തിരികെ ലൂവ്രിലുമെത്തി.
ഇന്നും നിഗൂഢമായ മോഷണം
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലൂവ്രിൽ നടന്ന ഏറ്റവും വലിയ കവർച്ചകളിലൊന്നാണ് പ്രശസ്ത ഫ്രഞ്ച് ചിത്രകാരൻ ഷോൻ ബപ്റ്റീസ് കമീ കോഹോയുടെ ലു ഷെമിൻ ദ് സെവ്രൂ (ദ് റോഡ് ടു സെവ്രൂ) എന്ന ലാൻഡ്സ്കേപ് പെയ്ന്റിങ്ങിന്റേത്.
1998 മേയ് മൂന്ന് ഞായറാഴ്ചയായിരുന്നു മോഷണം നടന്നത്. ഭിത്തിയിൽ പെയ്ന്റിങ് തൂക്കിയിരുന്ന ആണികളും കൊളുത്തുകളും ശ്രദ്ധാപൂർവം ഇളക്കിയെടുത്തായിരുന്നു മോഷണം.
സന്ദർശന സമയത്താണ് മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. കാരണം ബലം പ്രയോഗിച്ചോ വാതിലുകൾ തകർത്തോ ഉള്ളിൽ കടന്നതിന്റെ ലക്ഷണങ്ങളൊന്നുമില്ലായിരുന്നു.
മ്യൂസിയത്തെപ്പറ്റി നല്ല ധാരണയുള്ളവരാണ് മോഷ്ടാക്കളെന്നു കരുതുന്നു. കാൻവാസ് ഫ്രെയിമിൽനിന്നു മുറിച്ചെടുത്താണ് കടത്തിയത്.
ഫ്രെയിം പിന്നീടു കണ്ടെടുത്തു. ഇതുവരെ മോഷ്ടാക്കളെപ്പറ്റിയോ പെയ്ന്റിങ്ങിനെപ്പറ്റിയോ ഒരു വിവരവുമില്ല.
ചിത്രം കരിഞ്ചന്തയിൽ വിൽക്കപ്പെട്ടിരിക്കാമെന്നും യൂറോപ്പിനു പുറത്തുള്ള ആരുടെയെങ്കിലും സ്വകാര്യ ശേഖരത്തിലുണ്ടായിരിക്കാമെന്നുമാണ് അന്വേഷകർ കരുതുന്നത്.
കാണാതെ പോയ പടച്ചട്ടകൾ; 38 വർഷത്തിനു ശേഷം തിരിച്ചുവരവ്
1983 മേയ് 31 നാണ് ലുവ്രിനെ ഞെട്ടിച്ച മറ്റൊരു കവർച്ച തിരിച്ചറിഞ്ഞത്. 16 ാം നൂറ്റാണ്ടിൽ ഇറ്റലിയിലെ മിലാനിൽ നിർമിച്ച രണ്ടു പടച്ചട്ടകളാണ് മോഷ്ടിക്കപ്പെട്ടത്.
നവോത്ഥാനകാലത്തെ നിർമാണ വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണങ്ങളായ, സ്വർണവും വെള്ളിയും കൊണ്ട് അലങ്കരിക്കപ്പെട്ട ഇവ ലൂവ്രിലെ ഡെക്കറേറ്റീവ് ആർട്സ് ഡിപ്പാർട്ട്മെന്റിലാണ് സൂക്ഷിച്ചിരുന്നത്.
സന്ദർശകരില്ലാത്ത സമയത്തു മ്യൂസിയത്തിൽ കടന്ന മോഷ്ടാക്കൾ, പടച്ചട്ടകൾ സൂക്ഷിച്ചിരുന്ന ചില്ലുപേടകങ്ങൾ തുറന്നാണ് കവർച്ച നടത്തിയത്.
പേടകങ്ങൾ തകർക്കാതെ താക്കോലോ മറ്റോ ഉപയോഗിച്ചു തുറന്നതിനാൽ മോഷ്ടാക്കൾക്ക് മ്യൂസിയം ജീവനക്കാരിൽ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാവാമെന്നും അന്വേഷകർ സംശയിച്ചു. പക്ഷേ ദശകങ്ങളോളം ഒരു തുമ്പും കിട്ടിയില്ല.
38 വർഷത്തിനു ശേഷം പടച്ചട്ടകൾ തിരികെക്കിട്ടിയതു വളരെ നാടകീയമായായിരുന്നു.
2021 ജനുവരിയിൽ ഫ്രാൻസിലെ ബോർദോയിൽ, കലാവസ്തുക്കൾ ശേഖരിക്കുന്ന ഒരാൾ മരിച്ചുപോയി. അയാളുടെ ശേഖരത്തിലെ ചില വസ്തുക്കൾ യഥാർഥമാണോ എന്നു സംശയം തോന്നിയ അനന്തരാവകാശികൾ പൊലീസിന്റെ സഹായം തേടി.
പൊലീസ് വിദഗ്ധരുമായെത്തി പരിശോധിച്ചപ്പോഴാണ് 38 വർഷം മുൻപു ലൂവ്രിൽനിന്നു മോഷണം പോയ പടച്ചട്ടകളും അതിലുണ്ടെന്നു മനസ്സിലായത്. അതു സൂക്ഷിച്ചിരുന്നയാൾ മരിച്ചതിനാൽ അത് എങ്ങനെ അയാളുടെ കയ്യിലെത്തിയെന്നു മനസ്സിലാക്കാനുമായില്ല.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

