തിരുവനന്തപുരം: കഴക്കൂട്ടത്ത് വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. മധുര സ്വദേശിയായ ബഞ്ചമിനാണ് അക്രമി.
പീഡനത്തിനിരയായ പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. മോഷണശ്രമത്തിനിടെയാണ് ഇയാൾ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയെ പീഡിപ്പിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. മധുരയിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയോടെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു.
തമിഴ്നാട്ടിലെ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ബഞ്ചമിൻ. മധുരയിൽ നിന്ന് സാഹസികമായാണ് പോലീസ് ബഞ്ചമിനെ പിടികൂടിയത്.
വ്യാഴാഴ്ച വൈകുന്നേരം കഴക്കൂട്ടത്ത് ലോറിയിലെ സാധനങ്ങൾ ഇറക്കിയ ശേഷം വാഹനത്തിൽത്തന്നെ കിടന്നുറങ്ങിയ പ്രതി, രാത്രിയോടെ മോഷ്ടിക്കാനായി പുറത്തിറങ്ങുകയായിരുന്നു. ആദ്യം രണ്ട് ഹോസ്റ്റലുകളിൽ കയറി 500 രൂപയും ഒരു ഇയർപോഡും മോഷ്ടിച്ചു.
പിന്നീട്, കാര്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്ത മറ്റൊരു ഹോസ്റ്റലിൽ അതിക്രമിച്ചു കയറി. ഇവിടെ മുറി തള്ളിത്തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ ബഞ്ചമിൻ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കൃത്യം നടത്തിയ ശേഷം പുലർച്ചെ ലോറിയുമായി ഒരു സർവീസ് സെന്ററിലെത്തിയ പ്രതി അവിടുത്തെ ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പോലീസിനെ ഈ സർവീസ് സെന്ററിലെത്തിച്ചത്.
ഇവിടെ നിന്നുള്ള ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയുടെ മുഖം വ്യക്തമായത്. തുടർന്ന് ലോറി കൊല്ലം, തേനി വഴി മധുരയിലേക്ക് പോയതായി കണ്ടെത്തിയ പോലീസ് സംഘം അവിടെയെത്തി.
റോഡരികിൽ പാർക്ക് ചെയ്ത ലോറിയിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ച് വാഹനം മാറ്റിയിടാൻ ആവശ്യപ്പെട്ടു.
ഇതനുസരിച്ച് ലോറിക്ക് സമീപമെത്തിയ ബഞ്ചമിൻ, പോലീസിനെ കണ്ട് സംശയം തോന്നി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. കിലോമീറ്ററുകളോളം പിന്തുടർന്നാണ് ഷാഡോ പോലീസ് സംഘം ഇയാളെ കീഴടക്കിയത്.
ആറ്റിങ്ങൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

