
മുംബൈ: ഗ്ലോബൽ മാരിടൈം ഇന്ത്യ സമ്മിറ്റ് 2023ല്‍ പുരസ്കാരങ്ങള്‍ നേടി കേരളത്തിന്റെ സ്വന്തം കൊച്ചി വാട്ടർ മെട്രോ. രണ്ട് അവാര്‍ഡുകളാണ് കരസ്ഥമാക്കിയത്. കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 17 മുതൽ19 വരെ മുംബൈയിൽ വച്ച് നടന്ന ഗ്ലോബൽ മാരിടൈം ഇന്ത്യ സമ്മിറ്റിൽ കൊച്ചി വാട്ടർ മെട്രോയുടെ തിളക്കമുള്ള നേട്ടം. അന്താരാഷ്ട്ര മാരിടൈം ഏജൻസികളുടെ സംഗമത്തിൽ സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ രണ്ട് അവാർഡുകളാണ് കരസ്ഥമാക്കിയത്.
ഫെറി സർവ്വീസുകളിലെ മികവിനും ഉൾനാടൻ ജലപാതകളെ ബന്ധപ്പിച്ചുള്ള നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ച സേവനങ്ങളും സൗകര്യങ്ങളും നൽകുന്ന ടെർമിനലുകൾ ഒരുക്കിയതിനുമുള്ള അവാർഡുകളാണ് കൊച്ചി വാട്ടർ മെട്രോ സ്വന്തമാക്കിയത്. കേന്ദ്രമന്ത്രിമാരായ പീയുഷ് ഗോയൽ, ശ്രീപദ് നായിക് എന്നിവരിൽ നിന്ന് കൊച്ചി വാട്ടർ മെട്രോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. സാജൻ പി ജോൺ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
സർവ്വീസ് ആരംഭിച്ച് ആറ് മാസത്തിനകം 10 ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. അന്താരാഷ്ട്ര തലത്തിലെ മാരിടൈം മേഖലകളിലെ പ്രമുഖർ പങ്കെടുത്ത മൂന്ന് ദിവസം നീണ്ട് നിന്ന ഉച്ചകോടി വഴി രാജ്യത്തെ മാരിടൈം മേഖലക്ക് മികച്ച പിന്തുണയാണ് ലഭിച്ചത്. മാരിടൈം മേഖലയിൽ 8.35ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഉറപ്പ് ലഭിച്ചത്. 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുത്തു.
അതേസമയം, വളരെ ചുരുങ്ങിയ സമയം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരെന്ന അഭിമാന നേട്ടം സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ഗതാഗത മേഖലയിൽ കേരളം ലോകത്തിന് മുന്നിൽ വച്ച അഭിമാന പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. 2016ൽ നിർമാണം തുടങ്ങി മൂന്ന് വർഷം കൊണ്ട് ജനങ്ങൾക്ക് സമർപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും യാഥാർത്ഥ്യമായപ്പോൾ 2023 ആയി. ആദ്യ ഘട്ടത്തിൽ എട്ട് ബോട്ടുകളാണ് സർവീസ് നടത്തിയത്. കഴിഞ്ഞ മാസം പത്താമത്തെ ബോട്ടും കൊച്ചിൻ ഷിപ്പ്യാർഡ് നിർമ്മാണം പൂർത്തിയാക്കി കൈമാറി.
Last Updated Oct 19, 2023, 8:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]