ഇരിട്ടി: ആറളം, കൊട്ടിയൂർ വനമേഖലയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്. മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടായിരുന്ന സ്ഥലങ്ങളും ഹെലികോപ്റ്ററിൽ നിരീക്ഷണം നടത്തി
. വയനാട് തലപ്പുഴ കമ്പമലയിൽ വനം വികസന കോർപ്പറേഷന്റെ ഡിവിഷൻ ഓഫീസ് മാവോയിസ്റ്റുകൾ അടിച്ചു തകർത്തിരുന്നു . അതിനു ശേഷമാണ് മാവോയിസ്റ്റുകളെ പിടികൂടുവാനുള്ള നടപടി ശക്തമാക്കിയത്. പരിശോധനയുടെ ഭാഗമായി ഡ്രോൺ പരിശോധനയും വാഹന പരിശോധനയും നടത്തിയതിന് പിന്നാലെയാണ് ഹെലികോപ്റ്ററിലും വനമേഖലയിൽ പരിശോധന നടത്തിയത്.ഇരിട്ടി എ.എസ്.പി തപോഷ് ബസുമതാരി, പേരാവൂർ ഡിവൈ.എസ്.പി എ.വി ജോൺ, ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥരും മാവോയിസ്റ്റ് വിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. വരുംദിവസങ്ങളിലും ഈ മേഖലയിൽ ഹെലികോപ്റ്ററിൽ നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.