ദില്ലി : ഭീകരവാദത്തെ നേരിടുന്നതിൽ ഇന്ത്യ ഇസ്രയേലിനൊപ്പമെന്ന് വിദേശകാര്യമന്ത്രാലയം. ഇസ്രയേലിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും ഇതിൽ ഉറച്ചു നില്ക്കുന്നതായും വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഭീകരവാദത്തെ നേരിടുന്നതിൽ ഇസ്രയേലിനൊപ്പം നിൽക്കും. അതേ സമയം, എല്ലാ മാനുഷിക ചട്ടങ്ങളും പാലിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
പശ്ചിമേഷ്യയിലെ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണച്ച ആദ്യ രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. ഹമാസിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ തരം ഭീകരവാദത്തെയും എതിർക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ പലസ്തീനിലിലെ ഇസ്രയേലിന്റെ ആക്രമണത്തെയും അധിനിവേശത്തെയും അപലപിക്കണമെന്ന കാലങ്ങളായുള്ള നിലപാട് ഇന്ത്യ തുടരണമെന്ന നിലപാട് കോൺഗ്രസ് അടക്കം പല പ്രതിപക്ഷ പാർട്ടികളും ശക്തമാക്കുകയാണ്. യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടണമെന്ന് എൻസിപി നേതാവ് ശരദ് പവാറും, കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ നിലപാടിനെ ശക്തമായി ന്യായീകരിച്ച് മുതിർന്ന ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ലോകത്തെവിടെയായാലും ഭീകരവാദത്തെ എതിർക്കണമെന്നും, ശരദ് പവാറിനെ പോലുള്ള നേതാക്കൾ നയം തിരുത്തുമെന്നാണ് കരുതുന്നതെന്നും പിയൂഷ് ഗോയൽ പറഞ്ഞു.ഭീകരവാദത്തോടുള്ള സമീപനത്തിൽ രാഷ്ട്രീയം കൂട്ടിക്കുഴയ്ക്കരുതെന്ന് നിതിൻ ഗഡ്കരിയും പ്രതികരിച്ചു. ശരദ് പവാർ മകളും എംപിയുമായ സുപ്രിയസുലെയെ ഗാസയിലേക്ക് പോരാടാൻ അയക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പരിഹസിച്ചു.
ഗാസയിൽ അഞ്ഞൂറിലേറെ പേർ മരിച്ച ആശുപത്രിയിലെ സ്ഫോടനത്തിന് ശേഷം സംഘർഷം അവസാനിപ്പിക്കണം എന്ന നിലപാടിലേക്ക് അറബ് രാജ്യങ്ങൾ എത്തിയിട്ടുണ്ട്. മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. എന്നാൽ ഇന്ത്യ ഈ നയം കൈക്കൊള്ളാൻ ഇതുവരെ തയ്യാറായിട്ടില്ല.
Last Updated Oct 19, 2023, 5:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]