ദില്ലി: അമേരിക്കയുടെ എച്ച്-1 ബി വിസ പദ്ധതിയിൽ നിർദ്ദേശിച്ചിട്ടുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഇന്ത്യ. ഈ നീക്കത്തിന്റെ പൂർണ്ണമായ പ്രത്യാഘാതങ്ങൾ ഇന്ത്യൻ വ്യവസായ മേഖല ഉൾപ്പെടെയുള്ളവർ പഠിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
സാങ്കേതികവിദ്യയുടെയും സാമ്പത്തിക വളർച്ചയുടെയും കാര്യത്തിൽ വിദഗ്ധ തൊഴിലാളികൾ നൽകിയ സംഭാവനകൾ വലുതാണെന്ന് ഓർമ്മിപ്പിച്ച ഇന്ത്യ, പുതിയ നിയന്ത്രണങ്ങൾ കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക യുഎസ് പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. യുഎസ് എച്ച്-1 ബി വിസ പദ്ധതിയിലെ നിയന്ത്രണങ്ങളെക്കുറിച്ച് സെപ്റ്റംബർ 20-ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
പുതിയ നീക്കം ഇന്ത്യൻ വ്യവസായ മേഖലയ്ക്ക് വെല്ലുവിളിയാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക വിദ്യയിലും നൂതന ആശയങ്ങളിലും ഇന്ത്യയ്ക്കും അമേരിക്കയ്ക്കും പൊതുവായ താൽപ്പര്യങ്ങളുള്ളതിനാൽ, ഇരു രാജ്യങ്ങളും കൂടിയാലോചനകളിലൂടെ ഒരുമിച്ച് മുന്നോട്ട് പോകാനുള്ള വഴികൾ കണ്ടെത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലും അമേരിക്കയിലും സാങ്കേതിക വികസനം, നൂതനാശയങ്ങൾ, സാമ്പത്തിക വളർച്ച, മത്സരശേഷി എന്നിവയ്ക്ക് വിദഗ്ധരായ പ്രൊഫഷണലുകൾ വലിയ സംഭാവനകൾ നൽകിയിട്ടുണ്ട്. നയരൂപീകരണം നടത്തുമ്പോൾ ഈ പരസ്പര നേട്ടങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ജനകീയ ബന്ധങ്ങളും അധികൃതർ കണക്കിലെടുക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിച്ചു.
പുതിയ നിയന്ത്രണങ്ങൾ കുടുംബങ്ങളെ ദോഷകരമായി ബാധിക്കുന്നതിലൂടെ മാനുഷിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. ഈ വിഷയത്തിൽ യുഎസ് അധികൃതർ ഉചിതമായ പരിഹാരം കണ്ടെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]