ഇന്ത്യയിലെ ജീവിതം ദുസ്സഹമായതിനാൽ കാനഡയിലേക്ക് തിരികെ പോകുന്നുവെന്ന ഇന്ത്യൻ യുവാവിൻ്റെ സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു. ഒരു വർഷം മുൻപ് കാനഡയിൽ നിന്നും ഗുജറാത്തിലെ നവ്സാരിയിലുള്ള തൻ്റെ നാട്ടിലേക്ക് മടങ്ങിയെത്തിയ യുവാവാണ് റെഡ്ഡിറ്റിൽ തൻ്റെ അനുഭവം പങ്കുവെച്ചത്.
ദൈനംദിന ജീവിതത്തിലെ വെല്ലുവിളികൾ കാരണം ഒരു വർഷത്തോളമെടുത്താണ് കാനഡയിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്ന് യുവാവ് പറയുന്നു. മാതാപിതാക്കൾക്കൊപ്പം താമസിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയിലേക്ക് വന്നതെന്നും എന്നാൽ ഇന്ത്യ തനിക്ക് ജീവിക്കാൻ അനുയോജ്യമായ സ്ഥലമല്ലെന്ന് പല അനുഭവങ്ങളിലൂടെയും ബോധ്യപ്പെട്ടുവെന്നും യുവാവ് വ്യക്തമാക്കുന്നു.
തൻ്റെ ജീവിതം ദുസ്സഹമാക്കിയ നിരവധി കാരണങ്ങൾ യുവാവ് കുറിപ്പിൽ വിശദീകരിക്കുന്നു. വായുമലിനീകരണമാണ് ഇതിൽ പ്രധാനപ്പെട്ടത്.
ഇതുമൂലം കണ്ണുകൾക്ക് നിരന്തരം അസ്വസ്ഥത അനുഭവപ്പെടുന്നതായും വീടിനുള്ളിൽ തന്നെ കഴിയാൻ നിർബന്ധിതനാകുന്നതായും അദ്ദേഹം പറയുന്നു. പുറത്തുനിന്നുള്ള ഭക്ഷണത്തിൻ്റെ ഗുണനിലവാരമില്ലായ്മയും ശുചിത്വക്കുറവുമാണ് മറ്റൊരു പ്രധാന പ്രശ്നം.
മോശം റോഡുകൾ, അപകടകരമായ ഡ്രൈവിംഗ്, റോഡിലെ തർക്കങ്ങൾ എന്നിവ വാഹനമോടിക്കുന്നത് ഏറെ ക്ലേശകരമാക്കിയെന്നും കുറിപ്പിൽ പറയുന്നു. ഉത്സവകാലങ്ങളിലെ അമിതമായ ശബ്ദമലിനീകരണം, രാഷ്ട്രീയവും ജാതീയവുമായ സംഘർഷങ്ങൾ, അനാരോഗ്യകരമായ മത്സരങ്ങൾ എന്നിവയും ഇന്ത്യയിലെ ജീവിതം മടുക്കാൻ കാരണമായതായി യുവാവ് പറയുന്നു.
യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി, ചൂതാട്ട ഉപയോഗം, ഉയർന്ന വിദ്യാഭ്യാസച്ചെലവ്, അടക്കുന്ന നികുതിക്ക് അനുസരിച്ചുള്ള സേവനങ്ങൾ ലഭിക്കാത്ത സാഹചര്യം എന്നിവയും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ ഈ കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിവെച്ചു. യുവാവ് ഉന്നയിച്ച മലിനീകരണം, ഗതാഗതക്കുരുക്ക്, ശുചിത്വമില്ലായ്മ, വർധിച്ച വിദ്യാഭ്യാസച്ചെലവ് തുടങ്ങിയ പ്രശ്നങ്ങൾ തങ്ങളെയും ബാധിക്കുന്നുണ്ടെന്ന് പലരും കമൻ്റുകളിലൂടെ പ്രതികരിച്ചു.
യുവാവിൻ്റെ തിരികെ പോകാനുള്ള തീരുമാനത്തെ ഒരുവിഭാഗം പിന്തുണച്ചപ്പോൾ, വ്യക്തിപരമായ കാരണങ്ങളാൽ സ്വന്തം രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെട്ടു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]