തൃശൂർ: ഉറങ്ങിക്കിടന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിനി പാമ്പുകടിയേറ്റ് ദാരുണമായി മരിച്ചു. എങ്ങണ്ടിയൂർ പുളിയംതുരുത്തിൽ താമസിക്കുന്ന തച്ചാട് വീട്ടിൽ നന്ദു – ലക്ഷ്മി ദമ്പതികളുടെ മകൾ അനാമിക (6) ആണ് മരിച്ചത്.
തളിക്കുളം പത്താംകല്ല് സി.എം.എസ്.യു.പി സ്കൂളിലെ വിദ്യാർത്ഥിനിയാണ്. പുളിയംതുരുത്തിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു അനാമികയുടെ നിർധനരായ കുടുംബം.
കൂലിപ്പണിക്കാരനായ നന്ദുവിനും ഭാര്യ ലക്ഷ്മിക്കും അനാമികയെ കൂടാതെ രണ്ട് മക്കൾ കൂടിയുണ്ട്. ഷീറ്റ് മേഞ്ഞ ഇവരുടെ വീടിന് ചുറ്റും കാടുപിടിച്ച നിലയിലാണ്.
ഈ പ്രദേശത്ത് അണലിയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം ഒരു പാമ്പിനെ വീട്ടുകാർ തല്ലിക്കൊന്നിരുന്നു.
ചൊവ്വാഴ്ച രാത്രി ഉറങ്ങുന്നതിനിടെയാണ് കുട്ടിക്ക് പാമ്പുകടിയേറ്റതെന്നാണ് കരുതുന്നത്. ചൊവ്വാഴ്ച രാത്രി മുത്തച്ഛനോടൊപ്പം ഉറങ്ങാൻ കിടന്ന കുട്ടി, പുലർച്ചയോടെ കാലിനും വയറിനും വേദനയുണ്ടെന്ന് പറഞ്ഞ് കരയുകയായിരുന്നു.
ഉടൻതന്നെ മാതാപിതാക്കൾ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പാമ്പുകടിയേറ്റതിൻ്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ല. പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്ക് മടക്കി.
എന്നാൽ വ്യാഴാഴ്ച രാവിലെ അനാമിക തീർത്തും അവശയായതോടെ ചാവക്കാട്ടെ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിശോധനകളിൽ പാമ്പുകടിയേറ്റതിൻ്റെ പാടുകൾ കണ്ടെത്താൻ കഴിയാതിരുന്നത് ചികിത്സ വൈകാൻ കാരണമായി.
പിന്നീട് മെഡിക്കൽ കോളേജിൽ നടത്തിയ വിശദമായ പരിശോധനയിലാണ് അണലിയുടെ വിഷം ശരീരത്തിൽ വ്യാപിച്ചതായി സ്ഥിരീകരിച്ചത്. കുട്ടിയെ ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൃക്കകളുടെ പ്രവർത്തനം നിലച്ചിരുന്നു.
തുടർന്ന് രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഏങ്ങണ്ടിയൂർ പുളിഞ്ചോട് താമസിച്ചിരുന്ന കുടുംബം നാല് മാസം മുൻപാണ് ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്.
അനാമികയുടെ മരണത്തിൽ അനുശോചിച്ച് സ്കൂളിന് അവധി നൽകി. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വൈകീട്ട് വിദ്യാലയത്തിൽ പൊതുദർശനത്തിനു വെച്ചു.
വൻ ജനാവലിയാണ് പ്രിയ വിദ്യാർത്ഥിനിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.
ശ്രിഗ, അദ്വിത് എന്നിവർ സഹോദരങ്ങളാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]