ദുബായ്: ഏഷ്യാ കപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഒമാനെതിരെ തകർപ്പൻ അർധസെഞ്ചുറിയുമായി തിളങ്ങി മലയാളി താരം സഞ്ജു സാംസൺ. സഞ്ജുവിൻ്റെ നിർണായക ഇന്നിങ്സിൻ്റെ ബലത്തിൽ ഇന്ത്യ 21 റൺസിൻ്റെ വിജയം സ്വന്തമാക്കി.
മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു 45 പന്തുകളിൽ നിന്ന് മൂന്ന് ബൗണ്ടറികളുടെയും മൂന്ന് സിക്സറുകളുടെയും അകമ്പടിയോടെ 56 റൺസ് നേടി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ സഞ്ജുവിൻ്റെ മികവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒമാന് നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.
ഒമാനെതിരായ മത്സരത്തിനിടെ ടി20 ക്രിക്കറ്റിലെ ഒരു സുപ്രധാന നാഴികക്കല്ലും സഞ്ജു പിന്നിട്ടു. ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ മുൻ നായകൻ എം.എസ്.
ധോണിയെയാണ് സഞ്ജു മറികടന്നത്. 307 മത്സരങ്ങളിൽ നിന്ന് 353 സിക്സറുകളുമായി സഞ്ജു പട്ടികയിൽ നാലാമതെത്തി.
405 മത്സരങ്ങളിൽ നിന്ന് 350 സിക്സറുകൾ നേടിയ ധോണിയെയാണ് പിന്നിലാക്കിയത്. 463 മത്സരങ്ങളിൽ നിന്ന് 547 സിക്സറുകളുമായി രോഹിത് ശർമയാണ് ഈ പട്ടികയിൽ ഒന്നാമത്.
414 മത്സരങ്ങളിൽ നിന്ന് 435 സിക്സറുകളുമായി വിരാട് കോലി രണ്ടാം സ്ഥാനത്തും, 328 മത്സരങ്ങളിൽ നിന്ന് 328 സിക്സറുകളുമായി സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്തുമുണ്ട്. ഇവർക്ക് പിന്നിലായാണ് സഞ്ജുവിൻ്റെ സ്ഥാനം.
ഈ നേട്ടത്തിന് പുറമെ ഇന്ത്യയുടെ ടി20 ജേഴ്സിയിൽ 50 സിക്സറുകൾ എന്ന നേട്ടവും സഞ്ജു പൂർത്തിയാക്കി. രോഹിത് ശർമ, സൂര്യകുമാർ യാദവ്, വിരാട് കോലി, കെ.എൽ.
രാഹുൽ, ഹാർദിക് പാണ്ഡ്യ, യുവരാജ് സിങ്, സുരേഷ് റെയ്ന, എം.എസ്. ധോണി, ശിഖർ ധവാൻ എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ.
മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം സഞ്ജു തൻ്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ചു.
“അസഹനീയമായ ചൂടായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
പുതിയ ഫീൽഡിങ് പരിശീലകന് കീഴിൽ ബ്രോങ്കോ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയിരുന്നു. ക്രീസിൽ കൂടുതൽ നേരം തുടരാനായതിൽ സന്തോഷമുണ്ട്.
ഒമാൻ ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്, പ്രത്യേകിച്ച് പവർപ്ലേയിൽ. അതിൻ്റെ എല്ലാ ബഹുമതിയും അവർക്ക് അവകാശപ്പെട്ടതാണ്.
എൻ്റെ കഴിവുകളിൽ എനിക്ക് വിശ്വാസമുണ്ട്. രാജ്യത്തിനായി ബാറ്റുകൊണ്ട് സംഭാവന നൽകാനാകുന്നത് വലിയ കാര്യമായി കാണുന്നു, അതിനെ ഞാൻ പോസിറ്റീവായി എടുക്കുന്നു,” സഞ്ജു പറഞ്ഞു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]