ദില്ലി: ലബനനിൽ ഹിസ്ബുള്ള ഉപയോഗിച്ചിരുന്ന പേജറുകൾ പൊട്ടിത്തെറിച്ചുള്ള സ്ഫോടനത്തിൽ മലയാളിയുടെ പങ്കിനെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങള്‍ അന്വേഷണം തുടങ്ങിയിരിക്കെ സംഭവത്തിൽ കമ്പനിക്ക് ക്ലീൻ ചിറ്റ് നല്കി ബള്‍ഗേറിയൻ അന്വേഷണ ഏജന്‍സി. റിൻസൺ ജോസ് എന്ന മലയാളിയുടെ ബൾഗേറിയൻ കമ്പനികൾ വഴിയാണ് പേജറുകൾക്ക് പണം എത്തിയതെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. എന്നാൽ കമ്പനി നിയമലംഘനം നടത്തിയതായി തെളിവില്ലെന്ന് ബൾഗേറിയൻ അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
രാജ്യത്തെ നിയമം പാലിച്ചുള്ള പണമിടപാട് മാത്രമാണ് റിന്‍സന്റെ കമ്പനി നടത്തിയിട്ടുള്ളുവെന്നും ഭീകര പട്ടികയിലുള്ള സംഘടനകളുമായോ സ്ഥാപനങ്ങളുമായോ ഇടപാടിന് തെളിവില്ലെന്നും ബള്‍ഗേറിയൻ അന്വേഷണ ഏജന്‍സി അറിയിച്ചു.ലബനനിലെ പേജർ സ്ഫോടനങ്ങളിൽ വയനാട് സ്വദേശിയായ മലയാളി ഉൾപ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നോർവീജിയൻ പൗരത്വമുള്ള റിൻസൺ ജോസിൻറെ നോർട്ട ഗ്ളോബൽ, നോർട്ട ലിങ്ക് എന്നീ കമ്പനികൾ വഴി പേജർ വാങ്ങാനുള്ള പണം കൈമാറിയെന്നാണ് റിപ്പോർട്ട്.
തായ്വാനിലെ ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ ലോഗോ ഉള്ള പേജറുകളാണ് ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ ഇവ നിർമ്മിച്ചിട്ടില്ലെന്നും ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക് ബ്രാൻഡ് നെയിം ഉപയോഗിക്കാനുള്ള അവകാശം നല്‍കിയിരുന്നെന്നും തായ്വാൻ കമ്പനി വിശദീകരിച്ചു. ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത് റിൻസൺ ജോസിന്റെ സ്ഥാപനങ്ങൾ വഴിയാണ്. നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തൻറെ കമ്പനികൾ ബൾഗേറിയയിൽ ആണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോർവേയിലെ ഡിഎൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ റിൻസൺ ജോലി ചെയ്യുന്നുമുണ്ട്.
പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചു എന്നാണ് ഇപ്പോഴത്തെ അനുമാനം. ഏതാണ്ട് 15 കോടി രൂപയാണ് റിൻസൻ വഴി ഹംഗേറിയൻ കമ്പനിക്ക് കൈമാറിയത്. പേജറുകൾ നിർമ്മിച്ചതിലോ സ്ഫോടക വസതുക്കൾ ഇതിൽ നിറച്ച ഇസ്രയേൽ നീക്കത്തിലോ റിൻസണ് പങ്കുള്ളതായി തൽക്കാലം തെളിവില്ല. ഭീകരസംഘടനകളുമായി ഇടപാട് നടത്തിയിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞെതെന്ന് ബൾഗേറിയൻ ഏജൻസികൾ വ്യക്തമാക്കി. കിട്ടിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും ഇക്കാര്യത്തിൽ പരിശോധന തുടങ്ങിയതായാണ് സൂചന.
ഒന്ന് പേടിപ്പിക്കാൻ നോക്കിയതാ, പക്ഷേ അകത്തായി! കടുവയിറങ്ങിയെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച 3 പേർ പിടിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]