
മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മയുടെ വേര്‍പാടിനെ വൈകാരികമായാണ് പ്രേക്ഷകരും മലയാള സിനിമാലോകവും ഉള്‍ക്കൊണ്ടത്. ഉള്ളില്‍ സ്പര്‍ശിച്ച നിരവധി അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ കവിയൂര്‍ പൊന്നമ്മയ്ക്ക് സഹപ്രവര്‍ത്തകരുമായൊക്കെ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. അത് വെളിവാക്കുന്നതാണ് വിയോഗത്തിന് പിന്നാലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച അനുശോചന സന്ദേശങ്ങള്‍.
മമ്മൂട്ടി, ജയറാം, ആസിഫ് അലി, നവ്യ നായര്‍, സീനത്ത് തുടങ്ങിയവരൊക്കെ കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് എത്തി. പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ.. എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. കവിയൂര്‍ പൊന്നമ്മയ്ക്കൊപ്പമാണ് അപൂര്‍വ്വ ചിത്രവും മമ്മൂട്ടി പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയുടെ അമ്മ. ഞാൻ സ്നേഹിച്ചിരുന്ന, അതിലേറെ എന്നെ സ്നേഹിച്ചിരുന്ന എൻറെ പൊന്നമ്മ എന്നാണ് ജയറാമിന്റെ വാക്കുകള്‍. മലയാളത്തിന്റെ വാല്‍സല്യച്ചിരി മാഞ്ഞു എന്നാണ് സീനത്തിന്റെ കുറിപ്പ്.
ഇന്ന് വൈകിട്ടായിരുന്നു മലയാളത്തിന്റെ പ്രിയ അഭിനേത്രിയുടെ വിയോഗം. 79 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മെയ് മാസത്തിൽ അർബുദം സ്ഥിരീകരിച്ചിരുന്നു. അപ്പോഴേക്കും രോഗം നാലാം ഘട്ടത്തിലേക്ക് കടന്നിരുന്നു. സെപ്തംബർ മൂന്നിന് തുടർ പരിശോധനകൾക്കും ചികിത്സക്കുമായിട്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
നാനൂറിലധികം സിനിമകളിൽ അഭിനയിച്ചു. കെപിഎസി നാടകങ്ങളില്‍ അഭിനയിച്ചായിരുന്നു തുടക്കം. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയിരുന്നു. നിരവധി സിനിമകളില്‍ ഗായികയായും തിളങ്ങിയിരുന്നു. തിരുവല്ലക്കടുത്ത് കവിയൂരിൽ ടി.പി ദാമോദരന്റെയും ഗൗരിയുടെയും മൂത്തമകളായാണ് ജനിച്ചത്. നടി കവിയൂർ രേണുക ഉൾപെടെ ആറ് സഹോദരങ്ങളുണ്ട്. ബാല്യത്തിൽ തന്നെ പാട്ടുപാടി അരങ്ങിലെത്തി. തോപ്പിൽ ഭാസിയുടെ മൂലധനത്തിലൂടെ പതിനാലാം വയസ്സിൽ നാടകങ്ങളിൽ സജീവമായി. ആറ് പതിറ്റാണ്ട് സിനിമയിൽ തിളങ്ങിയ അവർ മലയാളസിനിമയുടെ അമ്മ മുഖമായിരുന്നു. സത്യൻ, മധു തുടങ്ങി തന്നേക്കാൾ പ്രായം കൂടിയ താരങ്ങളുടെ മുതൽ മമ്മുട്ടി, മോഹൻലാൽ തുടങ്ങി പിന്നീടുള്ള തലമുറയിലെ നായകന്മാരുടെയും അമ്മയായി വേഷമിട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം