കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിലൊരാളായ അജ്മലിനെതിരെ കാർ ഉടമയുടെ മാതാവ് ശോഭ രംഗത്ത്. തന്റെ മകന്റെ കാർ അജ്മൽ മനപൂർവം എടുത്തുകൊണ്ടു പോവുകയായിരുന്നെന്ന് ഇവർ ആരോപിച്ചു. നേരത്തേ വാടകയ്ക്ക് താമസിച്ചിരുന്ന സ്ഥലത്തെ പരിചയമാണ് അജ്മലുമായുള്ളത്. തിരുവോണദിവസം കരുനാഗപ്പള്ളിയിൽ വച്ചു കണ്ടതിന്റെ പേരിലാണ് അജ്മൽ കാർ കൊണ്ടുപോയതെന്നും ശോഭ പറയുന്നു. അജ്മലുമായി പൊലീസ് ശോഭയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
”എന്റെ മോനുമായിട്ട് മൈനാഗപ്പള്ളിയിൽ പോയതാ. വണ്ടി അവൻ മനപൂർവം എടുത്തോണ്ട് പോയതാണ്. 13ന് ഇൻഷുറൻസ് തീർന്നതാ. അല്ലാതെ ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല. വാടക വീട്ടിലാ ഞങ്ങൾ താമസിക്കുന്നത്. അജ്മൽ ഞങ്ങൾ നേരത്തെ താമസിച്ചിടത്ത് ഉള്ളതാണ്. അല്ലാതെ വേറെ പരിചയമില്ല. എന്റെ മോനും മരുമോനും അല്ലാതെ വേറെ ആരും ഈ വണ്ടി ഓടിച്ചിട്ടില്ല. ഓണദിവസം എനിക്ക് പ്രഷർ കൂടിയിരുന്നു. എന്നേം കൊണ്ട് മോൻ കരുനാഗപ്പള്ളിയിൽ പോയി. അവിടെ വച്ച് വണ്ടിക്ക് കാറ്റടിക്കാൻ പെട്രോൾ പമ്പിൽ കയറിയപ്പോഴാണ് അജ്മലിനെ കണ്ടത്. എന്റെ മോനെ കണ്ടിട്ട് ചോറ് വേണമെന്ന് പറഞ്ഞ് വന്നതാ അജ്മൽ.”- ശോഭയുടെ വാക്കുകൾ.
അതേസമയം ഡോ.ശ്രീക്കുട്ടി വാടകയ്ക്ക് താമസിച്ചിരുന്ന കരുനാഗപ്പള്ളിയിലെ വീട്ടിലും പ്രതികൾ ഇടയ്ക്ക് തങ്ങിയിട്ടുള്ള കരുനാഗപ്പള്ളിയിലെ ഹോട്ടൽമുറിയിലും പൊലീസ് ഇന്നലെ പരിശോധന നടത്തി. തിരുവോണ ദിവസം വൈകിട്ടാണ് മുഹമ്മദ് അജ്മൽ സ്കൂട്ടർ യാത്രക്കാരിയായ മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]