തൃശൂർ: തൃശൂർപൂരം കലക്കിയ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയക്ക് മറുപടി നൽകിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശൂർ സിറ്റി പൊലീസും നൽകിയത്. ഇതിലൂടെ തന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടന്ന് വ്യക്തമാണ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ചേർന്നു ഇത്രയും നാൾ കേരള ജനതയെ കബളിപ്പിക്കുകയായിരുന്നു. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സർക്കാർ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ല.
പൂരംകലക്കിയത് സംബന്ധിച്ച് പൊലീസ് മേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അഞ്ചുമാസം പിന്നിടുമ്പോഴും അന്വേഷണമെന്നത് വെറും പ്രഖ്യാപനത്തിലും പ്രഹസനത്തിലും മാത്രം ഒതുങ്ങി. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ അതിന് മുഖ്യമന്ത്രിയും സർക്കാരും തയ്യാറാകാതിരുന്നത് അന്വേഷണം നടക്കാത്തത് കൊണ്ടാണ്. ബിജെപിയെ തൃശൂർ വിജയിപ്പിക്കുന്നതിന് സിപിഎമ്മും ആർഎസ്എസും നടത്തിയ ഗൂഢാലോചനയുടെ നേർചിത്രമാണ് വിവരാവകാശ രേഖലയിലൂടെ പുറത്തുവന്നത്.
ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ മുഖ്യമന്ത്രി പൂരം കലക്കിയതിന്റെ അന്വേഷണ ചുമതലയേൽപ്പിച്ചതും അന്വേഷണം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിക്കെതിരെ സ്വർണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും സർവീസിൽ നിന്ന് പുറത്താക്കാതെ സംരക്ഷിക്കുന്നതിന് പിന്നിൽ ഇതിനെല്ലാമുള്ള പ്രത്യുപകാരമാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് തൃശൂരിൽ ബിജെപിയെ വിജയിപ്പിക്കാനുള്ള രഹസ്യ ക്വട്ടേഷൻ ഏറ്റെടുത്ത് സിപിഎം നടപ്പാക്കിയതെന്നും കെ.സുധാകരൻ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആർഎസ്എസ് ബന്ധമുള്ള എഡിജിപിയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് ഘടക കക്ഷികളെയും സ്വന്തം അണികളെയും പോലും ബോധ്യപ്പെടുത്താന് മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടോ?തൃശൂർപൂരം കലക്കിയതിന്റെ ഗൂഢശക്തിയാരാണെന്ന് കേരള ജനതയ്ക്ക് അറിയണം. ആരോപണവിധേയനെ ഉപയോഗിച്ച് കേസ് അന്വേഷിപ്പിക്കുന്ന വിചിത്രമായ കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. കള്ളനെ താക്കോൽ ഏൽപ്പിക്കുക എന്നൊക്കെ കേട്ടിട്ടെയുള്ളു. എന്നാലത് ഇപ്പോൾ പിണറായി ഭരണത്തിൽ കാണുകയാണ്. സംഘപരിവാർ മനസ്സുള്ള മുഖ്യമന്ത്രിക്ക് ആർഎസ്എസ് ബന്ധമുള്ളവരെ സംരക്ഷിക്കുന്നത് ക്രെഡിറ്റാണ്. മുഖ്യമന്ത്രിക്ക് സംഘപരിവാറിനെ ഭയമാണ്. സിപിഎമ്മിലെ കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് സിപിഎമ്മിനെ നയിക്കുന്നത്. അതാണ് സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ജീർണ്ണതയെന്നും കെ.സുധാകരൻ പറഞ്ഞു.