കൊല്ലം: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ നടന്നത് നാടകീയ രംഗങ്ങൾ. അപകടം നടന്ന ആനൂർക്കാവിൽ എത്തിച്ചപ്പോൾ ജനം പ്രതികൾക്കെതിരെ പ്രതിഷേധമുയർത്തി. നാട്ടുകാർ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലീസ് പ്രതികളെ ഇറക്കിയില്ല. അപകട ശേഷം രക്ഷപ്പെട്ട പ്രതികളെ നാട്ടുകാർ തടഞ്ഞുവച്ച നോർത്ത് മൈനാഗപ്പള്ളിയിലെ ഒഴിഞ്ഞ സ്ഥലത്ത് പ്രതികളെയെത്തിച്ച് തെളിവെടുത്തു. പ്രതികൾ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിലും പ്രതി അജ്മലിന്റെ സുഹൃത്തിന്റെ വീട്ടിലും പൊലീസ് സംഘമെത്തി തെളിവെടുത്തു. ഈ സുഹൃത്തിന്റെ കാറാണ് പ്രതി ഓടിച്ചത്.
ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയെയും ഞായറാഴ്ച വൈകിട്ട് 5 മണിവരെയാണ് ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി കസ്റ്റഡിൽ നൽകിയത്. പ്രോസിക്യൂഷൻ 3 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. പ്രതികൾ മദ്യവും ലഹരിമരുന്നും ഉപയോഗിച്ചെന്നും പരസ്പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് നൽകിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അപകടമുണ്ടായതിൻ്റെ തലേ ദിവസം ഇരുവരും കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ മദ്യക്കുപ്പികളും ലഹരിമരുന്ന് ഉപയോഗിക്കുന്ന ട്യൂബും കണ്ടെത്തി. ഇത് പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]