ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പും മീനെണ്ണയുമുണ്ടെന്ന വിവാദത്തിൽ ഇടപെട്ട് കേന്ദ്ര സർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് ആവശ്യപ്പെട്ടു.
പ്രതിദിനം 50,000 മുതൽ ഒരുലക്ഷം വര ഭക്തർ സന്ദർശിക്കുന്ന തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ സസ്യേതര വസ്തുക്കളുണ്ടെന്ന് ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചന്ദ്രബാബു നായിഡു ആരോപിച്ചിരുന്നു. തിരുപ്പതിയിലെ ലഡു ഉണ്ടാക്കാനുപയോഗിക്കുന്ന നെയ്യ് ഗുജറാത്തിലെ സർക്കാർ ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ജൂലായ് മാസത്തിൽ പുറത്തുവന്നിരുന്ന ഈ റിപ്പോർട്ടിനെ ചൂണ്ടിക്കാട്ടി ചന്ദ്രബാബു നായിഡു വൈഎസ്ആർ കോൺഗ്രസ് നേതൃത്വത്തിലുള്ള മുൻ സർക്കാരിനുനേരെ വലിയ ആരോപണമാണ് ഉന്നയിച്ചത്. ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡുവിനുപയോഗിച്ച നെയ്യിൽ മീനെണ്ണ, പന്നി കൊഴുപ്പ് എന്നിവ അടങ്ങിയിരുന്നതായി കണ്ടെത്തിയെന്നാണ് ചന്ദ്രബാബു നായിഡു ആരോപിച്ചത്. മകൻ നര ലോകേഷ് നായിഡുവും ടിഡിപിയും നായിഡുവിന്റെ ആരോപണങ്ങളെ പിന്തുണച്ചു. ജഗൻ മോഹൻ റെഡ്ഡി ക്ഷേത്രങ്ങളെയും സനാതന ധർമ്മത്തെയും തകർക്കാൻ ശ്രമിച്ചെന്ന് ആന്ധ്ര ഉപമുഖ്യമന്ത്രിയും ജന സേന പാർട്ടി അദ്ധ്യക്ഷനുമായ പവൻ കല്യാണും ആരോപിച്ചു.
ബിജെപിയും ജഗൻ മോഹൻ റെഡ്ഡിക്കെതിരെ കടുത്ത ആരോപണമാണ് ഉന്നയിച്ചത്. പൊറുക്കാനാകാത്ത പാപമാണ് ചെയ്തതെന്ന് കേന്ദ്ര മന്ത്രിയും ദേശീയ ജനറൽ സെക്രട്ടറിയുമായ സഞ്ജയ് ബണ്ടി പറഞ്ഞു. അതേസമയം ഇത്തരം ആരോപണങ്ങളിലൂടെ ചന്ദ്രബാബു നായിഡുവാണ് ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിച്ചതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം മുൻ ചെയർമാനും വൈഎസ്ആർ കോൺഗ്രസ് നേതാവും ഇപ്പോൾ രാജ്യസഭാംഗവുമായ വൈ വി സുബ്ബ റെഡ്ഡി ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]