ടെക്സാസ്: ഗ്യാസ് പൈപ്പ് ലൈനിന് മുകളിലേക്ക് ഇടിച്ച് കയറിയ എസ് യു വിയിൽ നിന്ന് മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പൊലീസ്. അമേരിക്കയിലെ ടെക്സാസിലാണ് കഴിഞ്ഞ ദിവസം എസ് യു വി പൈപ്പ് ലൈനിന്റെ വാൽവ് ഇടിച്ച് തകർത്തത്. പിന്നാലെയുണ്ടായ അഗ്നിബാധ നാല് ദിവസം നീണ്ട പ്രയത്നത്തിന് ശേഷമാണ് നിയന്ത്രിക്കാനായത്. വ്യാഴാഴ്ച രാത്രിയോടെയാണ് മേഖലയിലെ അഗ്നിബാധ നിയന്ത്രിക്കാനായത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്ന് മനുഷ്യ ശരീരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ടെക്സാസിലെ ഡീർ പാർക്കിന് സമീപത്തായാണ് അപകടമുണ്ടായത്. ഹൈ വോൾട്ടേജ് പവർ ലൈനുകൾക്ക് താഴെയായി ഭൂമിക്കടിയിലൂടെ പോവുന്ന ഗ്യാസ് പൈപ്പ് ലൈനിന്റെ വാൽവിലേക്കാണ് കാർ ഇടിച്ച് കയറിയത്. സമീപത്തെ കടയിൽ നിന്നും വാഹനം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടായിരുന്നു വാഹനം പൈപ്പ് ലൈനിലെ വാൽവിലേക്ക് ഇടിച്ച് കയറിയത്.
സംഭവത്തിൽ ദുരൂഹതയില്ലെന്നും അപകടമാണെന്ന പ്രാഥമിക നിഗമനത്തിലുമാണ് പൊലീസുള്ളത്. 20 ഇഞ്ച് പൈപ്പ് ലൈൻ ഹൂസ്റ്റൺ മേഖലയിലൂടെ മൈലുകളാണ് കടന്ന് പോകുന്നത്. ചങ്ങല കെട്ടിയാണ് ഇവരയുടെ വാൽവുകൾ സംരക്ഷിച്ചിട്ടുള്ളത്. അഗ്നിബാധയ്ക്ക് പിന്നാലെ മേഖലയിൽ നിന്ന് ആയിരത്തോളം വീടുകളാണ് അധികൃതർ ഒഴിപ്പിച്ചത്. സ്കൂളുകളിലുണ്ടായിരുന്ന വിദ്യാർത്ഥികളേയും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]