
കൊല്ലം: മൈനാഗപ്പള്ളിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ടശേഷം കാർ കയറ്റിക്കൊന്ന കേസിലെ പ്രതികളായ കരുനാഗപ്പള്ളി സ്വദേശി അജ്മലും തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനി ഡോക്ടർ ശ്രീക്കുട്ടിയും ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ്. അപകടത്തിന്റെ തലേദിവസം കരുനാഗപ്പള്ളിയിലെ ഒരു ഹാേട്ടലിൽ താമസിച്ചു. ഇവിടെവച്ച് ഇരുവരും മദ്യവും രാസലഹരിയും ഉപയോഗിച്ചെന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും ഇവർക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. ചോദ്യം ചെയ്ത സമയം പ്രതികൾ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എംഡിഎംഎയാണ് ഉപയോഗിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയിൽ പറയുന്നുണ്ട്.
എംഡിഎംഎയുടെ ഉറവിടവും ലഹരി ഉപയോഗിച്ച ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർ ഏർപ്പെട്ടിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
അതേസമയം, ഇരുവരെയും ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ച വരെ കസ്റ്റഡിയിൽ തുടരുന്ന പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അതിനിടെ, ശ്രീക്കുട്ടി മുൻ ഭർത്താവ് അഭീഷ് രാജുമായി വേർപിരിഞ്ഞ് താമസിക്കുകയാണെങ്കിലും ബന്ധം വേർപെടുത്തിരുന്നില്ലെന്നും വെളിപ്പെടുത്തി ശ്രീക്കുട്ടിയുടെ അമ്മ സുരഭി രംഗത്തെത്തി. ഇപ്പോഴത്തെ സംഭവങ്ങൾക്കെല്ലാം കാരണം മുൻ ഭർത്താവാണെന്നും അജ്മൽ എന്ന ക്രിമിനലുമായി ചേർന്ന് മകളെ കുടുക്കിയതാണെന്നും സുരഭി ഒരു വാർത്താ ചാനലിനോട് വ്യക്തമാക്കി. ഇതുവരെ മദ്യപിക്കാത്ത ശ്രീക്കുട്ടിയെ ജ്യൂസിൽ മദ്യംചേർത്ത് നൽകിയത് ആയിരിക്കാമെന്നും സത്യം പൊലീസ് കണ്ടുപിടിക്കട്ടെ എന്നും സുരഭി പറഞ്ഞു.