ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടി ഡ്രഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിൽ ഉടന്‍ ആരംഭിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്രെഡ്ജർ വെസൽ ദൗത്യ സ്ഥലത്തെത്തിക്കും. അധികൃതരുടെ നിർദേശം കിട്ടിയാലുടൻ ഡ്രഡ്ജിംഗ് തുടങ്ങും. ദിവസവും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാകും ഡ്രെഡ്ജിംഗ്. മൂന്ന് ദിവസത്തെ കരാരാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജർ കമ്പനിയുടെ എംഡി മഹേന്ദ്ര ഡോഗ്രെ പറഞ്ഞു.
ഡ്രെഡ്ജർ വെസൽ ദൗത്യ സ്ഥലത്തിന് 200 മീറ്റർ മാറി നങ്കൂരമിട്ടിരിക്കുകയാണ്. ഇവിടെ നിന്ന് ഡ്രസ്ജർ ഉറപ്പിക്കാനുള്ള തൂണുകൾ സ്ഥാപിച്ച ശേഷം പുറപ്പെടും. എത്ര ദിവസം തെരച്ചിലിന് എടുക്കുമെന്ന് നിലവിൽ പറയാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മൂന്ന് ദിവസം എന്തായാലും തെരച്ചിൽ തുടരും. പുഴയുടെ ഒഴുക്ക് ഒരു നോട്ടായി കുറഞ്ഞത് തെരച്ചിൽ സംഘത്തിന് ആശ്വാസമായിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ക്രെയിൻ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ഡ്രഡ്ജർ ബോട്ട് ഉറപ്പിച്ച് നിർത്തിയാൽ, പുഴയുടെ അടിത്തട്ടിൽ ലോറി ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലത്തെ തടസ്സം നീക്കലാകും പ്രധാനപ്രവൃത്തി. നാവികസേനയുടെ നിർദേശപ്രകാരമായിരിക്കും തെരച്ചിൽ തുടരുക. മൂന്ന് ദിവസം തെരച്ചിൽ നടത്താനാണ് നിലവിലെ തീരുമാനമെങ്കിലും ഇത് കുറച്ച് ദിവസങ്ങൾ കൂടി നീണ്ട് പോകാനാണ് സാധ്യത. ജീവൻ രക്ഷയ്ക്കുള്ള സാഹചര്യമില്ലാത്തതിനാൽ അർജുനടക്കമുള്ള രണ്ട് പേർക്ക് എന്ത് സംഭവിച്ചു എന്നറിയാനുള്ള ശ്രമമാണ് ഇനി ഷിരൂരിൽ നടത്താനുള്ളത്.
മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വർ മൽപെ ഷിരൂരിലെ ദൗത്യ സ്ഥലത്തെത്തിയിട്ടുണ്ട്. അർജുൻ്റെ കുടുംബത്തിന് നൽകിയ വാക്ക് പാലിക്കാനാണ് എത്തിയതെന്ന് ഈശ്വർ മൽപെ പറഞ്ഞു. അധികൃതരുടെ അനുമതി ലഭിച്ചാൽ മുങ്ങി പരിശോധിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]