ന്യൂയോർക്ക് : 1976ൽ കാലിഫോണിയയിലെ ലോംഗ് ബീച്ചിലുള്ള ന്യൂ പൈക്ക് അമ്യൂസ്മെന്റ് പാർക്കിൽ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടെത്തി. ‘ ദ സിക്സ് മില്ല്യൺ ഡോളർ മാൻ ‘ എന്ന ഹിറ്റ് ടെലിവിഷൻ സീരീസിന്റെ ചിത്രീകരണം നടക്കുകയായിരുന്നു അവിടെ. പാർക്കിലെ ഫൺഹൗസിൽ സെറ്റ് തയ്യാറാക്കുകയായിരുന്നു ക്യാമറ സഹായികളിൽ ഒരാൾ.
ഫൺഹൗസിൽ തൂക്കിയിട്ടിരുന്ന ഒരു കോലത്തെ സെറ്റ് തയാറാക്കുന്നതിനായി അയാൾ അവിടെ നിന്ന് മാറ്റാൻ തുടങ്ങി. ഇതിനിടെ ആ മനുഷ്യരൂപത്തിലുള്ള കോലത്തിന്റെ കൈകൾ അടർന്ന് താഴെ വീണു. പാർക്കിൽ വർഷങ്ങളായി സൂക്ഷിച്ചിരുന്ന ആ കോലത്തിനുള്ളിൽ ഞെട്ടിക്കുന്ന ഒരു രഹസ്യം മറഞ്ഞിരുന്നു.
അടർന്ന് വീണ കോലത്തിന്റെ കൈകളിൽ കാണാനായത് മനുഷ്യന്റെ അസ്ഥിയാണ്. മെഴുകും മറ്റ് വസ്തുക്കളും ചേർത്ത് സൂക്ഷിച്ച ഒരു മനുഷ്യ മമ്മിയായിരുന്നു ആ കോലം.!
ദുരന്ത നായകൻ
ഫോറൻസിക് പരിശോധനകൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ സത്യം തിരിച്ചറിഞ്ഞു. 1911ൽ കൊല്ലപ്പെട്ട എൽമെർ മക്കർഡി എന്ന മുപ്പത്തിയൊന്നുകാരന്റെ മൃതദേഹമാണ് ലഭിച്ചിരിക്കുന്നത്. ! അതും എംബാം ചെയ്ത നിലയിൽ ഒരു കോലത്തിന്റ രൂപത്തിൽ.
ചെറുപ്പത്തിൽ നേരിട്ട അവഗണനയും ദുരിതങ്ങളും കുത്തുവാക്കുകളും പിൻകാലത്ത് മക്കർഡിയെ ഒരു മദ്ധ്യപാനിയും കുറ്റവാളിയുമാക്കി മാറ്റി.
ഇടയ്ക്ക് ഹ്രസ്വകാലയളവിൽ പട്ടാളത്തിലും ജോലി ചെയ്തിരുന്നു. പക്ഷേ, ജീവിതത്തിലെ ഒറ്റപ്പെടലും കടുത്ത നിരാശയും മക്കർഡിയെ ഒടുവിലെത്തിച്ചത് ഒരു കൊള്ളക്കാരന്റെ വേഷത്തിലേക്കാണ്. ഏതാനും ബാങ്ക് കൊള്ളകൾ നടത്തിയെങ്കിലും മിക്കതും പരാജയമായിരുന്നു.
കൊള്ളയ്ക്ക് തനിക്കൊപ്പം ഏതാനും പേരെ കൂടി കൂട്ടിയ മക്കർഡി 1911ൽ ഒക്ലഹോമയിൽ ഒരു ട്രെയിനിൽ കവർച്ച നടത്തി. പക്ഷേ, അപ്പോഴും പ്രതീക്ഷ തെറ്റി. കൈയ്യിൽ കിട്ടിയ ഏതാനും ഡോളറുകളുമായി രക്ഷപ്പെടേണ്ടി വന്നു. എന്നാൽ വൈകാതെ മക്കർഡിയെ പൊലീസ് വെടിവച്ച് കൊല്ലുകയുമായിരുന്നു.
പ്രദർശന വസ്തു
മക്കർഡിയുടെ മൃതദേഹം പൊലീസ് ഫ്യൂണറൽ ഹോമിൽ എത്തിച്ചു. മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്തിയില്ല. ഇതോടെ ഫ്യൂണറൽ ഹോം നടത്തിപ്പുകാരന്റെ മനസിൽ ഒരു ആശയം ഉദിച്ചു. ആർസെനിക് ചേർത്ത ദ്റവ്യത്തിൽ മക്കർഡിയുടെ മൃതദേഹം അയാൾ എംബാം ചെയ്യുകയും പ്രദർശനത്തിന് വയ്ക്കുകയും ചെയ്തു. സന്ദർശകരിൽ നിന്ന് അയാൾ പണവും ഈടാക്കി. അഞ്ച് വർഷങ്ങൾ പിന്നിട്ടു.
മക്കർഡിയുടെ മൃതദേഹം പ്രദർശിപ്പിക്കുന്നതിന് നിരവധി കാർണിവൽ ഷോ ഉടമകൾ ഫ്യൂണറൽ ഹോം നടത്തിപ്പുകാരനെ സമീപിച്ചിരുന്നു. എന്നാൽ മക്കർഡിയുടെ മൃതശരീരം വിൽക്കാൻ അയാൾ തയാറായിരുന്നില്ല.
പക്ഷേ, മക്കർഡിയുടെ സഹോദരന്മാർ ആണെന്ന വ്യാജേന എത്തിയ ഒരു കാർണിവൽ ഷോ അധികൃതർ മൃതദേഹം സംസ്കരിക്കാനെന്ന പേരിൽ അത് സ്വന്തമാക്കി.
അന്ത്യവിശ്രമം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘ തോൽക്കാൻ തയ്യാറല്ലാത്ത കൊള്ളക്കാരൻ ‘ എന്ന പേരിൽ മക്കർഡിയുടെ മൃതദേഹത്തെ അമേരിക്കയിലുടെനീളം വിവിധ കാർണിവൽ ഷോകളിലൂടെ പ്രദർശിപ്പിച്ചു. വർഷങ്ങൾ കടന്നുപോകുംതോറും ആ മൃതദേഹം പലരുടെയും കൈകളിലെത്തുകയും മെഴുക് ഉൾപ്പെടെയുള്ള വസ്തുക്കൾ ചേർത്ത് ക്രമേണ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു.
മക്കർഡിയുടെ മൃതദേഹമാണിതെന്ന് പോലും അത് സ്വന്തമാക്കിയ ചില സ്വകാര്യ വ്യക്തികൾക്ക് അറിവുണ്ടായിരുന്നില്ല. അങ്ങനെ ഒടുവിൽ കറങ്ങിത്തിരിഞ്ഞ് ന്യൂ പൈക്ക് അമ്യൂസ്മെന്റ് പാർക്കിൽ എത്തുകയായിരുന്നു. ഒടുവിൽ, 1977 ഏപ്രിൽ 22ന് മക്കർഡിയുടെ മൃതദേഹം ഒക്ലഹോമയിലെ സമ്മിറ്റ് വ്യൂ സെമിത്തേരിയിലെ ബൂട്ട് ഹിൽ സെക്ഷനിൽ സംസ്കരിച്ചു.