വാഷിംഗ്ടൺ : യു.എസിൽ നവംബറിൽ നടക്കുന്ന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജയം ആർക്കാകും. ? റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് ജയിക്കുമോ ? അതോ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് ജയിക്കുമോ ?
വിവിധ മാദ്ധ്യമങ്ങളും സ്ഥാപനങ്ങളുമൊക്കെ സർവേയിലൂടെ ഇക്കാര്യത്തിൽ ഒരു നിഗമനത്തിൽ എത്താൻ ശ്രമിക്കുന്നുണ്ട്. എന്നാൽ പെൻസിൽവേനിയ സ്റ്റേറ്റിലെ ഒരു ബേക്കറി വ്യത്യസ്തമായ ഒരു ഐഡിയ ഇതിനായി പ്രയോഗിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിക്കാൻ കുക്കീസിനെയാണ് ബേക്കറി തിരഞ്ഞെടുത്തിട്ടുള്ളത്. ഹാറ്റ്ബോറോയിലുള്ള ലോക്കൽസ് ബേക്കറിയിലാണ് ഈ വ്യത്യസ്ത പോൾ. ഉടമ കാത്ലീൻ ലോക്കലിന്റേതാണ് ഐഡിയ. ട്രംപ് കുക്കീസ്, ഹാരിസ് കുക്കീസ് എന്നിങ്ങനെ രണ്ടിനം കുക്കീസ് ഇവിടെയുണ്ട്. തങ്ങളുടെ ഇഷ്ടപ്പെട്ട സ്ഥാനാർത്ഥിയുടെ പേരിലെ കുക്കീസ് കസ്റ്റമേഴ്സെത്തി വാങ്ങുന്നുണ്ട്. ബട്ടർ ചേർത്തുണ്ടാക്കുന്ന കുക്കീസ് ചുവപ്പ് – വെള്ള, നീല – വെള്ള നിറങ്ങളിലാണുള്ളത്. ചുവപ്പ് ട്രംപിനും നീല ഹാരിസിനും. ഓരോന്നിന്റെയും മുകളിൽ ‘ട്രംപ് 2024″, ‘ഹാരിസ് 2024″ എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. സെപ്തംബർ 13 വരെ 5,200 ട്രംപ് കുക്കീസ് ബേക്കറിയിൽ നിന്ന് വിറ്റുപോയി. വെറും 500 ഹാരിസ് കുക്കീസ് മാത്രമാണ് വിറ്റത്. നിലവിൽ ഇരുവർക്കും ഒരേ പോലെ ജനപിന്തുണയുള്ള സ്റ്റേറ്റാണ് പെൻസിൽവേനിയ. 2012 മുതൽ ലോക്കൽസ് ബേക്കറിയിൽ ഇത്തരത്തിൽ പ്രസിഡന്റ് പ്രവചനം നടത്തുന്നുണ്ട്. മുമ്പ് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിൽ 2020ലേതിന്റെ മാത്രം പ്രവചനം തെറ്റി. അന്ന് 31,804 ട്രംപ് കുക്കീസ് വിറ്റു. വെറും 5,750 ബൈഡൻ കുക്കീസ് മാത്രമാണ് ആളുകൾ വാങ്ങിയത്. എന്നാൽ ജയം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡന് തന്നെയായിരുന്നു. അതേ സമയം, സമീപകാലത്ത് നടന്ന അഭിപ്രായ സർവേകളിൽ ട്രംപിനേക്കാൾ നേരിയ പോയിന്റ് മുന്നിൽ കമലയുണ്ട്. അടുത്തിടെ നടന്ന സംവാദത്തിലും കമല മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.