ന്യൂയോർക്ക് : ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്ത്യൻ സർക്കാരിനെതിരെ സമൻസ് അയച്ച് യു.എസ് കോടതി. നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ പന്നൂനിനെ യു.എസിൽ വച്ച് വധിക്കാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ അറിവോടെ ശ്രമം നടന്നെന്നാണ് ആരോപണം. നഷ്ടപരിഹാരം തേടി ഇന്ത്യൻ സർക്കാരിനെതിരെ പന്നൂൻ സമർപ്പിച്ച സിവിൽ കേസിലാണ് ന്യൂയോർക്ക് ഫെഡറൽ ഡിസ്ട്രിക്ട് കോടതിയുടെ നടപടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റോ മുൻ മേധാവി സമന്ത് ഗോയൽ, റോ ഉദ്യോഗസ്ഥൻ വിക്രം യാദവ്, ബിസിനസുകാരനായ നിഖിൽ ഗുപ്ത എന്നിവരും കേന്ദ്ര സർക്കാരും 21 ദിവസത്തിനകം മറുപടി നൽകണമെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റിനയച്ച സമൻസിൽ പറയുന്നു. ഇന്ത്യ സമൻസിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, പന്നൂനിന്റെ കേസ് തികച്ചും അനാവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പന്നൂനിന്റെ ചരിത്രം എല്ലാവർക്കും നന്നായി അറിയാവുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺദീർ ജയ്സ്വാൾ പറഞ്ഞു. 2020ൽ പന്നൂനിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 2023 ജൂണിൽ പന്നൂനിനെ തങ്ങളുടെ മണ്ണിൽ വച്ച് വധിക്കാൻ നടന്ന ശ്രമം തകർത്തെന്ന് നേരത്തെ യു.എസ് അവകാശപ്പെട്ടിരുന്നു. ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്ത ഇടനിലക്കാരനായി പ്രവർത്തിച്ചെന്നാണ് യു.എസിന്റെ കണ്ടെത്തൽ. യു.എസിന്റെ ആവശ്യപ്രകാരം നിഖിലിനെ ചെക്ക് റിപ്പബ്ലിക്കിൽ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇദ്ദേഹത്തെ പിന്നീട് യു.എസിന് കൈമാറി. സമന്ത് ഗോയലിന്റെ ഉത്തരവ് പ്രകാരം വിക്രം യാദവാണ് നിഖിലിന് നിർദ്ദേശം നൽകിയതെന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങളുടെ ആരോപണം.