മുംബൈ: സാമൂഹ്യമാധ്യമമായ വാട്സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയുണ്ട്. ബിഹൈന്റ്വുഡ്സിന്റെ പരിപാടിയില്‍ ഒരു ഗായിക പാടുന്നതാണിത്. വീഡിയോയിലെ ഗായിക കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെയും ബിസിനസുകാരനായ റോബര്‍ട്ട് വദേരയുടേയും മകളാണ് എന്നാണ് വാട്സ്ആപ്പ് സന്ദേശത്തില്‍ പറയുന്നത്. പ്രിയങ്കയ്ക്ക് ഗായികയായ ഒരു മകളുണ്ട് എന്ന് അധികമാരും കേള്‍ക്കാത്തത് കൊണ്ടുതന്നെ വീഡിയോ വലിയ വൈറലായി. ഏവരും അത്ഭുതത്തോടെ കാണുന്ന ഈ വീഡിയോയുടെ വസ്തുത പക്ഷേ മറ്റൊന്നാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ ഫാക്ട് ചെക്കില്‍ തെളിഞ്ഞത്.
പ്രചാരണം
നെഹ്രു കുടുംബത്തിൽ നിന്നും ഒരു ഗായിക….പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വദേരയുടേയും മകൾ “ജോനിറ്റ ഗാന്ധി”യുടെ മനോഹര ഗാനങ്ങൾ.! എന്ന തലക്കെട്ടോടെയാണ് വീഡിയോ വാട്സ്ആപ്പില്‍ വൈറലായിരിക്കുന്നത്. മൂന്ന് മിനുറ്റും 13 സെക്കന്‍ഡുമുള്ള വീഡിയോയില്‍ ‘പാട്ടില്‍… പാട്ടില്‍’ എന്ന മലയാള ഗാനം ഇവര്‍ ആലപിക്കുന്നത് കേള്‍ക്കാം. ഇത് കൂടാതെ ഹിന്ദിയിലും പഞ്ചാബിയിലും തെലുഗുവിലും മറാഠിയിലും തമിഴിലുമുള്ള ഗാനം ഗായിക വേദിയില്‍ ആലപിക്കുന്നുണ്ട്. ഇതേ വീഡിയോ ഗിരീഷ് കുമാര്‍ എന്നയാള്‍ എക്സില്‍ (ട്വിറ്റര്‍) പങ്കുവെച്ചതും കണ്ടെത്താന്‍ കഴിഞ്ഞു.
വസ്തുത
വാട്സ്ആപ്പ് ഫോര്‍വേഡില്‍ പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ് എന്ന് മനസിലാക്കാം. വിവിധ ഭാഷകളില്‍ ഗാനം ആലപിക്കുന്ന പാട്ടുകാരിയുടെ പേര് ജൊനീറ്റ ഗാന്ധി എന്നാണ്. എന്നാല്‍ ഇവര്‍ പ്രിയങ്ക ഗാന്ധിയുടെയും റോബര്‍ട്ട് വദേരയുടേയും മകളല്ല. ഇന്ത്യന്‍ വംശജയായ കനേഡിയന്‍ സിംഗറാണ് ജൊനീറ്റ ഗാന്ധി. ഹിന്ദി, തമിഴ്, പഞ്ചാബി, തെലുഗു, മറാഠി, ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ ജൊനീറ്റ ഗാന്ധി പാടിയിട്ടുണ്ട്. 2013ല്‍ ചെന്നൈ എക്സ്പ്രസിലെ ടൈറ്റില്‍ ട്രാക്ക് പാടിയാണ് ജൊനീറ്റ ചലച്ചിത്ര ഗാനരംഗത്തേക്ക് എത്തിയത്. ദില്ലിയില്‍ ജനിച്ച ജൊനീറ്റ ഗാന്ധിക്ക് 9 മാസം പ്രായമുള്ളപ്പോള്‍ മാതാപിതാക്കള്‍ കാനഡയിലേക്ക് കുടിയേറുകയായിരുന്നു. ഇപ്പോള്‍ 33 വയസാണ് ഇവര്‍ക്ക് പ്രായം. ജൊനീറ്റയുടെ അച്ഛന്റെ പേര് ദീപക് ഗാന്ധി എന്നും അമ്മയുടേത് സ്നേഹ് ഗാന്ധി എന്നുമാണ്.
അതേസമയം പ്രിയങ്ക ഗാന്ധിക്കും റോബര്‍ട്ട് വദേരയ്ക്കും രണ്ട് മക്കളാണുള്ളത്. മിരായ വദ്ര, റൈഹാന്‍ വദ്ര എന്നിങ്ങനെയാണ് ഇരുവരുടേയും പേര്. മിരായക്ക് 21 ഉം റൈഹാന്‍ 23 ഉം ആണ് പ്രായം. പ്ലേബാക്ക് സിംഗറായ ജൊനീറ്റ ഗാന്ധിയുമായി ബിഹൈന്റ്വുഡ്സ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ രൂപം കീവേഡ് പരിശോധനയില്‍ കണ്ടെത്താനായി.
Read more: കാത്തുകാത്തിരുന്ന് സായ് പല്ലവി വിവാഹിതയായി? ചിത്രം വൈറല്‍- Fact Check
Last Updated Sep 20, 2023, 2:30 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]