
തൊടുപുഴ: യുവാവിനെ വെട്ടിക്കൊല്ലാൻ ക്വട്ടേഷൻ നൽകിയ സംഭവത്തിൽ ഭാര്യയും മകനും അറസ്റ്റിൽ. കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ 1.30 ഓടു കൂടിയായിരുന്നു വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശി കരിക്കിണ്ണം വീട്ടിൽ അബ്ബാസിനെ ഉറങ്ങിക്കിടന്ന സമയം വീട്ടിൽ കയറി ഒരു സംഘം ആളുകൾ ആക്രമിച്ചത്. ആക്രമണത്തിൽ അബ്ബാസിന്റെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും ഇയാളെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ക്വട്ടേഷൻ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് പരിക്കേറ്റ അബ്ബാസ് പറഞ്ഞിരുന്നു. ഇതേതുടർന്ന് സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണമാരംഭിച്ചു. അന്വേഷണത്തിൽ അബ്ബാസിന്റെ ഭാര്യ ആഷിറ ബീവി(39), മകൻ മുഹമ്മദ് ഹസൻ (19) എന്നിവർ സംഭവ ദിവസം വണ്ടിപ്പെരിയാറിൽ എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് അബ്ബാസിന്റെ ഭാര്യയെയും മകനെയും പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ.
കഴിഞ്ഞ കുറേ നാളുകളായി ഭാര്യ ആഷിറയെ അബ്ബാസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. ഇതിന് പ്രതികാരമെന്നവണ്ണം ആഷിറയുടെ അയൽവാസിയായ ഷമീർ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘത്തെ അബ്ബാസിനെ മർദ്ദിക്കുന്നതിനായി ചുമതലപ്പെടുത്തി. ക്വട്ടേഷൻ സംഘം സ്ഥലത്ത് എത്തുന്ന സമയം അബ്ബാസ് താമസിക്കുന്ന വീട് കാണിക്കുന്നതിനായി ആഷിറയും മകനും വണ്ടിപ്പെരിയാർ ടൗണിൽ തന്നെ ഉണ്ടായിരുന്നു. പിന്നീട് ക്വട്ടേഷൻ സംഘം എത്തിയ വാഹനത്തിൽ ഇവർക്കൊപ്പം ആഷിറയും മകനും വള്ളക്കടവിൽ എത്തി വീട് കാണിക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം ആഷിറയും മകനും തിരികെ എറണാകുളത്തെ ആഷിറയുടെ പിതാവിന്റെ ഭവനത്തിലേക്ക് പോവുകയായിരുന്നു. പിന്നീട് അബ്ബാസിനു നേരെ ആക്രമണമുണ്ടായി എന്ന് നാട്ടുകാർ ഇവരെ വിവരമറിയിച്ചു.
പരിക്കേറ്റ അബ്ബാസിനെ കോട്ടയം മെഡിക്കൽ കോളജിൽ നിന്നും അബ്ബാസിന്റെ നാടായ നെടുംങ്കണ്ടത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയം അബ്ബാസിനെ ചികിത്സിക്കുന്നതിന് സഹായവുമായി ഭാര്യയും മകനും എത്തി. ഇതോടെ പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആഷിറയുടെ സഹോദരനടക്കം 7 പേർ ആക്രമണത്തിന് പിന്നിൽ ഉള്ളതായാണ് പൊലീസ് പറയുന്നത്.
മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ആരംഭിച്ചതായും എത്രയും വേഗം പ്രതികളെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. പീരുമേട് ഡിവൈ.എസ്പി ജെ കുര്യാക്കോസിന്റെ നിർദേശപ്രകാരം വണ്ടിപ്പെരിയാർ എസ്എച്ച്ഒ ഹേമന്ദ് കുമാർ, എസ്ഐമാരായ അജീഷ്, ടിവി രാജ്മോഹൻ, എസ്എസ്ഐമാരായ എസ് സുബൈർ, കെജി രാജേന്ദ്രൻ, വനിതാ സിപിഒ ലിജിത വി. തോമസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു
Last Updated Sep 20, 2023, 12:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]