

First Published Sep 19, 2023, 5:32 PM IST
ഒട്ടാവ: ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ – കാനഡ നയതന്ത്ര ബന്ധം വഷളാവുകയാണ്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെ ഉന്നത കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കി. ഹർദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ പാർലമെന്റിൽ പ്രസ്താവനയും നടത്തി.
ആരാണ് ഹർദീപ് സിംഗ് നിജ്ജാര്‍?
ഈ വര്‍ഷം ജൂണ്‍ 18നാണ് കാനഡയിലെ സറെയിലെ ഗുരുദ്വാരയ്ക്ക് സമീപം ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് നേതാവ് ഹർദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. രണ്ട് അജ്ഞാതര്‍ നിജ്ജാറിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
1997ലാണ് നിജ്ജാര്‍ കാനഡയിലേക്ക് കുടിയേറിയത്. കാനഡയില്‍ വെച്ച് വിവാഹം കഴിച്ചു. രണ്ട് മക്കളുണ്ട്. നിരോധിത തീവ്രവാദ സംഘടനയായ ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിലേക്ക് (കെടിഎഫ്) ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നൽകുന്നതിലും നിജ്ജാർ സജീവമായി പങ്കെടുത്തിരുന്നതായി ഇന്ത്യയിലെ അന്വേഷണ ഏജൻസികൾ പറയുന്നു. സെപ്തംബർ 10 ന് ഖാലിസ്ഥാൻ ഹിതപരിശോധന നടത്തിയ വിഘടനവാദി സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ (എസ്എഫ്ജെ) ഭാഗമായും നിജ്ജാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിജ്ജാറിന്റെ ഭീകര പ്രവർത്തനങ്ങളെ കുറിച്ചുള്ള ആശങ്ക ഇന്ത്യ പല തവണ കാനഡയെ അറിയിച്ചിരുന്നു. 2018ൽ അന്നത്തെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, നിജ്ജാറിന്റെ പേരുൾപ്പെടെയുള്ള പട്ടിക ജസ്റ്റിൻ ട്രൂഡോയ്ക്ക് കൈമാറി. തുടർന്ന് 2022ൽ നിജ്ജാറിനെ കൈമാറണമെന്ന് പഞ്ചാബ് പൊലീസ് ആവശ്യപ്പെട്ടു. 2007ൽ പഞ്ചാബിലെ ലുധിയാനയിൽ ആറ് പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനം ഉൾപ്പെടെയുള്ള കേസുകളില്‍ പൊലീസ് തിരയുന്ന പ്രതിയാണ് നിജ്ജാര്‍.
2010ൽ പട്യാലയിലെ ഒരു ക്ഷേത്രത്തിന് സമീപം നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ടും ഖാലിസ്ഥാൻ വിഘടനവാദി നേതാവിനെതിരെ പഞ്ചാബ് പൊലീസ് കേസെടുത്തിട്ടുണ്ട്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരംജിത് സിംഗ് പമ്മയാണ് കേസിലെ മറ്റൊരു പ്രധാന പ്രതി.
2015ൽ ഹിന്ദു നേതാക്കളെ ലക്ഷ്യമിട്ടെന്ന കുറ്റവും നിജ്ജാറിനെതിരെ ചുമത്തി. 2016ൽ അദ്ദേഹത്തിനെതിരെ മറ്റൊരു കേസും ഫയൽ ചെയ്യപ്പെട്ടു. മൻദീപ് ധലിവാളിന് പരിശീലനം നല്‍കിയെന്നും ഹിന്ദു നേതാക്കളെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്നുമായിരുന്നു കേസ്.
2015ലും 2016ലും നിജ്ജാറിനെതിരെ ലുക്ക് ഔട്ട് സർക്കുലറും റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. പഞ്ചാബിലെ ആർഎസ്എസ് നേതാക്കളെ കൊലപ്പെടുത്തിയതിൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ പങ്ക് അന്വേഷിക്കുകയാണെന്ന് 2018ൽ ദേശീയ അന്വേഷണ ഏജൻസി പറഞ്ഞു. 2022ൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നിജ്ജാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 10 ലക്ഷം രൂപ നല്‍കുമെന്നാണ് എന്‍ഐഎ പ്രഖ്യാപിച്ചത്.
കാനഡയുടെ നടപടി, തിരിച്ചടിച്ച് ഇന്ത്യ
ഹർദീപ് സിംഗ് നിജ്ജാർ കൊലപാതക കേസിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയത്. ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ പവൻ കുമാർ റായിയെയാണ് പുറത്താക്കിയത്. ഹർദീപ് സിംഗ് കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാകാമെന്ന് കനേഡിയൻ പ്രധാനമന്ത്രി പാർലമെന്റിൽ പ്രസ്താവനയും നടത്തി.
പിന്നാലെ ഇന്ത്യ മറുപടി നല്കി. കനേഡിയന്‍ നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് അറിയിച്ചത്. ഇന്ത്യയുടെ അഭ്യന്തര കാര്യത്തിൽ കാനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇടപെടുന്നുവെന്നും ഇന്ത്യാവിരുദ്ധ ശക്തികൾക്ക് അനുകൂലമായി പ്രവർത്തനം നടത്തുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇതിനുള്ള മുന്നറിയിപ്പാണ് ഉദ്യോഗസ്ഥനെ പുറത്താക്കൽ.
ജസ്റ്റിൻ ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ട്രൂഡോയെ അറിയിച്ചിരുന്നുവെന്നും ഖാലിസ്ഥാൻ ഭീകരർക്ക് കാനഡ താവളം ഒരുക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
Last Updated Sep 19, 2023, 5:41 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]