കൊച്ചി ∙ ഒരു ലക്ഷം രൂപയ്ക്ക് മാസം പതിനായിരം രൂപ പലിശ ഈടാക്കി 10 ലക്ഷം രൂപയൊക്കെ കൊടുക്കാൻ ബിന്ദു പ്രദീപിന്റെയും ഭർത്താവ് പ്രദീപ് കുമാറിന്റെയും വരുമാനമെന്ത് ? കഴിഞ്ഞ 3 വർഷത്തിനിടയിൽ ഈ പണം കൊണ്ട് ആശ ബെന്നി എന്തുചെയ്തു ? വരാപ്പുഴ കോട്ടുവള്ളി സൗത്ത് റേഷൻ കടയ്ക്കു സമീപം പുളിക്കത്തറ വീട്ടിൽ ആശ ബെന്നി (41)യെ ചൊവ്വാഴ്ച വൈകിട്ട് കോട്ടുവള്ളി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രത്യേകാന്വേഷണ സംഘത്തിനു കണ്ടെത്താനുള്ളത് പണം വന്നതും പോയതുമായ വഴികൾ. ആശയുടെ മൃതദേഹം ബുധനാഴ്ച വൈകിട്ടു സംസ്കാരിച്ചു.
മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയ മുൻ പൊലീസുകാരൻ കൂടിയായ പ്രദീപിനെയും ഭാര്യയെയും കണ്ടെത്തുകയാണ് അന്വേഷക സംഘത്തിനു മുന്നിലുള്ള ആദ്യ കടമ്പ. ഭർത്താവോ മകനോ അടക്കം വീട്ടുകാരൊന്നും പ്രദീപും ബിന്ദുവുമായുള്ള പണമിടപാട് അറഞ്ഞിരുന്നില്ല എന്നാണ് ആശയുടെ
കുറിപ്പ് വ്യക്തമാക്കുന്നത്.
താൻ വാങ്ങിയ പണവും പലിശയുമെല്ലാം തിരികെ നൽകിയിട്ടും വീണ്ടും 22 ലക്ഷം രൂപ കൂടി നൽകാനുണ്ടെന്ന് മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകണമെന്ന് പ്രദീപും ബിന്ദുവും ഭീഷണിപ്പെടുത്തിയതായി ആത്മഹത്യ കുറിപ്പിൽ ആശ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നു കടമുറികളുള്ള ആശയുടെ കുടുംബം രണ്ടെണ്ണം വാടകയ്ക്ക് നൽകി ഒരെണ്ണത്തിൽ പലചരക്കു വ്യാപാരവും മറ്റും നടത്തുന്നുവെന്നും ഈ കട
വിപുലീകരിക്കാനാണ് പണം കടം വാങ്ങിയത് എന്നുമാണ് തുടക്കത്തില്‍ പുറത്തുവന്ന വിവരം.
എന്നാൽ 2022 മുതൽ ഇത്രയധികം പണം ഇതിനായി ചെലവിട്ടോ എന്നത് അന്വേഷക സംഘം അന്വേഷിക്കുന്നുണ്ട്. മാത്രമല്ല, നാട്ടിലെ മറ്റു പലരിൽനിന്നും ആശ പണം വാങ്ങുകയും ചെയ്തിരുന്നു.
ഇവരുടെ പലിശയും മുതലും കൊടുത്തു തീർക്കാനാണ് ഇതെന്ന് ആശ ആത്മഹത്യ കുറിപ്പിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ പണം വേറെ ഏതെങ്കിലും വഴിയിൽ നഷ്ടപ്പെടിട്ടുണ്ടോ എന്നത് പൊലീസിന്റെ അന്വേഷണത്തിലെ പ്രധാന കാര്യമാണ്.
യുപിഐ ഇടപാടു വഴിയും നേരിട്ടുമൊക്കെയാണ് പണമിടപാട് നടന്നിരിക്കുന്നത് എന്നതിനാൽ ഇതിന്റെയെല്ലാം തെളിവു കണ്ടെത്തുക എളുപ്പമല്ല. ആശയുടെ ബാങ്ക് അക്കൗണ്ട് പരിശോധനയും വീട്ടുകാർക്ക് ഇക്കാര്യത്തില്‍ അറിയാവുന്ന വിവരങ്ങൾ ശേഖരിക്കുകയുമാണ് പൊലീസ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്.
പഴുതടച്ചുള്ള അന്വഷണം ഉണ്ടാകുമെന്ന് എറണാകുളം റൂറൽ എസ്പി ഹേമലത വ്യക്തമാക്കുകയും ചെയ്തു.
ഇതിലേറെ പ്രധാനമാണ് ഇത്രയേറെ പണം പലിശയ്ക്ക് കൊടുക്കാൻ പ്രദീപിനും ബിന്ദുവിനും എങ്ങനെ സാധിച്ചു എന്നത്. ഇവരുടെ പണത്തിന്റെ സ്രോതസാണ് പൊലീസ് പരിശോധിക്കുന്നത്.
ഒളിവില്‍ പോയ ഇവരെ കണ്ടെത്തി ചോദ്യം ചെയ്യുന്നതു വഴി ഇക്കാര്യം സാധ്യമാകുമെന്നാണ് അന്വേഷക സംഘം കരുതുന്നത്. നാട്ടിലെ ‘അറിയപ്പെടുന്ന’ വട്ടിപ്പലിശക്കാരുടെ പട്ടികയിലൊന്നും ഉൾപ്പെടാത്തവരാണ് ബിന്ദുവും പ്രദീപുമെന്നാണ് പൊലീസ് പറയുന്നത്.
സ്ഥിരം വട്ടിപ്പലിശക്കാരുടെ മേൽ പൊലീസിന്റെ നിരീക്ഷണമുണ്ടെന്നും എന്നാൽ ഇവർ ഇതിൽ ഉൾപ്പെട്ടിരുന്നില്ലെന്നും പൊലിസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ വലിയ പലിശയ്ക്കാണ് ആശ ഇവരിൽ നിന്ന് പണം വാങ്ങിയിരുന്നത് എന്നാണ് ആത്മഹത്യ കുറിപ്പ് തെളിയിക്കുന്നത്.
പ്രദീപും ബിന്ദുവും ആശയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്തിരുന്നു എന്ന് ആത്മഹത്യ കുറിപ്പിൽ നിന്ന് വ്യക്തമാണ്.
ഈ മാസം 12നാണ് ബിന്ദുവിൽ നിന്ന് പണം വാങ്ങിയിരുന്നതായും അത് തിരികെ കൊടുത്തതായും ആശ പറയുന്നതെന്ന് ഭർത്താവ് ബെന്നി വ്യക്തമാക്കിയിരുന്നു. ഇവരുടെ ഭീഷണി സഹിക്ക വയ്യാതെ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആശ ആശുപത്രിയിൽ നിന്ന് തിരികെ വന്ന ശേഷവും പ്രദീപും ബിന്ദുവും വീട്ടിലെത്തിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.
തുടർന്നാണ് കുടുംബം എസ്പി ഓഫിസിൽ പരാതി നൽകിയത്. എന്നാൽ വീണ്ടും വീട്ടിലെത്തി ഇവർ ഭീഷണിപ്പെടുത്തിയതോടെ ആശ ജീവനൊടുക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]