
കൊച്ചി ∙
ഞാൻ എന്തു ചെയ്യും ദൈവമേ…’, സ്കൂൾ കുട്ടികൾ എഴുതുന്നതു പോലെ 200 പേജ് ബുക്കിന്റെ വരയിട്ട താളുകളിൽ കോറിയിട്ട
ആത്മഹത്യക്കുറിപ്പിലെ വരികൾ. വരാപ്പുഴ കോട്ടുവള്ളി പുഴയിൽ ഇന്നലെ വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടുവള്ളി സൗത്ത് റേഷൻ കടയ്ക്കു സമീപം പുളിക്കത്തറ വീട്ടിൽ ആശ ബെന്നി (41) എഴുതിയ ആത്മഹത്യക്കുറിപ്പിലാണ് ഈ വരികളുള്ളത്.
വട്ടിപ്പലിശക്കാരുടെ സമ്മർദ്ദം താങ്ങാനാവാതെ താൻ ജീവനൊടുക്കുന്നു എന്ന് എഴുതി വച്ചായിരുന്നു മരണം.
ആശയുടെ സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. ആശയെ വീടുകയറി ഭീഷണിപ്പെടുത്തുകയും നിരന്തരം സമ്മർദ്ദത്തിലാക്കുകയും ചെയ്ത അയൽവാസികളായ റിട്ട.
പൊലീസുകാരൻ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഒളിവിലാണ്. ഇരുവർക്കുമെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.
വലിയ കോളിളക്കമുണ്ടാക്കിയ വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട കൈക്കൂലി കേസിലെ പ്രതിയായിരുന്നു പ്രദീപ്.
വട്ടിപ്പലിശയ്ക്ക് പണമെടുത്ത് അതിന്റെ നീരാളിപ്പിടുത്തം മുറുക്കിയപ്പോൾ പ്രതിസന്ധി പരിഹരിക്കാൻ സാധാരണക്കാരിയായ ഒരു വീട്ടമ്മ കിണഞ്ഞു പരിശ്രമിക്കുന്നതിന്റെയും, ഭീഷണിയും സമ്മർദ്ദവും താങ്ങാനാവാതെ ജീവനൊടുക്കാൻ തീരുമാനിച്ചതിന്റെയും വിവരണങ്ങളാണ് എട്ടോളം പേജുള്ള ആത്മഹത്യക്കുറിപ്പിലുള്ളത്.
വീടിനടുത്തായി മൂന്നു കടമുറികളാണ് ആശയ്ക്കും ഭർത്താവ് ബെന്നിക്കുമുള്ളത്. ഇതിൽ രണ്ടെണ്ണം വാടകയ്ക്ക് നൽകി ഒരെണ്ണത്തിൽ പലചരക്ക് ഉൾപ്പെടെയുള്ളവ കച്ചവടം നടത്തുകയാണ്.
പലചരക്കുകട വിപുലീകരിക്കാനാണ് പ്രദീപിന്റെയും ഭാര്യ ബിന്ദുവിന്റെയും പക്കൽ നിന്ന് പണം പലിശയ്ക്ക് വാങ്ങുന്നത്.
പത്തുലക്ഷം രൂപയോളം വാങ്ങിയെന്നാണ് ആശയുടെ ബന്ധുക്കൾ പറയുന്നത്.
‘ഞാൻ ഒരു ലക്ഷത്തിന് പതിനായിരം രൂപ പലിശ കൊടുത്തിരുന്നു’ –ആശ ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഭർത്താവ് ചിട്ടി പിടിച്ച എട്ടര ലക്ഷം രൂപയും സ്വര്ണം പണയം വച്ച പൈസയും മറ്റുള്ളവരിൽ നിന്ന് സ്വർണം വാങ്ങി പണയം വച്ചും പ്രദീപിന്റെയും ബിന്ദുവിന്റെയും മുതലും പലിശയുമെല്ലാം നൽകിയതാണെന്ന് ആശയുടെ കുറിപ്പിലുണ്ട്.
എന്നാൽ 22 ലക്ഷം രൂപ കൂടി നൽകണമെന്നും അതിന് മുദ്രപ്പത്രത്തിൽ ഒപ്പിട്ടു കൊടുക്കണമെന്നും പ്രദീപും ബിന്ദുവും ആവശ്യപ്പെട്ടെന്നും കുറിപ്പിൽ പറയുന്നു.
‘ഇന്ന് 18–ാം തീയതി. ഇന്നലെ പ്രദീപ് കുമാറും ഭാര്യ ബിന്ദുവും വീട്ടിൽ വന്ന് ബഹളം ഉണ്ടാക്കി.
എന്നെ ഭീഷണിപ്പെടുത്തി. നാളെ മുദ്രപ്പത്രത്തിൽ ഒപ്പിട്ടു കൊടുക്കണം, അല്ലെങ്കിൽ ഇവിടെയെല്ലാം നാറ്റിക്കും, ഇവിടെ വന്ന് തലതല്ലിച്ചാകും എന്ന് ഭീഷണിപ്പെടുത്തി.
ഞാൻ പൈസ മേടിച്ചത് കൊടുത്തതാണ്, രേഖ വാങ്ങിച്ചില്ല. നിങ്ങൾക്ക് എല്ലാം തന്നു’– ആശയുടെ കുറിപ്പിൽ പറയുന്നു.
പലിശയ്ക്ക് വാങ്ങിയ പണം തിരിച്ചു കൊടുക്കാൻ മറ്റു പലയിടത്തു നിന്നും ആശ കടം വാങ്ങിയതായും ഇതെല്ലാം ഒരുമിച്ചപ്പോൾ വലിയ തുക ആയതായും സംശയമുണ്ട്.
‘ഇനിയും ഞാൻ മുദ്രപേപ്പറിൽ ഒപ്പിടണം, അല്ലെങ്കിൽ എന്റെ ഭർത്താവിനെയും മക്കളേയും കുടുക്കം എന്ന് പറഞ്ഞ് ഇന്നലേയും ഭീഷണിപ്പെടുത്തി’ എന്നും ആശ പറയുന്നുണ്ട്. ഇത്രയും പണം കടംവാങ്ങിയ കാര്യം വീട്ടിൽ പറഞ്ഞിരുന്നില്ല എന്ന സൂചനയും ആശയുടെ കുറിപ്പിലുണ്ട്.
‘ ഭർത്താവിനോടും മക്കളോടും പറയാത്തത് കൊണ്ട് ഇവർ ചോദിക്കുമ്പോൾ ഞാൻ പേടിച്ച് പൈസ കൊടുത്തിരുന്നു. ഭർത്താവിന്റെ ചിട്ടി കിട്ടിയ പൈസ എന്റെ പേരിൽ ഇട്ടിരുന്നു.
അതും കൊടുത്തു. സ്വർണം പണയം വച്ച് അതും കൊടുത്തു.
22 ലക്ഷത്തിന്റെ കണക്കാണ് പറയുന്നത്. ഒരു മാസം വൈകിയാൽ പലിശയാണ്’– കുറിപ്പിൽ പറയുന്നു.
പ്രദീപിന്റെയും ബിന്ദുവിന്റെയും സമ്മർദ്ദം താങ്ങാനാവാതെ കുറച്ചു ദിവസം മുൻപ് ആശ കൈഞരമ്പുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
4 ദിവസം ആശുപത്രിയിൽ കഴിയേണ്ടി വന്നു. പിന്നീട് എസ്പി ഓഫിസിൽ പരാതിപ്പെട്ടതോടെ ഇരുകൂട്ടരുമായും പൊലീസ് ചർച്ച നടത്തുകയും ആശയുടെ വീട്ടിൽ കയറരുതെന്നും ഭീഷണിപ്പെടുത്തരുതെന്നും നിർദേശം നൽകിയിരുന്നു.
ഇതിനു പിന്നാലെ പ്രദീപും ആശയും വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തി എന്നാണ് ആത്മഹത്യക്കുറിപ്പിൽ പറയുന്നത്. ‘ എന്നെയും ഭർത്താവിനെയും ജീവിക്കാൻ അനുവദിക്കില്ല, പുറം ലോകം കാണില്ല എന്ന് ഭീഷണിപ്പെടുത്തി’ എന്ന് കുറിപ്പിലുണ്ട്.
‘ഞാൻ മരിച്ചാൽ ഉത്തരവാദി ബിന്ദു പ്രദീപും കുടുംബവുമാണ്’ എന്നും കുറിപ്പിലുണ്ട്. ആശയുടെ മരണത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]