
ഇന്ത്യൻ സുഗന്ധവ്യഞ്ജന കമ്പനികൾക്ക് കുറച്ചുകാലമായി അത്രനല്ല സമയമല്ല. ലോകമെമ്പാടും ഇന്ത്യൻ കമ്പനികളുടെ ഉൽപ്പന്നങ്ങൾ സൂക്ഷ്മമായ പരിശോധനയാണ് നേരിടേണ്ടി വരുന്നത്. ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ നാല് സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങൾ സിംഗപ്പൂരും, ഹോങ്കോംഗും നിരോധിച്ചതോടെയാണ് പ്രതിസന്ധികളുടെ തുടക്കം. എഥിലീൻ ഓക്സൈഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. കാൻസറിന് കാരണമാകുന്നതാണ് എഥിലീൻ ഓക്സൈഡ് എന്ന കീടനാശിനി. ഇപ്പോൾ പല രാജ്യങ്ങളിലും ഇന്ത്യൻ സുഗന്ധവ്യഞ്ജന കമ്പനികൾക്കെതിരെ അന്വേഷണം നടന്നുവരികയാണ്. ഇതോടെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയും (എഫ്എസ്എസ്എഐ) ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്കെതിരെ അന്വേഷണം ആരംഭിച്ചു. ഏറ്റവുമൊടുവിലായി എഫ്എസ്എസ്എഐ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജന കമ്പനികളുടെ 12 ശതമാനം സാമ്പിളുകളും പരാജയപ്പെട്ടുവെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.
വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ,എഫ്എസ്എസ്എഐ മെയ് മുതൽ ജൂലൈ വരെ 4,054 സാമ്പിൾ പരിശോധിച്ചു. ഇതിൽ 474 എണ്ണം ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല. അതേ സമയം പരിശോധനയിൽ പരാജയപ്പെട്ട ഉൽപ്പന്നങ്ങൾ ഏതൊക്കെ കമ്പനികളുടേതാണെന്ന് വെളിപ്പെടുത്താൻ എഫ്എസ്എസ്എഐ വിസമ്മതിച്ചു. എന്നാൽ, ഈ കമ്പനികൾക്കെതിരെ എത്രയും വേഗം നടപടിയെടുക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജനങ്ങളുടെയും ഇറക്കുമതിക്ക് ബ്രിട്ടൻ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട് . ന്യൂസിലാൻഡ്, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ഇന്ത്യൻ സുഗന്ധവ്യഞ്ജന കമ്പനികളുടെ ബ്രാൻഡുകളുമായി ബന്ധപ്പെട്ട് സൂക്ഷ്മമായ പരിശോധനയാണ് നടത്തുന്നത്.
സുഗന്ധവ്യഞ്ജനങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ കയറ്റുമതിക്കാരും ഉത്പാദകരും ഉപഭോക്താക്കളുമാണ് ഇന്ത്യ . 2022ൽ ഇന്ത്യയുടെ സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ മൂല്യം 10.44 ബില്യൺ ഡോളറായിരുന്നു. കൂടാതെ, ഏകദേശം 4.46 ഡോളറിന്റെ സുഗന്ധവ്യഞ്ജനങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]