
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മുങ്ങിമരിച്ച ശുചീകരണ തൊഴിലാളി ജോയിയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. സ്ഥലം വാങ്ങി വീട് നിർമ്മിക്കാനുള്ള തിരുവനന്തപുരം കോർപ്പറേഷൻ ശുപാർശ സർക്കാർ അംഗീകരിച്ചു. വീട് ഒരുങ്ങുന്നതിൽ സന്തോഷമെന്ന് ജോയിയുടെ അമ്മ മെൽഹി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒരു വഴിപോലുമില്ലാതെ തകർച്ചയിലായ ഒറ്റമുറി വീടായിരുന്നു ജോയിയുടേത്. ഒരാൾക്ക് നടന്നു ചെല്ലാന്‍ പോലും കഴിയാത്ത വീട്ടിലേക്ക് ജോയിയുടെ മൃതദേഹം പോലും അവസാനമായി കൊണ്ടുപോകാൻ പ്രയാസമായിരുന്നു. സഹോദരന്റെ വീട്ടിലായിരുന്നു അന്ന് നാട്ടുകാർക്ക് അന്ത്യോപചാരമൊരുക്കാൻ സൗകര്യമൊരുക്കിയത്. ജോയിയുടെ മരണത്തോടെ ചോർന്നൊലിക്കുന്ന വീട്ടിൽ തനിച്ചായ അമ്മയെ പുനരധിവസിപ്പിക്കുമെന്ന് കോർപ്പറേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. സർക്കാർ ആ ശുപാർശയാണ് അംഗീകരിച്ചിരിക്കുന്നത്.
3 സെന്റിൽ കുറയാത്ത സ്ഥലം ജില്ലാ പഞ്ചായത്ത് കണ്ടെത്തി കോർപ്പറേഷന് നൽകണം. സബ്സിഡി വ്യവസ്ഥകൾക്ക് വിധേയമായി അതിൽ കോർപ്പറേഷൻ വീട് നിർമ്മിക്കുക. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി അമ്മയെ പുനരധിവസിപ്പിക്കുമെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്. ജോയിയുടെ കുടുംബത്തിന് നേരത്തെ പത്ത് ലക്ഷം രൂപ കേരള സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ അനുവദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]