ജറുസലേം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭക്ഷ്യവിഷബാധയേറ്റു. അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നും അടുത്ത മൂന്ന് ദിവസത്തേക്ക് വീട്ടിലിരുന്ന് ചുമതലകൾ നിർവഹിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് ഞായറാഴ്ച അറിയിച്ചു.
കേടായ ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് അദ്ദേഹത്തിന് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്യുന്നത്. 75 വയസ്സുകാരനായ നെതന്യാഹുവിന് ശനിയാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
അദ്ദേഹത്തിന് കുടൽവീക്കവും നിർജ്ജലീകരണവും കണ്ടെത്തിയതിനെത്തുടർന്ന് ചികിത്സ തുടരുകയാണെന്ന് ഓഫീസ് പ്രസ്താവനയിൽ പറയുന്നു. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച്, പ്രധാനമന്ത്രി അടുത്ത മൂന്ന് ദിവസത്തേക്ക് വീട്ടിൽ വിശ്രമിക്കുകയും അവിടെ നിന്ന് ഔദ്യോഗിക കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ശരീരത്തിൽ പേസ്മേക്കർ ഘടിപ്പിച്ച നെതന്യാഹുവിന് 2023ൽ മൂത്രാശയ അണുബാധ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ഡിസംബറിൽ പ്രോസ്റ്റേറ്റ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതേസമയം, ദോഹയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള പരോക്ഷ വെടിനിർത്തൽ ചർച്ചകൾ പുനരാരംഭിച്ചിരുന്നു.
ഗാസയിൽ ബന്ദികളാക്കപ്പെട്ട മറ്റൊരു സംഘത്തെ കൂടി വളരെ പെട്ടെന്ന് മോചിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
യുഎസ് പിന്തുണയുള്ള ഒരു നിർദ്ദേശത്തിന്മേൽ ജൂലൈ ആറ് മുതൽ ചർച്ചകൾ നടക്കുന്നുണ്ട്. ഇത് ബന്ദികളെയും പലസ്തീൻ തടവുകാരെയും ഘട്ടം ഘട്ടമായി മോചിപ്പിക്കുന്നതിന് പകരമായി 60 ദിവസത്തെ വെടിനിർത്തൽ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.
നിലവിലെ പദ്ധതി അനുസരിച്ച്, 10 ഇസ്രായേലി ബന്ദികളെയും 18 പേരുടെ മൃതദേഹങ്ങളും രണ്ട് മാസത്തിനുള്ളിൽ തിരികെ നൽകും. അതേസമയം ഇസ്രായേൽ എത്ര പലസ്തീൻ തടവുകാരെ മോചിപ്പിക്കുമെന്നത് വെളിപ്പെടുത്തിയിട്ടില്ല.
വെടിനിർത്തൽ ഉടമ്പടി ആസന്നമാണെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, ഇതുവരെ അന്തിമ കരാറിൽ എത്തിയിട്ടില്ല. എന്നാൽ, ഇപ്പോഴത്തെ ചർച്ചകൾ പരാജയപ്പെട്ടാൽ വിശാലമായ ഒരു പൂർണ്ണ പാക്കേജിനായി തങ്ങൾ നിർബന്ധം പിടിച്ചേക്കുമെന്നാണ് ഹമാസിന്റെ ഒരു മുതിർന്ന സൈനിക വക്താവ് വെള്ളിയാഴ്ച വ്യക്തമാക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]