
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്തഘട്ട നിർമാണത്തിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട്. രണ്ടും മൂന്നും ഘട്ട നിർമ്മാണത്തിന്റെ ഭാഗമായുള്ള പബ്ലിക് ഹിയറിങ് പൂർത്തിയായി. റിംഗ് റോഡിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടുള്ള ആശങ്കയടക്കം പരിഹരിക്കണമെന്ന് ആവശ്യമുയർന്നു.
റിങ് റോഡിനായുള്ള സ്ഥലമേറ്റെടുപ്പ്, തീരശോഷണം, തൊഴിൽ നഷ്ടം, മുതലപ്പൊഴിയിലെ അപകടങ്ങൾ എന്നിവയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങൾക്കായുള്ള പാരിസ്ഥിതികാനുമതിയുടെ പബ്ളിക് ഹിയറിങിൽ ഉയർന്ന പ്രധാനപ്പെട്ട ആശങ്കകൾ. രണ്ടും മൂന്നും ഘട്ട നിര്‍മ്മാണത്തിന് പദ്ധതി പ്രദേശത്ത് കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടതില്ല. വിഴിഞ്ഞം, കോട്ടുകാല്‍ പ്രദേശമാണ് പദ്ധതി പ്രദേശമായി മാസ്റ്റര്‍ പ്ലാനില്‍ പറയുന്നത്.
എന്നാല്‍ രണ്ടും മൂന്നും ഘട്ട നിര്‍മ്മാണം കാരണം വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍ വരെയുള്ള തീരദേശത്ത് പാരിസ്ഥിതിക ആഘാതമുണ്ടാകുമെന്നും അതിനാൽ ഈ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ആവശ്യമുയർന്നു. ആശങ്കകൾക്ക് പരിഹാരം വേണമെന്ന നിലപാട് ലത്തീൻ അതിരൂപതയും അറിയിച്ചു. തുറമുഖ നിര്‍മ്മാണത്തെ പിന്തുണച്ച് മുക്കോലയില്‍ നിന്നുള്ള ജനകീയ സമിതിയുടെ പ്രവര്‍ത്തകരും പബ്ളിക് ഹിയറിങ്ങിന് എത്തിയിരുന്നു. എത്രയും വേഗം തുറമുഖം യാഥാർത്ഥ്യമാക്കണം എന്നാണ് ഇവരുടെ ആവശ്യം.
മൂന്നു മാസത്തിനുള്ളില്‍ അടുത്ത ഘട്ടങ്ങൾക്കുള്ള പാരിസ്ഥികാനുമതി ലഭിക്കുമെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രതീക്ഷ. സംഘർഷ സാധ്യത കണക്കിലെടുത്ത്, കനത്ത പൊലീസ് കാവലിലായിരുന്നു ഹിയറിംഗ്. അടുത്ത മാസം ആദ്യം ട്രയൽ റണ്ണിലേക്ക് കടക്കുകയാണ് വിഴിഞ്ഞം തുറമുഖം. രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി സെപ്റ്റംബറിൽ വിഴിഞ്ഞം കമ്മീഷൻ ചെയ്യും. ആദ്യ ഘട്ടത്തിൽ ഉയർന്ന എതിർപ്പുകൾ അയഞ്ഞത് രണ്ടും മൂന്നും ഘട്ടങ്ങൾ എളുപ്പമാക്കുമെന്നാണ് സർക്കാരിന്റെയും അദാനി ഗ്രൂപ്പിന്റെയും കണക്കുകൂട്ടൽ.
Last Updated Jun 20, 2024, 8:12 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]