
ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകര്‍പ്പൻ ജയം. 188 റൺസ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാൻ 17.1 ഓവറിൽ 6 വിക്കറ്റുകൾ ബാക്കി നിര്‍ത്തി കളി പിടിച്ചു. ഓപ്പണര്‍മാരായ യശസ്വി ജയ്സ്വാളും വൈഭവ് സൂര്യവൻഷിയും നായകൻ സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 33 പന്തുകൾ നേരിട്ട് 57 റൺസ് നേടിയ 14കാരൻ വൈഭവ് സൂര്യവൻഷിയാണ് രാജസ്ഥാന്റെ ടോപ് സ്കോറര്‍.
ഖലീൽ അഹമ്മദാണ് ചെന്നൈയുടെ ബൗളിംഗിന് തുടക്കമിട്ടത്. ഓപ്പണര്‍ യശസ്വ ജയ്സ്വാൾ രാജസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്. പവര്‍ പ്ലേയുടെ ആനുകൂല്യം മുതലെടുത്ത ജയ്സ്വാൾ 19 പന്തിൽ 36 റൺസെടുത്താണ് മടങ്ങിയത്. 5 ബൗണ്ടറികളും രണ്ട് സിക്സറുകളുമാണ് ജയ്സ്വാൾ പറത്തിയത്. പിന്നാലെ ക്രീസിലൊന്നിച്ച സഞ്ജു സാംസൺ – വൈഭവ് സൂര്യവൻഷി സഖ്യം ചെന്നൈയുടെ ബൗളര്‍മാര്‍ക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. 98 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 27 പന്തിൽ അര്‍ധ സെഞ്ച്വറി തികച്ച വൈഭവായിരുന്നു കൂടുതൽ അപകടകാരി.
33 പന്തിൽ 4 ബൗണ്ടറികളും 4 സിക്സറുകളും പറത്തി 57 റൺസ് നേടിയ വൈഭവിനെയും 31 പന്തിൽ 41 റൺസ് നേടിയ സഞ്ജുവിനെയും ഒരേ ഓവറിൽ തന്നെ പുറത്താക്കി രവിചന്ദ്രൻ അശ്വിൻ ചെന്നൈയെ മത്സരത്തിലേയ്ക്ക് തിരിച്ചെത്തിച്ചു. പക്ഷേ, അപ്പോഴേയ്ക്കും സമയം വൈകിയിരുന്നു. ക്രീസിലെത്തിയതിന് പിന്നാലെ രവീന്ദ്ര ജഡേജയെ കടന്നാക്രമിച്ച് ധ്രുവ് ജുറെൽ രാജസ്ഥാന്റെ സ്കോറിംഗിന് വേഗം കൂട്ടി. ഇതിനിടെ റിയാൻ പരാഗിന്റെ (3) വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. ധ്രുവ് ജുറെൽ 31 റൺസുമായും ഷിമ്രോൺ ഹെറ്റ്മയര്‍ 12 റൺസുമായും പുറത്താകാതെ നിന്നു.
ചെന്നൈയ്ക്ക് എതിരായ മത്സരത്തോടെ ഐപിഎല്ലിലെ ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. 14 മത്സരങ്ങളിൽ 4 ജയങ്ങളോടെ പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ് രാജസ്ഥാൻ. അവസാന സ്ഥാനക്കാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഒരു മത്സരം കൂടി അവശേഷിക്കുന്നുണ്ട്. മെയ് 25ന് നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസാണ് ചെന്നൈയുടെ എതിരാളികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]