
‘സമാധാനത്തിന് തുടക്കമിടും’: കുക്കി-മെയ്തെയ് ഗോത്രവിഭാഗങ്ങൾ ഒന്നിച്ച്; സിറോയ് ലില്ലി ഫെസ്റ്റിവലിന് മണിപ്പുരിൽ തുടക്കം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊൽക്കത്ത∙ ആരംഭിച്ച ശേഷം ആദ്യമായി കുക്കി-മെയ്തെയ് ഗോത്രവിഭാഗങ്ങൾ ഒന്നിച്ചു പങ്കെടുക്കുന്ന സിറോയ് ലില്ലി ഫെസ്റ്റിവലിന് ഉക്രുൽ ജില്ലയിൽ തുടക്കമായി. രണ്ടു വർഷം മുൻപ് ആരംഭിച്ച കലാപത്തിന് ശേഷം ആദ്യമായാണ് ഇരുവിഭാഗത്തിലെയും അംഗങ്ങൾ ഒന്നിച്ച് ഒരു ചടങ്ങിൽ പങ്കെടുക്കുന്നത്. ഗവർണർ അജയ് കുമാർ ഭല്ല ആഘോഷം ഉദ്ഘാടനം ചെയ്തു.
ഉക്രുൽ ജില്ലയിൽ താമസിക്കുന്ന കുക്കി ഗോത്രവിഭാഗക്കാരും ഇംഫാലിൽ നിന്നുള്ള മെയ്തെയ് വിഭാഗക്കാരും ആഘോഷത്തിൽ പങ്കാളികളായതായി ഉക്രുൽ ജില്ലാ കലക്ടറും മലയാളിയുമായ ആശിഷ് ദാസ് പറഞ്ഞു. ചില കുക്കി സംഘടനകളുടെ ഭീഷണിമൂലം ഉക്രുലിലേക്കുള്ള റോഡിൽ കേന്ദ്ര സേനയെ വ്യാപകമായി വിന്യസിച്ചിരുന്നു. സിറോയ് ലില്ലി ഫെസ്റ്റിവലിന്റെ ഒന്നാം ദിനമായ ഇന്നലെ അനിഷ്ട സംഭവങ്ങൾ ഒന്നും ഉണ്ടായില്ല. ആയിരത്തിലധികം കേന്ദ്ര സേനയെയാണ് ആഘോഷവേദിയിലും ഉക്രുലിലേക്കുള്ള പ്രധാന പാതകളിലും വിന്യസിച്ചത്.
ഏറ്റവും വലിയ ടൂറിസം ആഘോഷമാണ് സിറോയ് ലില്ലി ഫെസ്റ്റിവൽ. നാഗാ ഭൂരിപക്ഷ ജില്ലയായ ഉക്രുലിലെ പുൽമേടുകളിൽ സിറോയ് ലില്ലികൾ പൂക്കുന്ന സമയത്താണ് ഫെസ്റ്റിവൽ നടക്കുന്നത്. മണിപ്പുർ കലാപം ആരംഭിച്ച ശേഷം ആദ്യമായാണ് ഫെസ്റ്റിവൽ നടക്കുന്നത്. കലാപശേഷം ഇതുവരെ മുഖാമുഖം കാണാതിരുന്ന മെയ്തെയ്കളും കുക്കികളും സംയുക്തമായ ആഘോഷത്തിൽ പങ്കാളികളായി. സിറോയ് ലില്ലി ഫെസ്റ്റിവലിൽ പങ്കെടുക്കാൻ മെയ്തെയ്കളെ കുക്കി മേഖലകളിലൂടെ അനുവദിക്കില്ലെന്ന് നേരത്തേ കുക്കി ഗ്രാമസംരക്ഷണ സേന ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ കുക്കി സംഘടനകളുടെ ഏകോപന സമിതിയായ കുക്കി-സോ കൗൺസിൽ തള്ളിക്കളയുകയും ചെയ്തു.
ഇംഫാലിൽ നിന്നുള്ള മാധ്യമപ്രവർത്തരെ വഴിമധ്യേ തടഞ്ഞത് ഇതിനിടെ വിവാദത്തിന് കാരണമായി. മണിപ്പുർ ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസിൽ നിന്ന് മണിപ്പുർ എന്ന വാക്ക് മറച്ചുവയ്ക്കാൻ സുരക്ഷാ സേന ആവശ്യപ്പെടുകയായിരുന്നു. സംഘർഷം ഒഴിവാക്കുന്നതിനായിരുന്നു ഈ നിർദേശം. ഇതേത്തുടർന്ന് ഇംഫാലിൽ നിന്നുള്ള മെയ്തെയ് മാധ്യമപ്രവർത്തകർ സിറോയ് ലില്ലി ഫെസ്റ്റിവൽ ബഹിഷ്കരിച്ചു മടങ്ങി. മാധ്യമപ്രവർത്തകർ ബുധനാഴ്ച പണിമുടക്ക് നടത്തും. വിവിധ മെയ്തെയ് സംഘടനകളും ഇംഫാൽ താഴ് വരയിൽ പ്രതിഷേധപ്രകടനം നടത്തി. മുൻപ് മണിപ്പുർ ട്രാൻസ്പോർട് കോർപറേഷന്റെ ബസ് കുക്കികൾ തടയുകയും സംഘർഷത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ചെയ്തതതിനെത്തുടർന്നാണ് സുരക്ഷാ കാരണങ്ങളാൽ ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് സുരക്ഷാസേനയും പറഞ്ഞു.
സിറോയ് ലില്ലി ഫെസ്റ്റിവൽ മണിപ്പുരിൽ സമാധാനത്തിന് തുടക്കമിടുമെന്ന് ഗവർണർ അജയ് കുമാർ ഭല്ല പറഞ്ഞു. സമാധാനത്തിലൂടെ മാത്രമേ സംസ്ഥാനത്തിന് മുന്നേറാൻ കഴിയുകയുള്ളുവെന്നും അക്രമങ്ങളെ അടിച്ചമർത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉക്രുലിൽ നിന്ന് നാലു മണിക്കൂർ ട്രക്ക് ചെയ്ത് സിറോയ് പീക്കിൽ എത്തി ഗവർണർ സിറോയ് ലില്ലികൾ കാണാനെത്തി. ബിരേൻ സിങ് സർക്കാർ രാജിവച്ചതിനെത്തുടർന്ന് രാഷ്ട്രപതി ഭരണത്തിലാണ് മണിപ്പുർ.