
ബെംഗളൂരു: കഴിഞ്ഞ രണ്ട് വർഷത്തിനിടെ എക്സൈസ് തീരുവയിലും ലൈസൻസ് ഫീസിലും തുടർച്ചയായ വർധനവിനെ തുടർന്ന് കർണാടകത്തിലെ ആയിരക്കണക്കിന് ഡിസ്റ്റിലറികളും മെയ് 20 ന് പണിമുടക്കും. ഇതിന്റെ ഭാഗമായി പ്രതിഷേധ പ്രകടനവും കൂടാതെ മെയ് 21 ന് മദ്യ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി നിർത്തിവയ്ക്കും. കർണാടക വൈൻ മെർച്ചന്റസ് അസോസിയേഷൻ, നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ, കർണാടക ബ്രൂവറി ആൻഡ് ഡിസ്റ്റിലറീസ് അസോസിയേഷൻ എന്നിവ സംയുക്തമായാണ് പ്രതിഷേധം നടത്താൻ തീരുമാനിച്ചത്.
പ്രതിഷേധ സൂചകമായി സർക്കാർ ഡിപ്പോകളിൽ നിന്ന് മദ്യം വാങ്ങുന്നത് നിർത്താൻ കടയുടമകളും തീരുമാനിച്ചു. മെയ് 15നാണ് സർക്കാർ കരട് വിജ്ഞാപനത്തിൽ ലൈസൻസ് ഫീസ് ഇരട്ടിയാക്കിയതായി അറിയിച്ചത്, ഇതാണ് ഏറ്റവും ഒടുവിലത്തെ തിരിച്ചടി. സർക്കാർ തീരുമാനമാണ് വർദ്ധനവ്, ഞങ്ങൾ അത് നടപ്പാക്കുക മാത്രമാണ് ചെയ്തത്. മുൻ വർഷത്തെ ലക്ഷ്യം മറികടക്കാൻ വേണ്ടിയാണ് സര്ക്കാര് ഈ തീരുമാനം എടുത്തതെന്നും മുതിർന്ന എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നു. 2024-25 ലെ വരുമാന ലക്ഷ്യം 38,525 കോടി രൂപയായിരുന്നെങ്കിലും, വകുപ്പിന് 35,530 കോടി രൂപ മാത്രമാണ് നേടാനായത്, ഇത് ലക്ഷ്യത്തിന്റെ 92.3 ശതമാനം മാത്രമാണ്.
അതേസമയം, പുതിയ ലൈസൻസ് ഫീസ് വർദ്ധനവ് താങ്ങാനാവുന്ന വിലയിലുള്ള മദ്യവിൽപ്പനയെയും ചെറിയ കടകളെയും സാരമായി ബാധിക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ചെലവും ഉപഭോക്താക്കളുടെ എണ്ണത്തിലെ കുറവും കാരണം കഴിഞ്ഞ വർഷം ബംഗളൂരുവിലെ 40 ലധികം പബ്ബുകൾ അടച്ചുപൂട്ടിയിരുന്നു.
‘ഈ വർദ്ധനവ് ഞങ്ങളുടെ എല്ലാ ലാഭത്തെയും ഇല്ലാതാക്കുകയാണ്. മുമ്പ്, അധിക എക്സൈസ് തീരുവ വർധനവായിരുന്നു, ഇപ്പോൾ ലൈസൻസ് ഫീസ് പോലും ഇരട്ടിയാക്കിയിരിക്കുന്നു. ഞങ്ങൾ കടകൾ അടച്ചുപൂട്ടുന്നതാണ് നല്ലത്. ഏറ്റവും കൂടുതൽ കച്ചവടം നടക്കുന്ന വേനൽക്കാലത്ത് പോലും കാര്യമായ വിൽപ്പനയില്ല’ കോറമംഗലയിലെ ഒരു പബ്ബ് ശൃംഖലയുടെ ഉടമ പറയുന്നു.ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ഈ ചെലവുകൾ താങ്ങാൻ കഴിയില്ലെന്ന് കർണാടക വൈൻ മെർച്ചന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് സമ്പത്ത് കുമാറും പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]