
ബംഗളുരു: ബാങ്കിൽ ഉപഭോക്താക്കൾ പണയം വെച്ചിരുന്ന 3.6 കിലോഗ്രാം സ്വർണം ബാങ്ക് ജീവനക്കാരൻ തട്ടിയെടുത്ത് സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചു. ഈ സ്വർണം ഇയാൾ മറ്റ് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും കൊണ്ടുപോയി പണയം വെയ്ക്കുകയായിരുന്നു. ഏറെ നാൾ കഴിഞ്ഞാണ് ബാങ്ക് അധികൃതർ ഇത് കണ്ടെത്തി പരാതി നൽകിയതും ജീവനക്കാരൻ അറസ്റ്റിലായതും. ബംഗളുരു ദേവനഗരെയിലെ സ്വകാര്യ ബാങ്ക് ശാഖയിലാണ് സംഭവം. ഇതിനൊക്കെ പുറമെ താൻ ജോലി ചെയ്യുന്ന ബാങ്കിൽ 2.7 കിലോ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടുകയും ചെയ്തു.
ബാങ്കിൽ ഗോൾഡ് ലോൺ ഓഫീസറായി ഇക്കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ജോലി ചെയ്യന്ന ടി.പി സഞ്ജയ് (33) ആണ് പിടിയിലായത്. ബാങ്കിൽ ഉപഭോക്താക്കൾ പണയം വെയ്ക്കാൻ കൊണ്ടുവന്ന 3.6 കിലോഗ്രാം സ്വർണം ആരുമറിയാതെ എടുത്ത് കൊണ്ടുപോയി മറ്റ് ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പണയം വെച്ച് 1.8 കോടി രൂപ വാങ്ങി. ഇതിന് പുറമെയാണ് 2.7 കിലോയുടെ മുക്കുപണ്ടം കൂടി പണയം വെച്ചത്. സ്വന്തം ബന്ധുക്കളുടെയും കുടുംബാംങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിലായിരുന്നു ഈ സ്വർണ പണയങ്ങളെല്ലാം. ഇങ്ങനെ സമ്പാദിച്ച പണമെല്ലാം ചെലവഴിച്ചതാവട്ടെ ഓൺലൈൻ ചൂതാട്ടത്തിനും ആഡംബര ജീവിതത്തിനും.
ബാങ്കിൽ ഉപഭോക്താക്കൾ കൊണ്ടുവരുന്ന സ്വർണം പരിശോധിക്കേണ്ട ചുമതലയായിരുന്നു സഞ്ജയ്ക്കുണ്ടായിരുന്നത്. ഇതിന് പുറമെ സാധനങ്ങളുടെ രേഖകൾ സൂക്ഷിക്കേണ്ടതും ഇയാളായിരുന്നു. ഈ സ്ഥാനം ദുരുപയോഗം ചെയ്താണ് പലപ്പോഴായി ലോക്കറിൽ നിന്ന് ആഭരണങ്ങൾ മാറ്റിയത്. കഴിഞ്ഞ മാസം സ്വർണ പണയത്തിന്റെ ഓഡിറ്റ് നടന്നപ്പോഴാണ് ഉപഭോക്താക്കൾ കൊണ്ടുവെച്ചിരുന്ന പല സാധനങ്ങളും ബാങ്കിൽ ഇല്ലെന്ന് മനസിലായത്. സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ കള്ളൻ ബാങ്കിനകത്ത് തന്നെയെന്ന് ബോധ്യപ്പെട്ടു. ഇതോടെ കെജെകെ നഗർ പൊലീസ് സ്റ്റേഷനിൽ ബാങ്ക് ഉദ്യോഗസ്ഥർ പരാതി നൽകുകയായിരുന്നു.
വിശദമായ അന്വേഷണത്തിൽ ബാങ്കിലെ സ്വർണം എടുത്തുകൊണ്ടുപോയി പണയം വെച്ചെന്ന് മനസിലായി. കോടതി അനുമതിയോടെ ഇവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിസിഎ ബിരുദധാരിയായ പ്രതി നേരത്തെ പല ധനകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഇവിടെ നിന്നുള്ള പരിചയം കാരണം മികച്ച പ്രവർത്തനമായിരുന്നത്രെ ബാങ്കിൽ ജോലി ലഭിച്ച ശേഷവും നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]