
കൃത്യമായ പഠനം, മുൻകരുതലുകൾ, ആരോഗ്യ സംരക്ഷണം, ഭക്ഷണക്രമം അങ്ങനെ പല പല കാര്യങ്ങൾ നോക്കിയാണ് ഓരോ ബഹിരാകാശ യാത്രക്കും യാത്രികർ തയ്യാറാകുന്നത്. ദിവസങ്ങളോ മാസങ്ങളോ നീണ്ടു നിൽക്കുന്ന യാത്ര ആയതിനാൽ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ബഹിരാകാശത്ത് എത്തുന്ന യാത്രികർക്ക് ആരോഗ്യദായകമായ ഭക്ഷണം നൽകുന്നതിനായി കൃത്യമായ പദ്ധതികൾ ഉണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ വാർത്ത ചന്ദ്രനിൽ മത്സ്യകൃഷിയുടെ സാധ്യത തേടുകയാണ് ശാസ്ത്രജ്ഞർ എന്നതാണ്. തെക്കൻ ഫ്രാൻസിൽ ഡോ. സിറിൽ പ്രസിബൈലയുടെ നേതൃത്വത്തിലാണ് ഗവേഷണങ്ങൾ പുരോഗമിക്കുന്നത്. സീ ബാസ് മത്സ്യത്തിന്റെ മുട്ട വിരിയിച്ച് അതിനെ ചന്ദ്രനിൽ വളർത്താനുള്ള സാധ്യതകളെ കുറിച്ചുള്ള പഠനമാണ് പുരോഗമിക്കുന്നത്.
ബഹിരാകാശ യാത്രികരെ ആരോഗ്യത്തോടെ നിലനിർത്താൻ സീ ബാസ് മത്സ്യം സഹായിക്കുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. പ്രോട്ടീന്റെ മികച്ച ഉറവിടമാണ് സീ ബാസ് മീനുകൾ എന്നതാണ് പ്രധാന കാരണം. ഇതിനൊപ്പം തന്നെ ദഹനത്തിനും ഏറെ ഗുണം ചെയ്യും ഇവ. മനുഷ്യരുടെ പേശികളുടെ ബലം നിലനിർത്താൻ ആവശ്യമായ ഒമേഗ 3 യും പ്രധാനപ്പെട്ട മറ്റ് വിറ്റാമിനുകളും ഈ മീനുകളിൽ ഉണ്ടെന്നതും മറ്റൊരു യാഥാർത്ഥ്യം.
വളർച്ച എത്തിയ സീ ബാസ് മത്സ്യത്തെ ജീവനോടെ ചന്ദ്രനിലേക്ക് അയക്കാൻ അല്ല, പകരം ഭൂമിയിൽ വെച്ച് ബീജ സങ്കലനം നടത്തി, മുട്ടകൾ പിന്നീട് ബഹിരാകാശത്തേക്ക് വിക്ഷേപിക്കാനാണ് പദ്ധതി. ചന്ദ്രനിലേക്കുള്ള യാത്രാ സമയവും മീൻ മുട്ട വിരിയുന്ന സമയവും ഏകദേശം തുല്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് വ്യക്തമാകുന്നത്. ഗവേഷകരുടെ വിലയിരുത്തലിൽ ബഹിരാകാശ യാത്രക്കിടയോ ചന്ദ്രനിൽ ഇറങ്ങിയതിന് ശേഷമോ മീൻ മുട്ട വിരിയാനാണ് സാധ്യത. പിന്നീട് ഈ മീനുകളെ ചന്ദ്രനിൽ പ്രത്യേകം തയ്യാറാക്കുന്ന ടാങ്കുകളിൽ വളർത്താനും സാധിച്ചേക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഭൂമിയിൽ ഉപയോഗിക്കുന്ന അക്വാകൾച്ചർ സംവിധാനങ്ങൾക്ക് സമാനമായ രീതിയിലായിരിക്കും ചന്ദ്രനിൽ മത്സ്യവളർത്തൽ. 16 ആഴ്ച നീണ്ടുനിൽക്കുന്ന ദൗത്യത്തിന് 200 മത്സ്യങ്ങൽ വേണ്ടി വരും. മത്സ്യത്തെ വളർത്തുകയായണെങ്കിൽ ഏഴ് അംഗ സംഘത്തിന് ആഴ്ചയിൽ രണ്ട് തവണ മത്സ്യം അടങ്ങിയ ഭക്ഷണം നൽകാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ബഹിരാകാശത്തേക്ക് മത്സ്യങ്ങളെ അയയ്ക്കുന്നത് പുതിയ കാര്യമല്ല. 1970 കളിൽ പരീക്ഷണത്തിനായി ഗപ്പിയടക്കമുള്ള മത്സ്യങ്ങളെ അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിലേക്ക് അയച്ചിരുന്നു. 2015 ൽ മൈക്രോഗ്രാവിറ്റിയിൽ പേശികളുടെ ക്ഷയം എങ്ങനെയെന്ന് പഠിക്കാനായി സീബ്രാ ഫിഷിനെ അയച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം ഏപ്രിലിൽ ചൈനയും ബഹിരാകാശ നിലയത്തിലേക്ക് നിരവധി സീബ്രാ ഫിഷുകളെ അയച്ചിരുന്നു. മറ്റ് ദൗത്യങ്ങളിൽ ഓയിസ്റ്റർ ടോഡ് ഫിഷ്, വാൾടെയിൽസ്, മെഡാക്കകൾ, ഗപ്പികൾ, ഗോൾഡ് ഫിഷ് അയച്ചിട്ടുണ്ട്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി മത്സ്യങ്ങളെ ഭക്ഷ്യ യോഗമാക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഒപ്പം തന്നെ ഈ മത്സ്യമുട്ടകൾക്ക് വിക്ഷേപണ സമയത്ത് ഉണ്ടാവുന്ന വൈബ്രേഷൻസ് അടക്കം അതിജീവിക്കാൻ കഴിയുമോയെന്നും പരീക്ഷണം നടക്കുന്നുണ്ട്. റേഡിയേഷൻ, ഭാരമില്ലായ്മ, കുലുക്കം തുടങ്ങിയവ അതിജീവിക്കാൻ മത്സ്യമുട്ടയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ. 2034 ആയിരിക്കും മത്സ്യമുട്ടകൾ ബഹിരാകാശത്ത് എത്തിച്ച് പരീക്ഷണം നടത്തുക. പരീക്ഷണം വിജയിച്ചാൽ ഒരു പക്ഷെ ബഹിരാകാശത്ത് ജീവൻ നിലനിർത്തുന്ന പരീക്ഷണങ്ങൾക്ക് പുതിയ വാതിലുകൾ കൂടിയാകും തുറക്കപ്പെടുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]