
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഭേദപ്പെട്ട തുടക്കം. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെടുത്തിട്ടുണ്ട്. ഷെയ്ക് റഷീദ് (17), രവീന്ദ്ര ജഡേജ (2) എന്നിവരാണ് ക്രീസില്‍. രചിന് രവീന്ദ്ര (5), ആയുഷ് മാത്രെ (15 പന്തില്‍ 32) എന്നിവരുടെ വിക്കറ്റാണ് ചെന്നൈക്ക് നഷ്ടമായത്. അശ്വനി കുമാറിനാണ് രചിന്റെ വിക്കറ്റ്. ആയുഷിനെ ദീപക് ചാഹറും മടക്കി. നേരത്ത, മുംബൈ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.
പതിഞ്ഞ തുടക്കമായിരുന്നു ചെന്നൈക്ക്. നാലാം ഓവറിന്റെ ആദ്യ പന്തില്‍ രചിന് മടങ്ങുമ്പോള്‍ സ്കോര്‍ബോര്‍ഡില്‍ 16 റണ്‍സ് മാത്രം. അശ്വിനിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റ്യാന്‍ റിക്കിള്ട്ടണ് ക്യാച്ച് നല്‍കിയാണ് രചിന് മടങ്ങുന്നത്. പിന്നീട് ക്രീസിലെത്തിയത് ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്ന ആയുഷ് മാത്രെ. അതേ ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും പായിച്ച് ആയുഷ് വരവറിയിച്ചു. തൊട്ടടുത്ത ഓവറില്‍ ഒരു ഫോറും ആയുഷ് നേടി. എന്നാല്‍ ഏഴാം ഓവറില്‍ മടങ്ങി. ദീപക് ചാഹറിന്റെ പന്തില്‍ മിച്ചല്‍ സാന്റ്നര്‍ക്ക് ക്യാച്ച്. രണ്ട് സിക്സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്സ്. ഒരു മാറ്റവുമായിട്ടാണ് ചെന്നൈ ഇറങ്ങിയത്. രാഹുല്‍ ത്രിപാദിക്ക് പകരം ആയുഷ് ടീമിലെത്തി. മുംബൈ മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
മുംബൈ ഇന്ത്യന്‍സ്: റയാന് റിക്കല്ടണ് (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്ക്സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, മിച്ചല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, അശ്വനി കുമാര്‍.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയ്ക് റഷീദ്, രചിന് രവീന്ദ്ര, ആയുഷ് മാത്രെ, രവീന്ദ്ര ജഡേജ, ശിവം ദുബെ, വിജയ് ശങ്കര്‍, ജാമി ഓവര്ട്ടണ്, എംഎസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.
ഇത്തവണ ചെന്നൈയില്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈക്കായിരുന്നു ജയം. അതുകൊണ്ട് തന്നെ സ്വന്തം മൈതാനത്ത് പ്രതികാരം തീര്‍ക്കാനുള്ള അവസരം കൂടിയാണ് മുംബൈ ഇന്ത്യന്‍സിന് ഇന്നത്തെ മത്സരം. സീസണ് പകുതി പിന്നിടുമ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇപ്പോള്‍ തുലാസിലാണ്. അവശേഷിക്കുന്ന ഏഴ് കളിയില്‍ ആറെണ്ണത്തിലും ജയിക്കാതെ ചെന്നൈക്ക് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവില്ല. മുംബൈയുടേതും അത്ര മികച്ച സ്ഥിതിയല്ലെങ്കിലും ചെന്നൈയെക്കാള്‍ ഒരു മത്സരം അധികം ജയിച്ചതിന്റെ ആനുകൂല്യം മുംബൈക്കുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]