
‘അവിടെ കണ്ടത് റെയിൽപാളത്തിൽ തലവച്ചു കിടക്കുന്ന ചേട്ടനെ; ഷൈനിയും ജിസ്മോളും ഒരിക്കലെങ്കിലും ഇവിടെ വന്നിരുന്നെങ്കിൽ..’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
‘‘, വഴിയിൽ കൂടി ഒരാൾ നടന്നു പോകുന്നതു കണ്ടു. ഡ്രൈവർ വണ്ടി നിർത്തി കാര്യം അന്വേഷിച്ചു. ചേട്ടനെ കാണാനില്ലെന്നും ബൈക്ക് അപ്പുറത്ത് ഇരിപ്പുണ്ടെന്നും അയാൾ പറഞ്ഞു. ‘എങ്കിൽ വാ നോക്കാ’മെന്ന് പറഞ്ഞ് അയാളെയും വണ്ടിയിൽ കയറ്റി അന്വേഷണം തുടങ്ങി. റെയിൽവേ ട്രാക്കിനു സമീപം ചെന്നപ്പോൾ കണ്ടത്, പാളത്തിൽ തലവച്ച് കിടക്കുന്ന ചേട്ടനെയാണ്. പെട്ടെന്ന് ഓടിച്ചെന്ന് ആളെ സമാധാനിപ്പിച്ച് എഴുന്നേൽപ്പിച്ചു. പിറ്റേദിവസം പുള്ളി വിളിച്ച് ഒരുപാട് നന്ദി പറഞ്ഞു. പെട്ടെന്നുണ്ടായ തോന്നലിൽ ചെയ്തു പോയതാണെന്ന് പറഞ്ഞു. സാമ്പത്തിക ബാധ്യത മൂലമായിരുന്നു .’’– കോട്ടയം ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ എ.എസ്.അൻസലിന് ഇത്തരം നൂറുകണക്കിന് അനുഭവങ്ങൾ പറയാനുണ്ട്.
രണ്ടു മാസത്തെ ഇടവേളയിൽ കേരളത്തെ നടുക്കിയ രണ്ടു കൂട്ട ആത്മഹത്യക്കേസുകളുടെ അന്വേഷണച്ചുമതല വഹിക്കുന്നയാളാണ് എ.എസ്.അൻസൽ. ഏറ്റുമാനൂർ പാറോലിക്കലിൽ ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനി കുര്യാക്കോസിന്റെയും മക്കളുടെയും മീനച്ചിലാറ്റിൽ ചാടി മരിച്ച അഭിഭാഷകയും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ജിസ്മോൾ തോമസിന്റെയും മക്കളുടെയും കേസുകളാണ് അൻസൽ അന്വേഷിക്കുന്നത്.
ആത്മഹത്യകൾ തടയാൻ ഒട്ടേറെ മാർഗങ്ങൾ സ്വീകരിക്കുമ്പോഴും ഈ രണ്ടു സംഭവങ്ങൾ മനസ്സിനെ നൊമ്പരപ്പെടുത്തുന്നുവെന്ന് അൻസൽ കഴിഞ്ഞദിവസം സമൂഹമാധ്യമത്തിൽ എഴുതിയിരുന്നു. ജീവനൊടുക്കാൻ തീരുമാനിക്കും മുൻപ് ഷൈനിയും കുഞ്ഞുങ്ങളും ഞങ്ങളെ വന്നു കണ്ടിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോയി. കുഞ്ഞു ശരീരങ്ങൾ ഇൻക്വസ്റ്റ് ടേബിളിൽ എടുത്തു വയ്ക്കുമ്പോൾ തന്റെ മക്കളുടെ മുഖമാണ് മനസ്സിലേക്കു വരുന്നതെന്നും വികാരനിർഭരമായ കുറിപ്പിൽ അൻസിൽ പറയുന്നുണ്ട്. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്നും പ്രശ്നങ്ങൾ തരണം ചെയ്യാനും അതിൽനിന്ന് ഉയർത്തെഴുന്നേൽക്കാനും പൊലീസ് സംവിധാനം എപ്പോഴും കൂടെയുണ്ടെന്നും ഓർമപ്പെടുത്തി അൻസൽ മനോരമ ഓൺലൈനോട് സംസാരിക്കുന്നു.
∙ എന്തായിരുന്നു ആ കുറിപ്പ് എഴുതാനുണ്ടായ മാനസികാവസ്ഥ?
സമാനമായ രണ്ടു സംഭവങ്ങൾ ഉണ്ടായി. ഷൈനിയും ജിസ്മോളും ജീവനൊടുക്കിയത് അവരുടെ പെൺമക്കളെയും കൂട്ടിയാണ്. ആ കൊച്ചുകുട്ടികളുടെ ശരീരം ഇൻക്വസ്റ്റ് ടേബിളിൽ കാണുമ്പോൾ ഒരു മരവിപ്പുണ്ട്. ഒരു ‘ഡിറ്ററിന്റ് ഇഫക്ട്’ ആകട്ടെ എന്നു കരുതിയാണ് ആ പോസ്റ്റിട്ടത്. ആരുടെയെങ്കിലും മനസ്സിൽ കുഞ്ഞുങ്ങൾക്കൊപ്പം ജീവനൊടുക്കാൻ ഒരു ചെറിയ ആലോചനയെങ്കിലും ഉണ്ടെങ്കിൽ അവരെ അതിൽനിന്നു പിന്തിരിപ്പിക്കുകയായിരുന്നു ലക്ഷ്യം. അവരെ സഹായിക്കാൻ സർക്കാർ ഏജൻസികളും പൊലീസും ഒപ്പമുണ്ടെന്ന ഉറപ്പായിരുന്നു ആ പോസ്റ്റ്. ആത്മഹത്യ പെട്ടെന്നുള്ള പ്രകോപനത്തിന്റെ പുറത്തുണ്ടാകുന്നതാണ്. ചെറിയൊരു ഇടപെടൽ മതി അവരെ അതിൽനിന്നു പിന്തിരിപ്പിക്കാൻ. പൊലീസുകാർക്ക് അതിൽ വലിയ പങ്കു വഹിക്കാനാവും.
∙ പരാതിയുമായി എത്തുന്നവരെ പൊലീസ് എങ്ങനെയൊക്കെയാണ് സഹായിക്കുന്നത്?
ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ പറ്റുന്നില്ലെന്ന പരാതിയുമായി മിക്ക ദിവസവും സ്ത്രീകൾ സ്റ്റേഷനിലെത്താറുണ്ട്. ഇവരെയെല്ലാം നമ്മൾ സ്റ്റേഷനിലേക്ക് വിളിപ്പിക്കാറുണ്ട്. ചിലർ ഒത്തുതീർപ്പിലെത്തും. അല്ലാത്തവരെ കൃത്യമായി സ്റ്റേഷനിൽ വിളിച്ച് ഒപ്പിടീക്കും. 2025 ജനുവരി 1 മുതൽ മാർച്ച് 30 വരെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ വന്ന 700 പരാതികളിൽ 500 ഓളം കുടുംബ പ്രശ്നങ്ങളാണ്. ഇതിൽ പത്തു ശതമാനത്തോളം, പ്രശ്നങ്ങൾക്കു പരിഹാരമുണ്ടായില്ലെങ്കിൽ ആത്മഹത്യയല്ലാതെ വേറെ വഴിയില്ലെന്നു സങ്കടം പറയുന്നവരാണ്.
മദ്യപിച്ചു വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നവരോട്, രാത്രി എട്ടിനു ശേഷം സ്റ്റേഷനിൽ വന്ന് ഒപ്പിടണമെന്നു നിർദേശിച്ചിട്ടുണ്ട്. വന്നില്ലെങ്കിൽ വിളിച്ചു ചോദിക്കും. കുഴപ്പമില്ല, ഒപ്പിടൽ നിർത്താമെന്നു ഭാര്യമാർ പറഞ്ഞാലേ ഒപ്പിടൽ നിർത്തൂ. 120 ലധികം ബുക്കുകളാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ മാത്രമുള്ളത്. ഒരിക്കൽ ഒപ്പിട്ടാൽ വീണ്ടും പൊലീസ് സ്റ്റേഷനിലേക്കു വരാൻ അവർ ആഗ്രഹിക്കുന്നില്ല; അതാരാണെങ്കിലും. പൊലീസ് അവരെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. അത്തരം നടപടികളിലൂടെ ഒരുപാടു പേരെ ആത്മഹ്യയിൽനിന്നു രക്ഷിക്കാനായിട്ടുണ്ട്.
∙ പരാതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് വരാൻ മടിക്കുന്നവരെ കണ്ടെത്താൻ സംവിധാനമുണ്ടോ?
കുടുംബപ്രശ്നങ്ങളുടെ പേരിൽ പൊലീസിൽ പരാതിയുമായി എത്തിയവരിൽ ആരും ആത്മഹത്യയിലേക്കു പോയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാം. ഷൈനിയും ജിസ്മോളും സ്റ്റേഷനിൽ വന്ന് പരാതി നൽകിയിട്ടില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ അവരെ സഹായിക്കാൻ സാധിക്കുമായിരുന്നെന്ന് ഉറപ്പുണ്ട്. പൊലീസിനെ സമീപിക്കാൻ മടിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമവും ഞങ്ങൾ നടത്തുന്നുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, സന്നദ്ധ സംഘടനകൾ തുടിങ്ങിയവരുമായി ചേർന്നാണ് അത്. കുടുംബപ്രശ്നങ്ങൾ ഉള്ളവരെ അങ്ങോട്ടു ചെന്നു സഹായിക്കാനും ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാനുമാണ് പൊലീസിന്റെ ശ്രമം.
∙ പ്രശ്നങ്ങളുണ്ടാകുമ്പോൾ ആത്മഹത്യയെപ്പറ്റി ആലോചിക്കുന്നവരോട് എന്താണു പറയാനുള്ളത്?
വ്യക്തിപരമോ കുടുംംബപരമോ ആയ എന്തു പ്രശ്നവും പരിഹരിക്കാൻ സർക്കാർ തലത്തിൽ സംവിധാനമുണ്ട്. കൗൺസലിങ് സെന്ററുകളുണ്ട്, പൊലീസ് സ്റ്റേഷനുകളുണ്ട്. ജീവൻ കളയുക എന്നത് പരിഹാരമല്ല. അങ്ങനെ സ്വന്തം ജീവൻ നഷ്ടപ്പെടുത്തി അവർ പോയാലും അവരെ സ്നേഹിക്കുന്ന ഒരുപാട് പേർക്ക് അതു വേദനയാകും നൽകുക. എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാനും അതിൽനിന്ന് ഉയർത്തെഴുന്നാൽക്കാനും പൊലീസ് എപ്പോഴും കൂടെയുണ്ടാകും.