
എഫ്ഐആർ ദുർബലമെന്ന് നിയമോപദേശം; ലഹരിക്കേസിൽ ഷൈൻ കോടതിയെ സമീപിച്ചേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ രാസലഹരി ഉപയോഗിച്ച കേസിൽ തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കാൻ നടൻ കോടതിയെ സമീപിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഷൈൻ അഭിഭാഷകരുമായി ചർച്ച നടത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം ശേഖരിച്ച ശരീര സ്രവങ്ങളുടെ പരിശോധനാ ഫലം വന്നതിനുശേഷം കോടതിയെ സമീപിക്കാനാണ് നീക്കം. ഫലം ഷൈനിന് അനുകൂലമെങ്കിൽ നിയമ നടപടി തുടങ്ങും.
അതേസമയം, ശാസ്ത്രീയ പരിശോധനയിൽ സാന്നിധ്യം കണ്ടുപിടിക്കാതിരിക്കാൻ ഷൈൻ ആന്റിഡോട്ട് ഉപയോഗിച്ചിരുന്നോയെന്നും സംശയിക്കുന്നുണ്ട്. ഷൈനിനെതിരെ ചുമത്തിയത് ദുർബലമായ എഫ്ഐആർ ആണെന്ന് ഷൈനിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. നർകോട്ടിക്സ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് (എൻഡിപിഎസ്) 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ബിഎൻഎസിലെ വകുപ്പ് 238 (തെളിവു നശിപ്പിക്കൽ) കുറ്റങ്ങളാണ് ഷൈനിനെതിരെ ചുമത്തിയത്.
ബുധനാഴ്ച ഡാൻസാഫ് ടീം ഹോട്ടലിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിൽനിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ലഹരി മരുന്ന് ഉപയോഗിക്കുന്നതിനുള്ള ഗൂഢാലോചന നടത്താനാണ് ഷൈൻ ടോം ചാക്കോയും രണ്ടാം പ്രതി മലപ്പുറം സ്വദേശി അഹമ്മദ് മുർഷാദും മുറിയിൽ ഒത്തുകൂടിയതെന്നും തെളിവു നശിപ്പിക്കാനാണ് ജനലിൽ കൂടി പുറത്തു പോയതെന്നും എഫ്ഐആറിൽ പറയുന്നു. സ്റ്റേഷൻ ജാമ്യം ലഭിച്ച ഷൈൻ ടോമിനോട് നാളെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.