
കൊച്ചി : ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോയുടെ മൊഴികൾ വിശദമായി പരിശോധിച്ച് പൊലീസ്. ഷൈൻ ടോമിന്റെ അക്കൗണ്ടിലെ ചില ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ചില വ്യക്തികൾക്ക് കൈമാറിയ 2000 രൂപയ്ക്കും 5000 രൂപയ്ക്കും ഇടയിലുള്ള ഇടപാടുകളിലാണ് സംശയം. സമീപ കാലത്ത് ഇത്തരത്തിൽ നടന്ന 14 പണ ഇടപാടുകളെ കുറിച്ച് വിശദമായ പരിശോധന നടത്തും. ഈ ഇടപാടുകൾ ലഹരിക്ക് വേണ്ടിയുള്ള പണം കൈമാറ്റമായിരുന്നോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഈ ഇടപാടുകളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് താൻ പലർക്കും കടം കൊടുത്ത പണമാണിതെന്നാണ് ഷൈനിൻ്റെ വിശദീകരണം.
സെറ്റിലെ ദുരനുഭവം: അങ്ങനൊരു സംഭവേ അറിഞ്ഞില്ലെന്ന് സംവിധായകൻ, അന്നേ പറഞ്ഞിരുന്നുവെന്ന് വിൻസി
നാളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് മുൻപ് ലഹരിക്കേസിൽ ഷൈൻ ടോം ചാക്കോയുടെ മൊഴികൾ വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ലഹരി ഉപയോഗത്തിലെ ശാസ്ത്രീയമായ സ്ഥിരീകരണത്തിന് വൈദ്യ പരിശോധന ഫലം ലഭിക്കാൻ കാത്തിരിക്കുകയാണ് അന്വേഷണസംഘം. ഹോട്ടലില് തങ്ങിയത് ലഹരി ഉപയോഗിക്കാൻ എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഷൈനിന്റെയും കേസിലെ രണ്ടാം പ്രതി അഹമദ് മുർഷാദിന്റെയും ഫോണുകൾ വിശദ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. ഹോട്ടലുകളിൽ താമസിച്ചിരുന്ന ദിവസങ്ങളിൽ ഷൈനിനെ സന്ദർശിച്ചവരുടെ പട്ടികയും അടുത്തിടെ ഷൈൻ കേരളത്തിനു പുറത്തേക്ക് നടത്തിയ യാത്രകളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.
നാളെ ഫിലിം ചേമ്പർ യോഗം
ഷൈൻ ടോം ചാക്കോ വിഷയത്തിൽ നാളെ ഫിലിം ചേമ്പർ കൊച്ചിയിൽ യോഗം ചേരും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഷൈനിനെ സിനിമകളിൽ നിന്ന് മാറ്റി നിർത്താൻ സിനിമ സംഘടനകളോട് ചേമ്പർ ശുപാർശ ചെയ്തേക്കും. നാളെ കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ സൂത്രവാക്യം സിനിമയുടെ അണിയറ പ്രവർത്തകരും, സിനിമയിലെ ഐസിസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. വിൻസിയെയും ഷൈൻ ടോം ചാക്കോയെയും കേട്ട ശേഷമായിരിക്കും നടപടി. താരസംഘടന അമ്മയും ഷൈൻ ടോം ചാക്കോയിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. നാളേക്കുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം. ഷൈനെതിരെയുള്ള കേസ് മലയാള സിനിമ മേഖലയിലേക്ക് കൂടുതൽ അന്വേഷണങ്ങളിലേക്ക് വഴി തുറക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ഷൈൻ വെളിപ്പെടുത്തിയിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസിൻറെ തുടർ നീക്കങ്ങളാകും ഇത് തീരുമാനിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]