
തിരുവനന്തപുരം: സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി തിരുവനന്തപുരം ശാസ്താംപാറയില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് ആന്‍ഡ് ട്രെയിനിങ് സെന്റര്‍ പദ്ധതി നടപ്പാക്കാൻ ടൂറിസം വകുപ്പ്. തിരുവനന്തപുരം വിളപ്പില്‍ശാല ശാസ്താംപാറയില്‍ 4.85 ഹെക്ടര്‍ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ടൂറിസം വകുപ്പിന്റെ ഇന്‍വെസ്റ്റേഴ്സ് മീറ്റിലെ പദ്ധതിയാണിത്. പൊതു, സ്വകാര്യ സംരംഭകരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
ഹൈറോപ്പ് ആക്ടിവിറ്റി, ട്രെക്കിങ്, എടിവി റൈഡ്, സിപ് ലൈന്‍, എംടിബി, ടെന്റ് ക്യാമ്പിങ്, സിപ് സൈക്കിള്‍, റോക്ക് ക്ലൈമ്പിങ് തുടങ്ങിയ സാഹസിക വിനോദ പ്രവര്‍ത്തനങ്ങള്‍ 12 ഏക്കര്‍ സ്ഥലത്തുള്ള ശാസ്താംപാറയില്‍ സാധ്യമാണ്. കൂടാതെ ബേസിക്ക് ട്രെയിനിങ് കോഴ്സുകള്‍ സംഘടിപ്പിക്കാനും ഇവിടെ കഴിയും. തിരുവനന്തപുരം നഗരത്തിൽനിന്നും ഏകദേശം 14 കിലോമീറ്റർ അകലെയാണ് ശാസ്താംപാറയെങ്കിലും അവധി ദിനങ്ങളിലെല്ലാം സന്ദർശകരുടെ തിരക്കാണിവിടെ.
പാറയ്ക്ക് മുകളിലുള്ള വറ്റാത്ത കുളം ഇവിടെയെത്തുന്നവരെ ഏറെ ആകർഷിക്കുന്നു.
ഒരേ സ്ഥലത്തു നിന്നും അറബികടലും അഗസ്ത്യാർകൂടവും കാണാമെന്നതും തലസ്ഥാനത്ത് ശാസ്താംപാറയുടെ മാത്രം പ്രത്യേകതയാണ്. സമുദ്ര നിരപ്പിൽ നിന്നും 1800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാറക്കൂട്ടങ്ങൾ ചേർന്ന പ്രദേശമാണിതെന്നതിനാലാണ് സാഹസിക ടൂറിസത്തിൻ്റെ സാധ്യത. 400 മീറ്റര്‍ കയറ്റം കയറിയാല്‍ മുകളിലെത്താം. മുകളിലെത്തിയാല്‍ ഒരു കഫെറ്റീരിയയും കുട്ടികളുടെ പാര്‍ക്കും നിലവിലുണ്ട് . കൂടാതെ കുന്നിന് മുകളിലെ ശാസ്താക്ഷേത്രവും മനോഹരമായ കാഴ്ചയാണ്. ഇവ നവീകരിച്ചാവും പുതിയ പദ്ധതി.
ടെണ്ടറിലൂടെ ഏജന്‍സികളെ തെരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. അഡ്വഞ്ചര്‍ ടൂറിസം സംരംഭകരുടെ യോഗം തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ 22 ന് നടക്കും. പദ്ധതിയെ കുറിച്ചുള്ള വിവരങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും. പദ്ധതിയുടെ ടെണ്ടര്‍ പ്രക്രിയയുടെ ഭാഗമായാണ് പ്രീബിഡ് യോഗം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]