
ലണ്ടൻ: എഫ് എ കപ്പ് ഫുട്ബോളിൽ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. മാഞ്ചസ്റ്റർ സിറ്റി സെമിഫൈനലിൽ ചെൽസിയെ നേരിടും. വെംബ്ലി സ്റ്റേഡിയത്തിൽ രാത്രി ഒൻപതേ മുക്കാലിനാണ് കളി തുടങ്ങുക. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനോട് തോറ്റ് പുറത്തായ മുറിവുമായാണ് മാഞ്ചസ്റ്റർ സിറ്റി ഇറങ്ങുന്നത്.
പ്രീമിയർ ലീഗ് ചാമ്പ്യൻമാരോട് നിരന്തരം ഏറ്റുവാങ്ങുന്ന തോൽവിക്ക് പകരം വീട്ടാനാണ് ചെൽസി ഇറങ്ങുന്നത്. വെംബ്ലിയിൽ ഫൈനൽ ലക്ഷ്യമിട്ട് നീലക്കുപ്പായക്കാർ മുഖാമുഖം. ചെൽസിക്കെതിരെ അവസാനം കളിച്ച എട്ട് കളിയിൽ സിറ്റി തോൽവി അറിഞ്ഞിട്ടില്ല. ആറ് ജയവും രണ്ട് സമനിലയും സ്വന്തമാക്കി.
ഏര്‍ലിങ് ഹാളണ്ട്, അൽവാരസ്, ഡോകു, എന്നിവർക്കൊപ്പം ഡിബ്രൂയ്ൻ, ഫോഡൻ,റോഡ്രി എന്നിവരെ സിറ്റി അണിനിരത്തുമ്പോൾ ജാക്സൺ, സ്റ്റെർലിംഗ്, പാമർ, ഗാലഗർ, കെയ്സേഡോ, ഫെർണാണ്ടസ് എന്നിവരിലൂടെയായിരിക്കും ചെൽസിയുടെ മറുപടി. മിഡ് ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസും റഹീം സ്റ്റെര്‍ലിങും മടങ്ങിയെത്തുന്നതും ചെല്‍സിയുടെ കരുത്തു കൂട്ടും. അതേസമയം ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ റയലിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പിന്‍വലിച്ച ഹാളണ്ട് ഇന്ന് കളിക്കാനിറങ്ങുമോ എന്നകാര്യത്തില്‍ സിറ്റിക്ക് ആശങ്കയുണ്ട്. റയലിനെതിരായ മത്സരത്തിനിടെ കെവിന് ഡിബ്രൂയിനെയും പിന്‍വലിച്ചെങ്കിലും താരം ഇന്ന് കളിക്കുമെന്നുറപ്പാണ്.
പാമറുടെ സ്ഥിരതയാർന്ന സ്കോറിംഗ് മികവ് സിറ്റിക്ക് വെല്ലുവിളിയാവുമെന്നുറപ്പ്. ഹാളണ്ട് കളിക്കാനിറങ്ങുകയും ഗോൾ വരൾച്ച അവസാനിപ്പിക്കുകയും ചെയ്താല്‍ സിറ്റി അനായാസം ഫൈനലിലെത്തും. എട്ടുവർഷത്തിനിടെ സിറ്റി ഏഴാം സെമിക്ക് ഇറങ്ങുമ്പോൾ ചെൽസിക്കിത് ഇരുപത്തിയേഴാം സെമിപോരാട്ടമാണ്. രണ്ടാം സെമിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നാളെ കവൻട്രി സിറ്റിയെ നേരിടും. പരിക്കിന്റെ പിടിയിലുള്ള യുണൈറ്റഡിനും നാളത്തെ മത്സരം വെല്ലുവിളിയാണ്. റാഫേല്‍ വരാനെ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, ഹാരി മഗ്വയര്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലാണ്.
Last Updated Apr 20, 2024, 3:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]