
ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയപ്പോള്‍ ടീമിന്റെ ടോപ് സ്കോററും കളിയിലെ താരവുമായത് നായകന് കെ എല്‍ രാഹുലായിരുന്നു. പതിവില്‍ നിന്ന് വ്യത്യസ്തമായി തുടക്കം മുതല്‍ തകര്‍ത്തടിച്ച രാഹുല്‍ 32 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനൊപ്പം ഓപ്പണിംഗ് വിക്കറ്റില്‍ 134 റണ്‍സ് കൂട്ടിച്ചേര്‍ത്ത രാഹുലാണ് ലഖ്നൗവിന്റെ വിജയം അനാസായമാക്കിയത്. ഇന്നലെ 53 പന്തില്‍ 82 റണ്‍സെടുത്ത് വിജയത്തിനരികെ പുറത്തായ രാഹുല്‍ റണ്‍വേട്ടയില്‍ നാലാമത് എത്തുകയും ചെയ്തു.
ഇതൊക്കെയാണെങ്കിലും രാഹുല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെത്തുന്ന കാര്യം സംശയത്തിലാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ. ആദ്യ 16 പന്തില്‍ 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റില്‍ 33 റണ്‍സടിച്ച രാഹുല്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 154.72 സ്ട്രൈക്ക് റേറ്റിലേക്ക് താണു. 32 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച രാഹുലിന് പിന്നീട് 21 പന്തില്‍ 32 റണ്‍സെ നേടാനായുള്ളു. അതുകൊണ്ട് തന്നെ രാഹുല്‍ ലോകകപ്പ് ടീമിലെത്തുന്ന കാര്യം ഇപ്പോഴും 50-50 ആണെന്ന് ഉത്തപ്പ ജിയോ സിനിമയിലെ ചര്‍ച്ചയില്‍ വ്യക്തമാക്കി.
ഈ സീസണില്‍ കഴിഞ്ഞ മൂന്നോ നാലോ മത്സരങ്ങളില്‍ രാഹുല്‍ തകര്‍ത്തടിക്കുന്നുണ്ട്. പക്ഷെ ചില സമയം രാഹുല്‍ സ്വയം ഷെല്ലിനകത്തേക്ക് പോകും. ഇത്രയും വൈവിധ്യമാര്‍ന്ന ഷോട്ടുകള്‍ കൈവശമുള്ള രാഹുല്‍ എന്തിനാണ് പതുങ്ങുന്നതെന്ന് അറിയില്ല. രാഹുലിന്റെ കായികക്ഷമതയും ലോകകപ്പ് ടീമിലെത്തുന്നതില്‍ നിര്‍ണായകമാകും. തകര്‍ത്തടിക്കുമ്പോള്‍ രാഹുലിന്റെ ബാറ്റിംഗ് കാണുന്നത് തന്നെ അസ്വാദ്യകരമാണ്. പന്തിന്റെ മെറിറ്റിന് അനുസരിച്ച് കളിക്കുന്ന രാഹുല്‍ ക്ലാസ് കളിക്കാരനാണ്.
ബാറ്റിംഗ് അത്രമാത്രം അനായാസമാണെന്ന് തോന്നും. അപ്പര്‍ കട്ടും ബാക്ക് ഫൂട്ട് പഞ്ചുമെല്ലാം കാണുമ്പോള്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് തോന്നും. ഇത്രയും കഴിവുള്ള രാഹുല്‍ പക്ഷെ പെട്ടെന്ന് ഉള്‍വലിയും. ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് ചെയ്യണമെന്ന് കരുതി മെല്ലെപ്പോക്കിലാകും. അതിന്റെ ആവശ്യമില്ല. തന്റെ കഴിവിനൊത്ത പ്രകടനം പുറത്തെടുത്താല്‍ മാത്രം മതിയെന്നും ഉത്തപ്പ പറഞ്ഞു. 2022 ഡിസംബറിനുശേഷം രാഹുല്‍ ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ കളിച്ചിട്ടില്ല. ലോകകപ്പിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായാണ് രാഹുലിനെ സെലക്ടര്‍മാര്‍ പരിഗണിക്കുന്നത്.
Last Updated Apr 20, 2024, 4:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]