
ബെംഗളൂരൂ: കർണാടകയിലെ ബിജെപി – ജെഡിഎസ് സഖ്യം രണ്ട് പാർട്ടികളെയും പരസ്പരം സഹായിക്കുന്നതാണെന്ന് ബിജെപി സംസ്ഥാനാധ്യക്ഷനും എംഎൽഎയുമായ വിജയേന്ദ്ര ഏഷ്യാനെറ്റ് ന്യൂസിനോട്. സീറ്റ് കുറയുമോ എന്ന തരത്തിലുള്ള ആശങ്ക ബിജെപിക്ക് ഇല്ല. വലിയ പ്രതീക്ഷ നൽകി അധികാരത്തിൽ വന്നിട്ടും ഒന്നും ചെയ്യാത്ത കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ ജനവികാരമുണ്ടെന്നും വിജയേന്ദ്ര പറയുന്നു.
ചോദ്യം: സംസ്ഥാനാധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പ്രധാന ദൗത്യം. വെല്ലുവിളി. എന്തായിരുന്നു ചുമതലയേറ്റ ശേഷം പാർട്ടിയുടെ സംഘടനാ തലത്തിൽ താങ്കൾ സ്വീകരിച്ച സ്ട്രാറ്റജി?
ഉത്തരം: നരേന്ദ്രമോദിയുടെ ജനപ്രിയത വോട്ടാക്കി മാറ്റുക എന്ന ദൗത്യമേ എനിക്കുള്ളൂ. എല്ലാ പാർട്ടി പ്രവർത്തകരും ഇന്ന് ഒറ്റക്കെട്ടാണ്. ബിജെപിയും ജെഡിഎസ്സും കഠിനാധ്വാനം ചെയ്യുന്നു. എല്ലാം നന്നായി പോകുന്നു.
ചോദ്യം: ലോക്സഭയിലും നിയമസഭയിലും വ്യത്യസ്തജനവിധി വരുന്നതാണ് കർണാടകയുടെ ചരിത്രം. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തെറ്റിയതെവിടെയാണ്?
ഉത്തരം: തെറ്റ് സംഭവിച്ചെങ്കിലും അത് പഴയ കാര്യമാണ്. ഞങ്ങൾ ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി നിയമസഭയിൽ തുടരുന്നു. ഇന്ന് സ്ഥിതി വ്യത്യസ്തമാണ്. കോൺഗ്രസ് സർക്കാർ വലിയ പ്രതീക്ഷയോടെ അധികാരത്തിൽ വന്നെങ്കിലും ഒന്നും ചെയ്യുന്നില്ല. വികസനം നടക്കുന്നില്ല. ക്രമസമാധാനപ്രശ്നങ്ങൾ ധാരാളമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ വലുതാണ്. അതിനെതിരായ ജനവിധി ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടാകും.
ചോദ്യം: ജെഡിഎസ് സഖ്യത്തിന്റെ ഭാവിയെന്താകും? താഴേത്തട്ടിൽ ബിജെപി – ജെഡിഎസ് പ്രവർത്തകർ ഒന്നിച്ച് പോകുന്നുണ്ടോ?
ഉത്തരം: ഭാവിയെക്കുറിച്ച് പറയാൻ ഞാനാളല്ല. പക്ഷേ ജെഡിഎസ് ഞങ്ങളുടെ സ്വാഭാവിക സഖ്യകക്ഷിയാണ് എന്ന പ്രതീതിയുണ്ട്. പ്രവർത്തകർ തമ്മിലൊരു പ്രശ്നവുമില്ല. ഇത് ബിജെപിക്കും ജെഡിഎസ്സിനും പരസ്പരം സഹായകമാകും.
ചോദ്യം: മികച്ച ജനവിധിയായിരുന്നു കഴിഞ്ഞ തവണ. 26-ൽ നിന്ന് ഒരു സീറ്റ് കുറഞ്ഞാൽ അത് പാർട്ടിക്ക് തിരിച്ചടിയല്ലേ?
ഉത്തരം: സീറ്റ് കൂടുതൽ കുറവ് എന്ന തരത്തിലുള്ള ടാർഗറ്റല്ല. 28-ൽ 28 സീറ്റും നേടുക എന്ന ലക്ഷ്യത്തിനായാണ് മുന്നോട്ട് പോകുന്നത്. നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയാകാൻ പരമാവധി സീറ്റ് കർണാടകയിൽ നിന്ന് നേടുക എന്നതാണ് എൻഡിഎ സഖ്യത്തിന്റെ ലക്ഷ്യം.
Last Updated Apr 20, 2024, 9:51 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]