
ബ്ലെസിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത സിനിമയാണ് ആടുജീവിതം. മലയാളികൾ ഒന്നടങ്കം വായിച്ച് മനഃപാഠമാക്കിയ ബെന്യാമിന്റെ ആടുജീവിതം നോവൽ അതേ പേരിൽ സിനിമ ആകുമ്പോൾ അതെങ്ങനെ ഉണ്ടാകുമെന്ന് അറിയാനുള്ള കാത്തിരിപ്പിൽ ആയിരുന്നു സിനിമാസ്വാദകർ. ഒപ്പം പൃഥ്വിരാജിന്റെ നജീബ് ആയുള്ള പകർന്നാട്ടവും. ഒടുവിൽ സിനിമ തിയറ്ററിൽ എത്തിയപ്പോൾ പതിനാറ് വർഷം ബ്ലെസി കാത്തിരുന്നത് വെറുതെ ആയില്ലെന്ന് ഉറപ്പാകുകയും ചെയ്തു.
2024 മാർച്ച് 28ന് ആയിരുന്നു ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ആടുജീവിതം റിലീസ് ചെയ്തത്. ഫസ്റ്റ് ഷോ മുതൽ മികച്ച പ്രശംസയ്ക്ക് ഒപ്പം മൗത്ത് പബ്ലിസിറ്റിയും നേടാൻ ചിത്രത്തിനായി. പിന്നീട് കണ്ടത് ആടുജീവിതത്തിന്റെ തേരോട്ടം ആയിരുന്നു. തിയറ്ററിൽ മാത്രമല്ല, ബോക്സ് ഓഫീസിലും. വെറും നാല് ദിവസത്തിൽ 100കോടി ക്ലബ്ബ് എന്ന നേട്ടവും പൃഥ്വിരാജ് ചിത്രം സ്വന്തമാക്കി. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്ത് ഇരുപത്തി രണ്ട് ദിവസങ്ങൾ പിന്നിടുമ്പോൾ ഇതുവരെ കേരളത്തിൽ നിന്നും നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്.
സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം ആടുജീവിതം ഇതുവരെ 70.65 കോടിയാണ് കേരളത്തിൽ നിന്നും നേടിയിരിക്കുന്നത്. ഇരുപത് ദിവസത്തിലെ കേരള കളക്ഷൻ 68.40 കോടിയാണ്. 1.20, 1.05 കോടി എന്നിങ്ങനെയാണ് മറ്റ് രണ്ട് ദിവസങ്ങളിലെ കേരള കളക്ഷൻ റിപ്പോർട്ട്. ആഗോളതലത്തിൽ പുലിമുരുകന്റെ ഫൈനൽ കളക്ഷൻ പിന്നിട്ട് 150 കോടിയിലേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പിലാണ് ആടുജീവിതം എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.
അതേസമയം, ഗുരുവായൂരമ്പലനടയില്‍ എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
Last Updated Apr 19, 2024, 7:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]