
ഓഹരി വ്യാപാരത്തിൽ വിപ്ലവം സൃഷ്ടിച്ച സ്റ്റാർട്ടപ്പ് ആയിരുന്നു സെറോദ. ബ്രോക്കറേജ് ഈടാക്കാതെ ഓഹരികൾ വാങ്ങുന്നതിനും വിൽക്കുന്നതിനും അവസരമൊരുക്കിയത് നിതിൻ കാമത്ത് സ്ഥാപിച്ച സെറോദയാണ്. ഇപ്പോഴിതാ പുതിയൊരു സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയിരിക്കുകയാണ് നിതിൻ . മുള ഉൽപന്നങ്ങൾ നിർമ്മിക്കുന്ന കൊൽക്കത്ത ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ആംവുഡോയിലാണ് അദ്ദേഹം നിക്ഷേപം നടത്തിയിരിക്കുന്നത്. ഏകദേശം 8.3 കോടി രൂപയുടെ ഫണ്ടിംഗാണ് ആംവുഡോ സമാഹരിച്ചിരിക്കുന്നത്. നിതിൻ കാമത്തിന്റെ കമ്പനിയുടെ പിന്തുണയുള്ള വെഞ്ച്വർ ഫണ്ടായ റെയിൻമാറ്റർ ആണ് ഈ തുക നൽകിയിരിക്കുന്നത്.
അവിജിത് രാജ്ക്, അഗ്നി മിത്ര, സൗരവ് ഡേ എന്നിവർ ചേർന്ന് 2019ലാണ് ഈ സ്റ്റാർട്ടപ്പ് ആരംഭിച്ചത്. മുള കൊണ്ടുള്ള ചീപ്പുകൾ, ടൂത്ത് ബ്രഷുകൾ, റേസറുകൾ, സ്ലിപ്പറുകൾ, കമ്പോസ്റ്റബിൾ സാനിറ്ററി ബാഗുകൾ, ടവലുകൾ തുടങ്ങിയവയാണ് ആംവുഡോയുടെ ഉൽപ്പന്നങ്ങൾ . കൊൽക്കത്ത ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയോട് വളരെ അടുത്തായതിനാൽ ആവശ്യത്തിന് മുളകൾ ലഭ്യമാണെന്നും ഇത് കമ്പനിക്ക് ഏറെ ഗുണം ചെയ്യുന്ന കാര്യമാണെന്നും സ്ഥാപകൻ അഗ്നി മിത്ര പറയുന്നു.
ഇന്ത്യയിൽ വിൽക്കുന്ന മുള ഉൽപന്നങ്ങളിൽ ഭൂരിഭാഗവും ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കാനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനുമാണ് ഈ സ്റ്റാർട്ടപ്പ് ആരംഭിച്ചത്. നിലവിൽ താജ് ഹോട്ടൽസ്, ദി ലീല തുടങ്ങിയ ഹോട്ടൽ ശൃംഖലകളും ഹിമാലയ, നാറ്റ് ഹാബിറ്റ്, കിമിറിക്ക തുടങ്ങിയ ബ്രാൻഡുകളാണ് ആംവുഡോയുടെ ഉപഭോക്താക്കൾ. . ഈ സ്റ്റാർട്ടപ്പ് 400 ഓളം കർഷകരിൽ നിന്ന് മുള വാങ്ങുകയും ഏകദേശം 380 കരകൗശല വിദഗ്ധരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു. നിലവിൽ കമ്പനിയുടെ വിറ്റുവരവ് 21.72 കോടി രൂപയാണ്.
Last Updated Apr 19, 2024, 5:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]