
തിരുവനന്തപുരം: ജെസ്ന തിരോധാന കേസിൽ സിബിഐ എത്തിപ്പെടാത്ത കാര്യങ്ങൾ കണ്ടെത്തിയെന്ന് ജെസ്നയുടെ അച്ഛൻ ജെയിംസ്. ജെസ്നയുടെ സഹപാഠിയായ സുഹൃത്ത് തെറ്റുകാരനല്ല, മറ്റൊരു സുഹൃത്താണ് ഇതിന് പിന്നിൽ. ആ സുഹൃത്തിനെ കുറിച്ച് കോടതിയിൽ പറയുമെന്നും ജെയിംസ് വ്യക്തമാക്കി. ഉന്നയിച്ച കാര്യങ്ങളിലെ വസ്തുത തെളിയിക്കുന്ന തെളിവ് കയ്യിലുണ്ട്. ഇത് കോടതിയിൽ കൈമാറും. ഒരു വ്യാഴാഴ്ചയാണ് ജെസ്നയെ കാണാതാകുന്നത്. അതുപോലെ മൂന്നാല് വ്യാഴാഴ്ചകളിൽ കോളേജിൽ ചെല്ലാത്ത ദിവസങ്ങളുണ്ടെന്നും ജെയിംസ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
അതേ സമയം, ജെസ്ന തിരോധാന കേസില് വിശദീകരണവുമായി സിബിഐ കോടതിയിൽ എത്തി. രക്തം പുരണ്ട വസ്ത്രം കേരള പൊലീസിന് ലഭിച്ചിട്ടില്ലെന്നും ജെസ്ന ഗർഭിണി അല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ ഇൻസ്പെക്ടർ നിപുൽ ശങ്കർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. ജെസ്നയുടെ രക്തക്കറ അടങ്ങിയ വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയിരുന്നു എന്ന പിതാവിന്റെ മൊഴിയിൽ വ്യക്തത വരുത്താനായി കോടതിയാണ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയത്.
ജെസ്നയുടെ തിരോധാനം
അഞ്ച് വർഷം മുമ്പ് ഒരു മാർച്ച് 23 മുതൽ കേരളം ചർച്ച ചെയ്യുന്ന പേരാണ് ജസ്ന മരിയെ ജെയിംസ്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വർഷം വിദ്യാർത്ഥിയായിരിക്കുകയാണ് കൊല്ലമുള സന്തോഷ് കവലയിൽ കുന്നത്ത് വീട്ടിൽ ജസ്നയെ പെട്ടെന്നൊരു ദിവസം കാണാതാവുന്നത്. തുടക്കം മുതൽ ഒരു തുമ്പും തെളിവും കിട്ടാതെ അന്വേഷിച്ച് സംഘത്തെ വലച്ച അപൂർവമായ തിരോധാന കേസ്. മുണ്ടക്കയം പുഞ്ചവയലിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നു എന്ന് പറഞ്ഞാണ് ജസ്ന 2018 മാർച്ച് 22ന് വീട്ടിൽ നിന്നിറങ്ങിയത്.
എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്ന് സാക്ഷി മൊഴിയുണ്ട്. പിന്നീട് ആരും കണ്ടിട്ടില്ല. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജസ്ന ഫോൺ ഫോൺ എടുത്തിരുന്നില്ല. ഇത് മനപ്പൂർവമാണോ? മറന്നതാണോ? ചോദ്യങ്ങള് ഒരുപാട് ബാക്കിയാണ്. വീട്ടിലുണ്ടായിരുന്ന ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കിട്ടിയില്ല. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് ലക്ഷത്തോളം ഫോൺ നമ്പറുകളാണ് ശേഖരിച്ചത്. 4,000 നമ്പറുകൾ സൂക്ഷ്മ പരിശോധന നടത്തി.
പെൺകുട്ടിയെ കാണാതായ ദിവസം 16 തവണ വിളിച്ച ആൺ സുഹൃത്തിനെ പലതവണ ചോദ്യം ചെയ്തിട്ടും ഫലമുണ്ടായില്ല. കേരളത്തിന് പുറത്ത് കുടകിലും ബെംഗളൂരുവിലും ചെന്നെയിലും ഒക്കെ അന്വേഷണസംഘം നേരിട്ട് ചെന്ന് അന്വേഷിച്ചു. ഇതിനിടെ പലതവണ പലയിടങ്ങളിലും ജസ്നയെ കണ്ടു എന്ന് സന്ദേശങ്ങൾ വന്നു. അന്വേഷണത്തിൽ കാര്യമൊന്നുമുണ്ടായില്ല. തുടക്കത്തിൽ കുറേനാൾ അന്വേഷണം ജസ്നയുടെ വീട് തന്നെ കേന്ദ്രീകരിച്ചായിരുന്നു. പിതാവ് ജെയിംസ് അടക്കം അടുത്ത ബന്ധുക്കളെ പലതവണ ചോദ്യം ചെയ്തു. സമീപകാലത്തൊന്നും ഒരു തിരോധാനക്കേസിൽ പോകാത്ത അന്വേഷണ വഴികളിലൂടെയെല്ലാം വിവിധ അന്വേഷണ ഏജൻസികൾ നടന്നു.
വിവിധ പരീക്ഷണങ്ങൾ, വനപ്രദേശങ്ങളിൽ അടക്കം പരിശോധനകൾ, അതിനിടെ ജസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കേരള പൊലീസ് പറഞ്ഞെങ്കിലും തെളിവുകൾ നിരത്താനോ പെൺകുട്ടിയെ കണ്ടെത്താനോ നാളിതുവരെയും കഴിഞ്ഞിട്ടില്ല. തിരോധാനത്തിന് പിന്നിലെ അന്തർസംസ്ഥാന, രാജ്യാന്തര ബന്ധമടക്കം പരിശോധിച്ച ശേഷം സിബിഐയും മുട്ടുമടക്കി. പക്ഷേ ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിയാണ്, മരിച്ചു എങ്കിൽ മൃതദേഹം എവിടെ? ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്തുകൊണ്ട് കണ്ടെത്താൻ കഴിയുന്നില്ല?
Last Updated Apr 19, 2024, 2:35 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]