
പീഡിപ്പിച്ചു കൊന്നു; കഷണങ്ങളാക്കി പുഴയിൽ തള്ളി: വാദിയെ പ്രതിയാക്കിയ ഷാബാ ഷെരീഫ് കൊലക്കേസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മലപ്പുറം ∙ മൃതദേഹം മരക്കട്ടയിൽ വച്ച് ചെറുകഷണങ്ങളാക്കി അരിഞ്ഞു. പിന്നെ കവറിലാക്കി ചാലിയാറിൽ ഉപേക്ഷിച്ചു. ഒരു തെളിവു പോലും ഇല്ലാതിരുന്നിട്ടും, ഒരു മോഷണക്കേസിന്റെ തുമ്പിൽ കുരുങ്ങി ആ കൊടും കൊലപാതകത്തിന്റെ കഥ പൊലീസിനു മുന്നിലെത്തി. കൊല്ലപ്പെട്ടയാളുടെ മുടിനാരുകളിൽനിന്ന് അന്വേഷണസംഘം കുറ്റകൃത്യത്തിലേക്കും അതു ചെയ്തവരിലേക്കുമെത്തി.
ഒരു മോഷണക്കേസിലെ അന്വേഷണമാണ് പാരമ്പര്യ വൈദ്യൻ നിർണായകമായത്. മൃതദേഹം കിട്ടാതെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണം. വിചാരണയ്ക്കൊടുവിൽ, മൂന്നു പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസെന്നാണ് വിധി വന്നതിനു പിന്നാലെ മലപ്പുറം മുൻ എസ്പി സുജിത് ദാസ് പറഞ്ഞത്. എന്നാൽ അപൂർവം മാത്രമല്ല, ദുരൂഹതകളും നാടകീയതയും നിറഞ്ഞതായിരുന്നു ഷാബാ ഷെരീഫിന്റെ കൊലപാതക കേസ്. ഒന്നാം പ്രതി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ് (37), രണ്ടാം പ്രതിയും ഷൈബിന്റെ മാനേജരുമായ വയനാട് സുൽത്താൻ ബത്തേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (39), ആറാം പ്രതി നിലമ്പൂർ മുക്കട്ട നടുതൊടിക നിഷാദ് (32) എന്നിവരെയാണ് കുറ്റക്കാരാണെന്നു കണ്ടെത്തിയത്.
ബന്ദിയാക്കി 7 ലക്ഷം കവർന്നു, കേസ് അന്വേഷണത്തിൽ വാദി കൊലക്കേസ് പ്രതി
ഏപ്രിൽ 24 രാത്രി. പ്രവാസി വ്യവസായിയായ നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിനെ വീട്ടിൽ കയറി ആക്രമിച്ച് ബന്ദിയാക്കി 7 ലക്ഷം രൂപ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ എന്നിവ കവർച്ച ചെയ്യുന്നു. പിന്നാലെ ഷൈബിൻ പൊലീസിൽ പരാതി നൽകുന്നു. ഷൈബിന്റെ സഹായിയായ ബത്തേരി തങ്ങളകത്ത് അഷ്റഫിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നു. ഈ അറസ്റ്റാണ് അതിനിഷ്ഠൂരമായ ഒരു കൊലപാതകത്തിന്റ ചുരുളഴിച്ചത്.
-
Also Read
അഷ്റഫിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ 5 പേർ ഏപ്രിൽ 29 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിൽ ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. ഷൈബിൻ നടത്തിയ കുറ്റകൃത്യങ്ങളെപ്പറ്റി അറിയാമെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ ജീവൻ അപകടത്തിലാണെന്നും അവർ പറഞ്ഞു. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫ് എന്ന നാട്ടുവൈദ്യനെ തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയെന്നു വെളിപ്പെടുത്തിയ അവർ, അതിന്റെ ദൃശ്യങ്ങളുള്ള പെൻഡ്രൈവ് പൊലീസിനു കൈമാറി. മൈസൂരുവിലെത്തിയ പൊലീസിന്റെ അന്വേഷണത്തിൽ. 2019 ഓഗസ്റ്റ് മുതൽ ഷാബായെ കാണാനില്ലെന്നു മനസ്സിലായി. അയാളുടെ കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു.
കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, മരക്കട്ടയിൽ കിടത്തി അരിഞ്ഞു
മൂലക്കുരുവിന്റെ ചിക്ത്സയ്ക്കുള്ള ഒറ്റമൂലി രഹസ്യം മനസ്സിലാക്കാൻ വേണ്ടിയാണ് 2019 ഓഗസ്റ്റിൽ ഷാബാ ഷെരീഫിനെ പ്രതികൾ തട്ടിക്കൊണ്ടു വന്നത്. മൈസൂരുവിലെ ലോഡ്ജിൽനിന്ന് രോഗിയെ ചികിത്സിക്കാനെന്ന പേരിലാണ് ഷാബാ ഷെരീഫിനെ ഇവർ നിലമ്പൂരിൽ എത്തിച്ചത്. ഷൈബിന്റ വീടിന്റെ ഒന്നാം നിലയിൽ പ്രത്യേക മുറിയിൽ ചങ്ങലയിൽ ബന്ധിച്ച് ഇയാളെ പാർപ്പിച്ചു. മരുന്നിന്റെ രഹസ്യം മനസ്സിലാക്കി വിറ്റ് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. എന്നിട്ടും ഷാബാ ഷെരീഫ് രഹസ്യം വെളിപ്പെടുത്തിയില്ല. ഒടുവിൽ മർദിച്ചും കാലിൽ ഉരുട്ടിയും കൊലപ്പെടുത്തി.
മൃതദേഹം മുറിക്കാൻ മുക്കട്ടയിലെ ഈർച്ചമില്ലിലെത്തി നൗഷാദ് പുളിമരത്തിന്റെ തടി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് ഉസ്മാൻ എന്നയാൾ മരക്കച്ചവടക്കാരൻ പറമ്പൻ ഉമ്മറിനെ പരിചയപ്പെടുത്തി. മുക്കട്ടയിൽ സ്വകാര്യഭൂമിയിൽ മുറിച്ചിട്ട പുളിമരക്കഷണങ്ങൾ നൗഷാദിന് ഉമ്മർ കാണിച്ചുകൊടുത്തു. അവയിൽ വണ്ണം കൂടിയ കഷണം ഒന്നരയടി ഉയരത്തിൽ മുറിച്ചു വാങ്ങി. മീൻ നുറുക്കാൻ വേണ്ടിയാണെന്ന് പറഞ്ഞാണ് മരത്തടി വാങ്ങിയത്. മുറിച്ച മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി കാറിൽ കയറ്റി പുലർച്ചെ ചാലിയാറിൽ എറിഞ്ഞു.
ഷൈബിന്റെ മാനേജരായ ബത്തേരി കൈപ്പഞ്ചേരി പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), ഷൈബിന്റെ വീട്ടിലെ കവർച്ചക്കേസിൽ അറസ്റ്റിലായ തങ്ങളകത്ത് നൗഷാദ് (41), നിലമ്പൂർ മുക്കട്ട നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം കഷണങ്ങളാക്കിയത്. ഷൈബിൻ, ഡ്രൈവർ നിഷാദ് എന്നിവർ ചേർന്നാണ് പുഴയിലെറിഞ്ഞത്. പിന്നിൽ 2 കാറുകളിൽ ഷിഹാബുദ്ദീൻ, നൗഷാദ് എന്നിവർ അകമ്പടി പോയി. പുലർച്ചെ തിരികെ വീട്ടിലെത്തിയ പ്രതികൾ തെളിവുകൾ നശിപ്പിച്ചു.
മണ്ണിൽ രക്തക്കറ, കാറിൽ മുടി
ഷാബാ ഷരീഫിനെ തടവിൽ പാർപ്പിച്ച വീട്ടിൽനിന്ന് അയാളുടേതെന്നു കരുതുന്ന രക്തക്കറ പൊലീസ് കണ്ടെത്തിയിരുന്നു. വീടിന്റെ ഒന്നാം നിലയിൽ ഷാബയെ 13 മാസമാണ് തടങ്കലിൽ പാർപ്പിച്ചത്. കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കിയ ശേഷം ഇവർ മുറി കഴുകി വൃത്തിയാക്കിയിരുന്നു. തെളിവ് ഇല്ലാതാക്കാൻ പിന്നീട് ടൈൽ ഉൾപ്പെടെ പൊളിച്ചുനീക്കി. പൈപ്പുകളും മാറ്റി സ്ഥാപിച്ചെങ്കിലും പുറത്തേക്കു മലിനജലം ഒഴുക്കിയിരുന്ന പൈപ്പ് അവശേഷിച്ചു. ഇതു പൊലീസ് സംഘം മുറിച്ചെടുത്തു. മലിനജലം വീഴുന്ന കുഴിയിലെ മണ്ണിലും പൈപ്പിലും രക്തക്കറ കണ്ടെത്തി.
കാറിൽനിന്നു കിട്ടിയ മുടിയുടെ മൈറ്റോകോൺഡ്രിയ പരിശോധിച്ചാണ് പൊലീസ് കേസിൽ തുമ്പുണ്ടാക്കിയത്. അഞ്ചേകാൽ ലക്ഷം രൂപ ഈ പരിശോധനകൾക്കായി പൊലീസിനു ചെലവിടേണ്ടിവന്നു. മുറിച്ച രൂപത്തിലുള്ള 42 മുടി കഷണങ്ങൾ ലഭിച്ചിരുന്നു. റൂട്ട് ഇല്ലാത്തതുകൊണ്ട് ഡിഎൻഎ പരിശോധന നടത്തിയത്. കാറിൽനിന്ന് 30 മുടികഷണങ്ങൾ ശുചിമുറിയിൽനിന്ന് പുറത്തേക്കുപോയ പൈപ്പിൽനിന്നാണ് ബാക്കി കഷണങ്ങൾ കണ്ടെത്തിയത്. പിന്നാലെ പ്രതികളെ പൊലീസ് കൊലപാതക കേസിൽ അറസ്റ്റ് ചെയ്തു.
ആഡംബര വസതി, ഇന്ധന നിർമാണം; ഇന്ധന ബിസിനസ്
ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലിൽനിന്നാണ് കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ 350 കോടി രൂപയുടെ ആസ്തിയുള്ളയാളായി ഷൈബിൻ അഷ്റഫ് വളർന്നത്. കുറച്ചുകാലം ബത്തേരിയിൽ ലോറിയിലെ ക്ലീനറായിരുന്ന ഷൈബിൻ ഇടയ്ക്ക് ഓട്ടോറിക്ഷയും ഓടിച്ചിരുന്നു. അതിനിടെ, മാതാവ് ജോലി തേടി ഗൾഫിലേക്കു പോയി. ആ ബന്ധങ്ങൾ ഉപയോഗിച്ചാണു ഷൈബിനും ഗൾഫിലെത്തിയത്. പിന്നീട് വളരെ വേഗം സാമ്പത്തികമായി ഉയർന്നു. മൈതാനിക്കുന്നിലെ കുടിലിൽനിന്ന് ബത്തേരി നഗരത്തിലെ മാനിക്കുനിയിലെയും മന്തൊണ്ടിക്കുന്നിലെയും വലിയ വാടകവീടുകളിലേക്കു കുടുംബം താമസം മാറി. 7 വർഷം മുൻപ് ബത്തേരി പുത്തൻകുന്നിൽ ഊട്ടി റോഡരികിൽ ആഡംബരവസതിയുടെ നിർമാണം ആരംഭിച്ചു. ചോദിച്ചവരോടെല്ലാം അബുദാബിയിൽ അറബിക്കൊപ്പം ഡീസൽ കച്ചവടമെന്നാണു പറഞ്ഞത്. കാര്യമായ സമ്പാദ്യമില്ലാതിരുന്ന ഷൈബിന് ഇന്ധന ബിസിനസിലേക്കിറങ്ങാൻ പണം എങ്ങനെ കിട്ടി എന്നത് ഇനിയും ചുരുളഴിയേണ്ട രഹസ്യം. ഹൂതി വിമതർക്ക് ഇന്ധനം എത്തിക്കലായിരുന്നു ഇടപാട് എന്നു പറയപ്പെടുന്നു.
നാട്ടിലെ കുറെ ചെറുപ്പക്കാരെ ഒപ്പംകൂട്ടിയ ഇയാൾ ഇവരിൽ പലരെയും വിദേശത്തു കൊണ്ടുപോയി. വിശ്വസ്തർക്ക് കാറും ബൈക്കും സമ്മാനിച്ചു. ചിലർക്ക് വയനാട്ടിൽ മീൻകടകൾ തുറന്നു നൽകി. ബത്തേരി പൊലീസിന്റെ ഗുണ്ടാ പട്ടികയിലുള്ള സീസിങ് ജോസിന്റെ സംഘവുമായുള്ള അടിപിടികളിലൂടെ ഷൈബിൻ ക്വട്ടേഷൻ ബന്ധങ്ങളും തുടങ്ങി. നാട്ടിൽ ഷൈബിന്റെ ഉറ്റവരായി 30 പേരാണുണ്ടായിരുന്നത്. ഇവരെ പല ബിസിനസുകളും ഏൽപിച്ചു. ഇഞ്ചിക്കൃഷിയിലും കുരുമുളക്, മീൻ, തുണി കച്ചവടത്തിലും പണം ഇറക്കി. ബെംഗളൂരുവിൽനിന്നു തുണി വയനാട്ടിൽ എത്തിച്ച് മറ്റു ജില്ലകളിലേക്കു റീട്ടെയ്ലായി നൽകാൻ ബത്തേരിയിൽ ഓഫിസ് തുടങ്ങി. അക്കാലത്തുതന്നെ സംഘാംഗങ്ങളിൽ പലരും ഷൈബിനെതിരെ തിരിഞ്ഞുതുടങ്ങി. എന്നാൽ, ഉപദ്രവം ഭയന്നും കേസിൽപെടുത്തുമെന്ന ഭീഷണിക്കു വഴങ്ങിയും അവരെല്ലാം പിൻവാങ്ങുകയായിരുന്നു.