
കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ട്രംപ്; നിർണായകം 7 ഡെമോക്രാറ്റുകൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഷിങ്ടൻ∙ കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള എക്സിക്യുട്ടിവ് ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുമെന്നു റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പ് പൊളിച്ചുമാറ്റുമെന്നുള്ള തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ഭാഗമായാകും നടപടിയെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിന്റെ ആദ്യ നടപടിയെന്ന രീതിയിൽ കഴിഞ്ഞ ആഴ്ച വിദ്യാഭ്യാസ വകുപ്പിലെ പകുതിയോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ട്രംപിന്റെ ഉത്തരവിനു മുന്നോടിയായി അതിനെ ചോദ്യം ചെയ്ത് ഒരുപറ്റം ഡെമ്രോക്കാറ്റിക് സ്റ്റേറ്റ് അറ്റോർണി ജനറൽമാർ രംഗത്തെത്തി. കേന്ദ്രീകൃത വിദ്യാഭ്യാസ വകുപ്പ് പിരിച്ചു വിടുന്നതിൽനിന്ന് ട്രംപിനെ തടയണമെന്ന് ആവശ്യപ്പെട്ട് ഇവർ കേസ് ഫയൽ ചെയ്തു. വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങൾക്കു കൂടുതൽ പ്രാധാന്യം നൽകി വികേന്ദ്രീകരണം നടത്തുന്നതിന്റെ ഭാഗമാണ് നീക്കമെന്നാണ് ട്രംപിന്റെ വിശദീകരണം.
ട്രംപും അദ്ദേഹത്തിന്റെ ഉപദേശകൻ ഇലോൺ മസ്കും ചേർന്ന് വിവിധ സർക്കാർ പരിപാടികളും യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്മെന്റ് ഉൾപ്പെടെയുള്ള വകുപ്പുകൾ യുഎസ് കോൺഗ്രസിന്റെ അനുമതിയോടെ നിർത്തലാക്കാൻ ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ ഒരു കാബിനറ്റ് തലത്തിലുള്ള ഏജൻസി നിർത്തലാക്കാനുള്ള ട്രംപിന്റെ ആദ്യ തീരുമാനമായിരിക്കും വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്നതിലൂടെ സംഭവിക്കുക.
എന്നാൽ യുഎസ് കോൺഗ്രസിലെ നിയമനിർമാണത്തിലൂടെ മാത്രമേ ട്രംപിന് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടുന്ന നടപടികളുമായി മുന്നോട്ടു പോകാനാകൂ. യുഎസ് സെനറ്റിൽ 53–47 ഭൂരിപക്ഷമാണ് ട്രംപിന്റെ റിപബ്ലിക്കൻ പാർട്ടിക്കുള്ളത്. എന്നാൽ കാബിനറ്റ് തലത്തിലുള്ള ഏജൻസിയെ നിർത്തലാക്കുന്നതു പോലുള്ള പ്രധാന നിയമനിർമാണങ്ങൾക്ക് 60 വോട്ടുകൾ വേണം. അതായത് ട്രംപിന്റെ നീക്കം നടപ്പിലാകണമെങ്കിൽ ഏഴു ഡെമോക്രാറ്റുകളെങ്കിലും പിന്തുണയ്ക്കണം.