
ചെന്നൈ: ഭാര്യ അശ്ലീല വീഡിയോ കാണുന്നതും സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നതും ഭർത്താവിനോടുള്ള ക്രൂരതയല്ലെന്ന് കോടതി. ഭാര്യ ഭർതൃ ബന്ധത്തിൽ തകരാൻ ഇത്തരം പ്രവർത്തികൾ കാരണമായെന്ന് തെളിവുകൾ ഇല്ലാത്ത പക്ഷം ഇത്തരം നടപടികൾ ഭർത്താവിനോടുള്ള ക്രൂരതയായി കണക്കാക്കാൻ ആവില്ലെന്നാണ് മദ്രാസ് ഹൈക്കോടതി വിശദമാക്കിയത്. അശ്ലീല ദൃശ്യം കാണാനായി താൽപര്യമില്ലാത്ത ഭർത്താവിനെയോ ഭാര്യയേയോ നിർബന്ധിക്കുന്നത് ക്രൂരതയാണെന്നും കോടതി വ്യക്തമാക്കി.
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് നിരീക്ഷണം. ജസ്റ്റിസ് ജി ആർ സ്വാമിനാഥനും ജസ്റ്റിസ് ആർ പൂർണിമയുമാണ് സ്വയം ആനന്ദം കണ്ടെത്തുന്നത് സ്ത്രീയ്ക്ക് വിലക്കപ്പെട്ട കാര്യമല്ലെന്ന് വിശദമാക്കിയത്. വിവാഹിതയാണെന്ന കാരണത്താൽ മാത്രം സ്വന്തം ശാരീരിക സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്ന സ്ത്രീയെ തടയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യത എന്നത് ഒരാളുടെ മൌലിക അവകാശമാണ്. പുരുഷൻമാർ സ്വയം സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നത് ആഗോളതലത്തിൽ വകവച്ചുകൊടുക്കപ്പെടുന്ന ഒന്നാണെന്നും ഇത് സ്ത്രീ ചെയ്യുമ്പോൾ മാത്രം കളങ്കമുള്ളതാണെന്ന് വിലയിരുത്തേണ്ട കാര്യമില്ലെന്നും കോടതി വ്യക്തമാക്കി.
അശ്ലീല വീഡിയോ കാണുന്നത് ഹിന്ദു വിവാഹ നിയമത്തിലെ 13(1) ബാധകമാവില്ലെന്നും കോടതി വിശദമാക്കി. വിവാഹ മോചനത്തിന് അനുവാദം നൽകാതിരുന്ന കുടുംബ കോടതിയുടെ തീരുമാനത്തിനെതിരെ ഭർത്താവാണ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യയുടെ ദാമ്പത്യ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന ഹർജിയും കോടതി ഇതിനൊപ്പം പരിഗണിച്ചിരുന്നു. 2018 ജൂലൈ 11ന് വിവാഹിതരായ ദമ്പതികളാണ് കോടതിയെ സമീപിച്ചത്. 2020 ഡിസംബർ 9 മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നായിരുന്നു ദമ്പതികൾ കോടതിയെ അറിയിച്ചത്.
വിവാഹ ബന്ധം തുടരാനാവാത്ത വിധത്തിൽ തകർന്നതായാണ് ഭർത്താവ് വാദിച്ചത്. ഉപകാരമില്ലാത്ത ബന്ധം തുടരുന്നതിൽ കാര്യമില്ലെന്നും ഭർത്താവ് കോടതിയിൽ അറിയിച്ചിരുന്നു. ഭാര്യയ്ക്ക് പകർച്ച വ്യാധിക്ക് സമാനമായ ലൈംഗിക രോഗമുണ്ടെന്നായിരുന്നു ഇയാൾ കോടതിയിൽ ആരോപിച്ചത്. എന്നാൽ ഇതിന് തെളിവ് നൽകാൻ യുവാവിന് സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയുടെ തീരുമാനം. ഭാര്യ പണം ധാരാളമായി ചെലവിടുന്നുവെന്നും വീട്ടുജോലികൾ ചെയ്യുന്നില്ലെന്നും തന്റെ മാതാപിതാക്കളെ ബഹുമാനത്തോടെ പരിപാലിക്കുന്നില്ലെന്നും അധിക സമയം ഫോണിൽ ചെലവിടുന്നുവെന്നതടക്കം നിരവധി ആരോപണങ്ങളാണ് യുവാവ് ഉന്നയിച്ചത്. ഇത്തരം ആരോപണം സാധൂകരിക്കാൻ യുവാവിന് സാധിച്ചില്ല. ഇതോടെയാണ് വിവാഹ മോചന ആവശ്യം തള്ളിയ കുടുംബ കോടതിയുടെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net