
കണ്ണുതുറക്കാതെ സർക്കാർ; സമരം കടുപ്പിച്ച് ആശമാർ, ഇന്ന് മുതൽ നിരാഹാരസമരം
തിരുവനന്തപുരം∙ ആരോഗ്യമന്ത്രിയും എൻഎച്ച്എം ഡയറക്ടറുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെ സമരം കടുപ്പിച്ച് ആശാവർക്കർമാർ. ഇന്നു രാവിലെ 11 മണിക്ക് ആശമാർ നിരാഹാര സമരം തുടങ്ങും.
ആശാവർക്കർമാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്.
അതിനിടെ ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനായി ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയെ ഇന്നു കാണും. വീണാ ജോർജ് ഡൽഹിയിലേക്കു യാത്ര തിരിച്ചു.
ആശാപ്രവർത്തകരുടെ സ്കീം കേന്ദ്രസർക്കാരിന്റെ കീഴിലാണെന്നും നിർണായക തീരുമാനമെടുക്കേണ്ടതു കേന്ദ്രസർക്കാരാണെന്നും വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തിനു പറയാനുള്ളതു കൃത്യമായി അറിയിക്കുമെന്നും ഓണറേറിയം കൂട്ടണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഡൽഹിയിലേക്ക് പോകുന്നതിനിടെ ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സമരത്തിന്റെ 38–ാം ദിവസമായ ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു സംസാരിച്ചിരുന്നു.
ദേശീയ ഹെൽത്ത് മിഷന്റെ (എൻഎച്ച്എം) സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.വിനയ് ഗോയലാണ് ആദ്യം ആശാവർക്കർമാരെ ചർച്ചയ്ക്ക് വിളിച്ചത്. ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ അനുവദിക്കണമെന്നും ആശമാരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം ആശമാർ ഉൾക്കൊള്ളണമെന്നാണ് ഡോ.വിനയ് ഗോയൽ മറുപടി നൽകിയത്.
ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച ധാരണ പോലുമാകാതെ പിരിയുകയായിരുന്നു. പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോർജുമായും ആശമാർ ചർച്ച നടത്തി.
എന്നാൽ, ഓണറേറിയം വർധനയെക്കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ല. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഇപ്പോൾ സമരം അവസാനിപ്പിക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെയാണ് സമരം കടുപ്പിക്കാൻ ആശമാർ തീരുമാനിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]